

ന്യൂഡല്‍ഹി: വിവിധ മേഖലയില്‍ കഴിവ് തെളിയിച്ച 17 വനിതാ രത്‌നങ്ങളെ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ ദേവി അവാര്‍ഡ് നല്‍കി ആദരിച്ചു. ഡല്‍ഹിയില്‍ നടന്ന ദേവി അവാര്‍ഡിന്റെ ആറാം പതിപ്പില്‍ രാജ്യതലസ്ഥാനത്തിന്റെ വളര്‍ച്ചയ്ക്കായി സംഭാവന നല്‍കിയ വനിതകള്‍ക്കാണ് അംഗീകാരം ലഭിച്ചത്. ഡല്‍ഹി ഐടിസി മൗര്യയില്‍ നടന്ന അവാര്‍ഡ് ദാന ചടങ്ങ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പിന്റെ (ടിഎന്‍ഐഇ) കീഴിലുള്ള സണ്‍ഡേ സ്റ്റാന്‍ഡേര്‍ഡ് ആണ് സംഘടിപ്പിച്ചത്.
കോവിഡ് മഹാമാരിക്കെതിരായ പോരാട്ടത്തില്‍ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ച ഇന്ത്യയിലെ ട്രാന്‍സ്ജെന്‍ഡര്‍ ഡോക്ടര്‍മാരില്‍ ഒരാളായ കമ്മ്യൂണിറ്റി മെഡിസിന്‍ പ്രൊഫസര്‍ ഡോ. അഖ്സ ഷെയ്ഖ്, പൈതൃക സംരക്ഷണത്തിനുള്ള ഒരു പ്രമുഖ സംഘടനയായ സിആര്‍സിഐ ഇന്ത്യയുടെ മേധാവിയായ കണ്‍സര്‍വേഷന്‍ ആര്‍ക്കിടെക്റ്റ് ഗുര്‍മീത് സംഘ റായി, കലാ സംരംഭക ശാലിനി പാസി, സ്പെഷ്യല്‍ പൊലീസ് കമ്മീഷണര്‍ (ട്രെയിനിംഗ്) ഛായ ശര്‍മ്മ, മൊബിക്വിക് ഗ്രൂപ്പിന്റെ സിഎഫ്ഒയും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഉപാസന ടാക്കു, ആനന്ദ് ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഡെവലപ്മെന്റിന്റെ സ്ഥാപക ഡോ. ജ്യോതി ആനന്ദ് തുടങ്ങി കല, സാമ്പത്തിക ശാസ്ത്രം, പബ്ലിക് സര്‍വീസ്, ഭരണനിര്‍വഹണം എന്നിങ്ങനെ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വനിതകള്‍ക്കാണ് അവാര്‍ഡ് സമ്മാനിച്ചത്.
ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യാതിഥിയായി. ടിഎന്‍ഐഇ എഡിറ്റോറിയല്‍ ഡയറക്ടര്‍ പ്രഭു ചാവ്‌ള, എഡിറ്റര്‍ സാന്ത്വന ഭട്ടാചാര്യ, സിഇഒ ലക്ഷ്മി മേനോന്‍ എന്നിവര്‍ പങ്കെടുത്തു. ആധുനിക യുഗത്തില്‍ ഇന്ത്യയുടെ മുന്നേറ്റത്തില്‍ സ്ത്രീകള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്ന് കേരള ഗവര്‍ണര്‍ പറഞ്ഞു. ഷാ ബാനു കേസ് അടക്കം വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട് ആരിഫ് മുഹമ്മദ് ഖാനുമായി പ്രഭു ചാവ്‌ള ദീര്‍ഘനേരം ആശയവിനിമയം നടത്തി. മുതിര്‍ന്ന പത്രപ്രവര്‍ത്തകയായ കാവേരി ബംസായിയാണ് പരിപാടി മോഡറേറ്റ് ചെയ്തത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates