

ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ പരിഷ്‌കരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി നിര്‍ദേശങ്ങള്‍ തേടുന്നു. വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, വിദ്യാഭ്യാസ വിചക്ഷണന്മാര്‍ തുടങ്ങിയവരില്‍ നിന്നാണ് നിര്‍ദേശങ്ങള്‍ ക്ഷണിച്ചത്. ജൂലൈ ഏഴിനകം നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
പ്രത്യേക പ്ലാറ്റ്‌ഫോം വഴിയാണ് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കേണ്ടത്. ഇതിനായി https://innovateindia.mygov.in/examination-reforms-nta/ എന്ന വെബ്സൈറ്റ് സജ്ജമാക്കിയിട്ടുണ്ട്. നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ നീറ്റ്-യുജി പരീക്ഷ, യുജിസി-നെറ്റ് പരീക്ഷ എന്നിവയിലെല്ലാം വ്യാപകമായി ക്രമക്കേടുണ്ടെന്ന ആക്ഷേപത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ പരീക്ഷകളുടെ സുതാര്യത ഉറപ്പു വരുത്തുന്നതിനു വേണ്ട പരിഷ്‌കാരങ്ങള്‍ നിര്‍ദേശിക്കാനായി ഉന്നതതല സമിതി രൂപീകരിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
മുന്‍ ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. കെ രാധാകൃഷ്ണന്‍ അധ്യക്ഷനായുള്ള ഏഴംഗ സമിതിയെയാണ് കേന്ദ്രം ചുമതലപ്പെടുത്തിയിട്ടുള്ളത്. ഡൽഹി എയിംസ് മുൻ ഡയറക്ടർ രൺദീപ് ഗുലേറിയ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ബി ജെ റാവു, മദ്രാസ് ഐഐടിയിലെ സിവിൽ എൻജിനീയറിങ് വിഭാഗത്തിലെ പ്രൊഫസർ എമറിറ്റസ് കെ രാമമൂർത്തി, പീപ്പിൾ സ്ട്രോങ് സഹസ്ഥാപകനും കർമയോഗി ഭാരത് ബോർഡ് അംഗവുമായ പങ്കജ് ബൻസാൽ, ഐഐടി ഡൽഹി സ്റ്റുഡൻ്റ് അഫയേഴ്‌സ് ഡീൻ ആദിത്യ മിത്തൽ, കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം ജോയിൻ്റ് സെക്രട്ടറി ഗോവിന്ദ് ജയ്‌സ്വാൾ എന്നിവരും സമിതിയിലുണ്ട്. .
എന്‍ടിഎ നടത്തുന്നത് അടക്കമുള്ള പൊതുപരീക്ഷകളിലെ പിഴവുകള്‍ കണ്ടെത്തുന്നതിനും പരിഷ്‌കാരം നിര്‍ദേശിക്കുന്നതിനുമായി നിയോഗിച്ച സമിതി രണ്ടുമാസത്തിനകം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടിട്ടുള്ളത്. പൊതുപ്രവേശന പരീക്ഷകളിലെ ക്രമക്കേട് തടയാന്‍ ലക്ഷ്യമിട്ടുള്ള പബ്ലിക് എക്‌സാമിനേഷന്‍ ആക്ട് 2024 കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. ചോദ്യപേപ്പര്‍ ചോര്‍ച്ച, വഞ്ചന തുടങ്ങിയവ തടയാന്‍ കടുത്ത നടപടികള്‍ വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമമാണ് പ്രാബല്യത്തില്‍ വന്നിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates