അനിശ്ചിതകാലത്തേക്ക് ഒരിടവും കൈയടക്കി വയ്ക്കാനാവില്ല; എല്ലാവര്‍ക്കും പ്രതിഷേധിക്കേണ്ടേ?; സുപ്രീം കോടതി

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റുള്ളവരും ചേര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം.
india bloc protest
അനിശ്ചിതകാലത്തേക്ക് ഒരിടവും കൈയടക്കി വയ്ക്കാനാവില്ലെന്ന് സുപ്രീം കോടതിpti
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: പ്രതിഷേധങ്ങള്‍ നടത്താനായി ഒരു സ്ഥലം അനിശ്ചിതകാലത്തേക്ക് കൈയേറാന്‍ ആര്‍ക്കും കഴിയില്ലെന്ന് സുപ്രീം കോടതി. പ്രതിഷേധങ്ങള്‍ക്ക് നിശ്ചിത സ്ഥലവും സമയവും വേണമെന്ന് കോടതി നിര്‍ദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിപക്ഷ പാര്‍ട്ടികളും മറ്റുള്ളവരും ചേര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച പ്രതിഷേധത്തെക്കുറിച്ചുള്ള ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ ഈ നിരീക്ഷണം. ഹര്‍ജിയില്‍ വ്യാപാരികളെ കൂടി കക്ഷി ചേര്‍ക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. സമരങ്ങൾ കാരണം കച്ചവടത്തിന് തടസ്സമുണ്ടായെന്നും നഷ്ടമുണ്ടായെന്നും ചൂണ്ടിക്കാട്ടിയ വ്യാപാരികളോട് സമര സംഘാടകരെ കേസിലെ കക്ഷികളാക്കാനും കോടതി നിർദേശിച്ചു.

"നിങ്ങൾക്ക് എക്കാലത്തേക്കും ഒരു സ്ഥലം കയ്യടക്കിവെക്കാൻ കഴിയില്ല. കർഷകർ എവിടെ പോകും? തൊഴിലാളികൾ എവിടെ പോകും? തെരുവിൽ കഴിയുന്ന സാധാരണക്കാർ എവിടെ പോകും? എല്ലാവർക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്," ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു.

പ്രതിഷേധങ്ങൾ കാരണം ദിവസവേതനക്കാരുടെയും വ്യാപാരികളുടെയും വരുമാനം നഷ്ടപ്പെടുന്നതിനെക്കുറിച്ചും കോടതി പരാമർശിച്ചു. പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്നതുപോലെ തന്നെ കച്ചവടം നടത്താനും ജീവിക്കാനുമുള്ള അവകാശവും മൗലികമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരു ദിവസവേതനക്കാരന്റെ തൊഴിലിനെയും ഉപജീവനമാർഗ്ഗത്തെയും ബാധിക്കുന്ന വിധമാകരുത് സമരങ്ങളെന്നും കോടതി ഓർമ്മിപ്പിച്ചു.

സമരത്തിന് ആഹ്വാനം ചെയ്യുന്നവര്‍ തങ്ങളുടെ പ്രവൃത്തികള്‍ മൂലമുണ്ടാകുന്ന ഏത് പ്രത്യാഘാതങ്ങളുടെയും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ അറിയിച്ചു. ജന്തര്‍ മന്തറിനെ പ്രതിഷേധ സ്ഥലങ്ങളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയ ശേഷം ആഭ്യന്തര മന്ത്രാലയം പകരം മൂന്ന് സ്ഥലങ്ങള്‍ പ്രതിഷേധങ്ങള്‍ക്കായി നിര്‍ദ്ദേശിച്ചിട്ടുണ്ടായിരുന്നെന്നും ജൂലൈ 20-ലെ പ്രതിഷേധത്തിന് ഒരു ദിവസത്തേക്ക് മാത്രമാണ് അനുമതി നല്‍കിയിരുന്നതെന്നും എന്നാല്‍ പ്രതിഷേധക്കാര്‍ സ്ഥലം കൈയേറുകയും പാര്‍ലമെന്റിലേക്കും സുപ്രീം കോടതിയിലേക്ക് വരെ മാര്‍ച്ച് സംഘടിപ്പിക്കുകവരെ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധങ്ങൾ കാരണം ഡൽഹിയിൽ വ്യാപാര മേഖലയ്ക്ക് കോടിക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ മുകുൾ റോത്തഗി വാദിച്ചു. ഉത്സവ സീസണിലെ സമരങ്ങൾ തൊഴിലാളികളെയും ചുമട്ടുതൊഴിലാളികളെയും ഓട്ടോ-ടെമ്പോ തൊഴിലാളികളെയുമാണ് ഗുരുതരമായി ബാധിക്കുന്നത്. ജന്തർമന്തറിന് പുറമെ രാംലീല മൈതാനവും മറ്റും സമരവേദികളായി മാറുമ്പോൾ സാധാരണ ജനങ്ങളുടെ ജീവിതം സ്തംഭിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സർക്കാർ പദ്ധതി തയ്യാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കൂട്ടത്തോടെ കരുതൽ തടങ്കലിലാക്കിയതിനെതിരേയും പൊലീസ് അതിക്രമത്തിനെതിരേയും മറ്റും സമർപ്പിക്കപ്പെട്ട ഹർജികളും പ്രതിഷേധത്തിനെതിരേ വ്യാപാരികൾ സമർപ്പിച്ച ഹർജികളും ഉൾപ്പെടെയാണ് കോടതി ഇന്ന് പരിഗണിച്ചത്. ചീഫ് ജസ്റ്റിസിനെകൂടാതെ ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്.

Summary

"Can't Occupy A Site Indefinitely In Name Of Protest": Top Court's Big Remark

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER