

മാനവ സേവയാണ്, ദൈവ സേവ എന്ന് ലോകത്തെ പഠിപ്പിച്ച ആത്മീയ നേതാവ്, സത്യസായി ബാബയുടെ നൂറാം ജന്മദിനമാണ് ഞായറാഴ്ച. പതിറ്റാണ്ടുകളായി അനുയായികള്‍ക്ക് ദര്‍ശനം നല്‍കിയ, നിലവില്‍ ബാബയുടെ സമാധി സ്ഥിതി ചെയ്യുന്നതുമായ പുട്ടപര്‍ത്തിയിലെ പ്രശാന്തിനിലയം ജന്മദിനാഘോഷങ്ങളിലേക്ക് കടന്നുകഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം പുട്ടപര്‍ത്തിയിലെത്തി ആഘോഷങ്ങളുടെ ഭാഗമായിരുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു ഉള്‍പ്പെടെ പ്രമുഖര്‍ നാളെ നടക്കുന്ന നൂറാം ജന്മദിനാഘോഷത്തിന്റെ ഭാഗമാകും.
സാധാരണക്കാര്‍ മുതല്‍ ദേശീയ അന്താരാഷ്ട്ര തലത്തിലെ പ്രമുഖരുൾപ്പെടെ വലിയ അനുയായിവൃന്ദമായിരുന്നു സത്യസായി ബാബയ്ക്കുണ്ടായിരുന്നത്. ഇത് തന്നെയാണ് നിരവധി വരുന്ന ഇന്ത്യയിലെ ആത്മീയ നേതാക്കളില്‍ നിന്നും സത്യസായി ബാബയെ വ്യത്യസ്തനാക്കിയതും. 1926 നവംബര്‍ 23 ന് ആന്ധ്രപ്രദേശിലെ അനന്തരപൂര്‍ ജില്ലയിലെ പുട്ടപര്‍ത്തിയെന്ന പിന്നാക്ക ഗ്രാമത്തില്‍ സാധാരണ കുടുംബത്തില്‍ ജനിച്ച സത്യ നാരായണ രാജുവാണ് പിന്നീട് ലോകം അറിയുന്ന സത്യ സായി ബാബയിലേക്ക് വളര്‍ന്നത്.
'അസാധാരണ ബുദ്ധിമാനും' ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്നു സത്യ നാരായണ രാജു, എന്ന യുവാവ്. നാടകം, സംഗീതം, നൃത്തം, എഴുത്ത് എന്നി മേഖലകളില്‍ മികവ് തെളിയിക്കുകയും ചെയ്തിരുന്നു. 1940 ഒക്ടോബര്‍ 20 ന് 14 ഷിര്‍ദ്ദിയിലെ സായിബാബയുടെ പുനര്‍ജന്മമാണ് താനെന്ന് സത്യനാരായണ രാജു സ്വയം പ്രഖ്യാപിക്കുന്നിടത്ത് നിന്നാണ് സായി ബാബയിലേക്കുള്ള ആത്മീയ യാത്ര ആരംഭിക്കുന്നത്. 'എന്റെ മുന്‍ ശരീരം' എന്നായിരുന്നു ഷിര്‍ദ്ദി സായി ബാബയെ സത്യസായി ബാബ വിശേഷിപ്പിച്ചിരുന്നത്.
അന്തരീക്ഷത്തില്‍ നിന്നും വസ്തുക്കള്‍ ആവാഹിച്ചെടുത്ത് ഭക്തര്‍ക്ക് നല്‍കിയിരുന്ന സത്യസായി ബാബയുടെ പ്രവൃത്തി അദ്ദേഹത്തെ ചര്‍ച്ചകളുടെ കേന്ദ്ര ബിന്ദുവാക്കി. ആഗോള തലത്തില്‍ ആനുയായികളെ സമ്പാദിച്ച് ആത്മീയ ഗുരുവിലേക്ക് വളര്‍ന്നപ്പോള്‍ വിവാദങ്ങളും ഒപ്പം വളര്‍ന്നു. യുക്തിവാദികളായിരുന്നു പ്രധാന വിമര്‍ശകര്‍. മാന്ത്രിക പ്രകടനങ്ങള്‍ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ നേരിട്ടു. ചില ലൈംഗിക ആരോപണങ്ങളും അദ്ദേഹത്തിന് എതിരെ ഉയര്‍ന്നു. എന്നാല്‍ ഇത്തരം ആക്ഷേപങ്ങളെ അദ്ദേഹവും അനുയായികളും പാടെ തള്ളിക്കളയുകയായിരുന്നു.
ഇന്ത്യ സ്വതന്ത്രമാകുന്ന കാലത്താണ് പുട്ടപര്‍ത്തി ഒരു ആശ്രമമായി വളരുന്നത്. 1944ല്‍ പുട്ടപര്‍ത്തിയില്‍ സത്യസായി ബാബ ഭക്തര്‍ക്കായി ഒരു ചെറിയ ക്ഷേത്രം നിര്‍മ്മിച്ചു. 1950-ല്‍ 'പ്രശാന്തി നിലയം' എന്ന പേരില്‍ വിശാലമായ ആശ്രമം നിര്‍മ്മിക്കപ്പെട്ടു. ഇത് പിന്നീട് സായി ബാബയുടെ ആത്മീയ കേന്ദ്രമായി മാറി. ദിവ്യ പ്രസംഗങ്ങള്‍ക്കൊപ്പം സാമൂഹിക സേവന പ്രവര്‍ത്തനങ്ങളിലും സായിബാബ ശ്രദ്ധ കേന്ദ്രീകരിച്ചു.
പുട്ടപര്‍ത്തിയില്‍ ഒരു ചെറിയ ജനറല്‍ ആശുപത്രി സ്ഥാപിച്ചായിരുന്നു സാമൂഹ്യ സേവനങ്ങളുടെ തുടക്കം. ഇന്നത് 220 കിടക്കകളുള്ള സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സസ് എന്ന സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നു. സ്‌കൂളുകള്‍, ഡിസ്‌പെന്‍സറികള്‍ തുടങ്ങി ബംഗളൂരു വൈറ്റ്ഫീല്‍ഡില്‍ 333 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി (SSIHMS) ആശുപത്രി വരെ ഇന്ന് ഈ ശൃംഖലയില്‍ ഉള്‍പ്പെടുന്നു. സത്യസായി സെന്‍ട്രല്‍ ട്രസ്റ്റ് മുഖേനയാണ് ഇവയുടെ പ്രവര്‍ത്തനങ്ങള്‍. ആന്ധ്രാപ്രദേശ്, തമിഴ്നാട്, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ വന്‍കിട ജലവിതരണ പദ്ധതികളും സായിബാബ ട്രസ്റ്റ് ഇടപെട്ട് പുര്‍ത്തീകരിച്ചിട്ടുണ്ട്. പ്രകൃതിദുരന്തങ്ങള്‍ ഉള്‍പ്പെടെ ദുരിതാശ്വാസ, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരായി സത്യസായി സേവാ സംഘടനയിലെ സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.
മുംബൈയിലെ ധര്‍മ്മക്ഷേത്രം, ഹൈദരാബാദിലെ ശിവം, ചെന്നൈയിലെ സുന്ദരം തുടങ്ങി മൂന്ന് ആത്മീയ കേന്ദ്രങ്ങളും സത്യസായി ബാബ സ്ഥാപിച്ചിട്ടുണ്ട്. ഇതിന് പുറമെ ആഗോളതലത്തില്‍ 114-ലധികം രാജ്യങ്ങളില്‍ സത്യസായി കേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നു. എന്നാല്‍ 1968 ജൂണില്‍ നടത്തിയ ഉഗാണ്ടന്‍ യാത്രയാണ് സത്യസായി ബാബയുടെ ഏക വിദേശ യാത്ര.
നിരവധി തവണ മരണത്തെ മുഖാമുഖം കണ്ട വ്യക്തികൂടിയാണ് സത്യസായി ബാബ. 1993 ജൂണ്‍ 6 ന് സായി ബാബയ്‌ക്കെതിരായ വധശ്രമം അരങ്ങേറി. അനുയായികള്‍ ഉള്‍പ്പെടെ ആറ് പേരാണ് അന്ന് ആശ്രമത്തിന് അകത്തുവച്ച് കൊല്ലപ്പെട്ടത്. ബാബയുടെ കിടപ്പുമുറിയിലേക്ക് അതിക്രമിച്ച കയറാന്‍ ശ്രമിച്ച
ആയുധധാരികളായ യുവാക്കള്‍ നടത്തിയ ആക്രമണത്തില്‍ അനുയായിയായ രാധാകൃഷ്ണ മേനോന്‍, പ്രശാന്തി നിലയത്തിലെ വളണ്ടിയര്‍ സായ് കുമാര്‍ മഹാജന്‍ എന്നിവര്‍ കൊല്ലപ്പെട്ടു. അക്രമികളെ പൊലീസും വകവരുത്തി. സത്യസായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ സ്റ്റഡീസില്‍ കൊമേഴ്സ് പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികളായ ഇ.കെ. സുരേഷ് കുമാര്‍, കെ. സായ് കുമാര്‍ - മറൈന്‍ എഞ്ചിനീയര്‍ സുരേഷ് ശാന്താറാം പ്രഭു, എന്‍. ജഗന്നാഥ് എന്നിവരാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംഘത്തില്‍പ്പെട്ട വിജയ് ശാന്താറാം പ്രഭു, ബി. രവീന്ദ്ര എന്നിവര്‍ സംഭവ സ്ഥലത്ത് നിന്നും രക്ഷപ്പെട്ടങ്കിലും പിന്നീട് നാഗ്പൂരില്‍ വച്ച് പിടിയിലാവുകയും ചെയ്തു. എന്നാല്‍ കേസിലെ ദുരൂഹതകള്‍ ഇപ്പോഴും പൂര്‍ണമായി നീങ്ങിയിട്ടില്ല.
1963-ല്‍ ഉണ്ടായ പക്ഷാഘാതം സത്യസായി ബാബയുടെ ആരോഗ്യത്തെ സാരമായി ബാധിച്ചു. നാല് ഗുരുതരമായ ഹൃദയാഘാതങ്ങളും നേരിട്ടു. 2005 മുതല്‍, വീല്‍ ചെയറിലായുരുന്നു ബാബ സഞ്ചരിച്ചത്. ആരോഗ്യം മോശമായതോടെ പൊതുവേദികളില്‍ നിന്നും അദ്ദേഹം പലപ്പോഴും വിട്ടുനിന്നു. 2006 ലും അദ്ദേഹം ഒരു അപകടം നേരിട്ടു. ഇരുമ്പ് സ്റ്റൂളില്‍ നിന്നിരുന്ന ഒരു കുട്ടിയും സ്റ്റൂളും ഉള്‍പ്പെടെ ബാബയുടെ ദേഹത്തേക്ക് വീണുണ്ടായ അപകടത്തില്‍ അദ്ദേഹത്തിന്റെ ഇടുപ്പിന് പരിക്കേറ്റു. തുടര്‍ന്ന് കാറില്‍ നിന്നോ തന്റെ പോര്‍ട്ടെ ചെയറില്‍ നിന്നോ ആയിരുന്നു അദ്ദേഹം ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്. ഏഴ് പതിറ്റാണ്ടോളം ഇന്ത്യയിലെ ആത്മീയ രംഗത്ത് സജീമായി നിലകൊണ്ട സത്യസായി ബാബ തന്റെ 85ാം വയസില്‍ 2011 ഏപ്രില്‍ നാലിനാണ് ലോകത്തോട് വിടപറഞ്ഞത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates