'ആരാണ് ബിജെപിക്കൊപ്പം നിൽക്കുന്ന ജഡ്ജിമാർ, പേര് വെളിപ്പെടുത്തൂ'; അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൽക്കട്ട ഹൈക്കോടതി

സ്ഥാപനത്തെ ആക്രമിക്കുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങളിലൂടെ കോടതി ഉത്തരവുകളെ ചോദ്യം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് കോടതി നിരിക്ഷിച്ചു.
Calcutta High Court Raps Abhishek Banerjee
Abhishek Banerjee
Edited By:
Updated on: 
1 min read

കൊൽക്കത്ത: ന്യായാധിപന്മാരുടെ രാഷ്ട്രീയ ആഭിമുഖ്യത്തെ പരസ്യമായി ചോദ്യം ചെയ്ത തൃണമൂൽ കോൺഗ്രസ് എം.പി അഭിഷേക് ബാനർജിക്കെതിരെ രൂക്ഷ വിമർശനവുമായി കൽക്കട്ട ഹൈക്കോടതി. ജുഡീഷ്യറിയുടെ അന്തസ്സ് തകർക്കുന്നതാണ് ഇത്തരം പരാമർശങ്ങളെന്ന് നിരീക്ഷിച്ച കോടതി, ജുഡീഷ്യൽ ഓഫീസർമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്ന കോണ്‍ഫിഡൻഷ്യൽ റിപ്പോർട്ട് എഴുതുന്ന വ്യക്തിയെപ്പോലെയാണ് എംപി പെരുമാറുന്നതെന്നും കുറ്റപ്പെടുത്തി. ബിജെപിയുടെയും തൃണമുൽ കോണ്‍ഗ്രസ്സിൻറെയും ഒപ്പം നിൽക്കുന്ന ജഡ്ജിമാർ ആരെല്ലാമാണെന്നും ഇവരുടെ പട്ടിക നൽകാമോയെന്നും കോടതി ചോദിച്ചു.

സംസ്ഥാന സർക്കാർ തൻറെ സുരക്ഷപരിരക്ഷ വെട്ടിക്കുറച്ചെന്ന് ചൂണ്ടിക്കാട്ടി അഭിഷേക് ബാനർജി സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ പരാമർശങ്ങൾ. ബാനർജി നൽകിയ അഭിമുഖത്തിന്റെ പകർപ്പുകൾ സംസ്ഥാന സർക്കാർ കോടതിയിൽ ഹാജരാക്കിയിരുന്നു. കോടതി അവധിക്കാലത്തിന് തൊട്ടുമുമ്പ് തന്റെ ഹർജി പരിഗണിക്കാൻ ജസ്റ്റിസ് റാവു വിസമ്മതിച്ചത് രാഷ്ട്രീയ സമ്മർദ്ദം മൂലമാണെന്നും, ജുഡീഷ്യറിയിലെ ഒരു വിഭാഗം ബിജെപിക്കും പൊലീസിനുമൊപ്പം ചേർന്ന് തങ്ങളെ വേട്ടയാടുകയാണെന്നുമായിരുന്നു അഭിഷേക് ബാനർജിയുടെ ആരോപണം. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സത്യസന്ധരായ ജഡ്ജിമാരുണ്ടെങ്കിലും ഒരു വിഭാഗം പൂർണ്ണമായി ബിജെപിക്ക് കീഴടങ്ങിയെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു

എന്നാൽ, തനിക്കും കുടുംബത്തിനുമുള്ള നിരന്തരമായ സുരക്ഷാ ഭീഷണിയെത്തുടർന്നുള്ള മാനസിക ബുദ്ധിമുട്ടുകൾ കാരണമാണ് അത്തരം പ്രതികരണങ്ങളുണ്ടായതെന്നായിരുന്നു ബാനർജിയുടെ വാദം. ചെന്നായ്ക്കൾക്കിടയിലേക്ക് എറിയപ്പെട്ടതുപോലെയാണ് അഭിഷേക് ബാനർജി കഴിയുന്നതെന്നും അദ്ദേഹത്തിൻറെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. എന്നാൽ, സ്ഥാപനത്തെ ആക്രമിക്കുന്നതിന് പകരം നിയമപരമായ മാർഗ്ഗങ്ങളിലൂടെ കോടതി ഉത്തരവുകളെ ചോദ്യം ചെയ്യാനാണ് ശ്രമിക്കേണ്ടതെന്ന് കോടതി നിരിക്ഷിച്ചു. ഈ വിവാദങ്ങൾ സുരക്ഷാ ഹർജിയുടെ വിധിയെ ബാധിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഹർജി വിധി പറയാനായി മാറ്റി.

Summary

The Calcutta High Court has sharply criticized Trinamool Congress MP Abhishek Banerjee for public remarks questioning the political affiliations of judges, warning that such statements undermine judicial integrity.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER