

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമസേനയ്ക്കായി ലഘു പോര്‍വിമാനമായ (എല്‍സിഎ) തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. 62000 കോടി രൂപ മുടക്കി 97 തേജസ് മാര്‍ക്ക് 1എ ഫൈറ്റര്‍ ജെറ്റുകള്‍ വാങ്ങാനുള്ള തീരുമാനം കേന്ദ്രസര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് കൂടുതല്‍ പ്രചോദനമാകുമെന്നാണ് വിലയിരുത്തല്‍.
ഇന്നലെ നടന്ന ഉന്നതതല യോഗമാണ് 97 പോര്‍വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള അന്തിമ അനുമതി നല്‍കിയത്. ഇത് കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡിന് വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ വഴിയൊരുക്കുമെന്ന് പ്രതിരോധ വൃത്തങ്ങള്‍ പറഞ്ഞു.
എല്‍സിഎ മാര്‍ക്ക് 1എ ഫൈറ്റര്‍ വിമാനങ്ങള്‍ക്കുള്ള രണ്ടാമത്തെ ഓര്‍ഡറാണിത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ നല്‍കിയിരുന്നു. അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ സര്‍ക്കാര്‍ ഘട്ടംഘട്ടമായി നിര്‍ത്തലാക്കുന്ന മിഗ്-21 വിമാനങ്ങള്‍ക്ക് പകരം ഇവ സ്ഥാനം പിടിക്കുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. തദ്ദേശീയ യുദ്ധവിമാന പദ്ധതി തദ്ദേശീയവല്‍ക്കരണം പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തുടനീളം പ്രതിരോധ ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് വലിയ പ്രോത്സാഹനമാകുമെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എല്‍സിഎകളേക്കാള്‍ നൂതനമായ ഏവിയോണിക്സും റഡാറുകളും എല്‍സിഎ മാര്‍ക്ക് 1എ വിമാനത്തിലുണ്ട്. പുതിയ എല്‍സിഎ മാര്‍ക്ക് 1എയിലെ തദ്ദേശീയ പങ്കാളിത്തം 65 ശതമാനത്തിലധികമായിരിക്കും. 200-ലധികം എല്‍സിഎ മാര്‍ക്ക് 2 യുദ്ധവിമാനങ്ങളും അഞ്ചാം തലമുറ അഡ്വാന്‍സ്ഡ് മീഡിയം കോംബാറ്റ് എയര്‍ക്രാഫ്റ്റുകളും വാങ്ങുന്നതിനുള്ള കരാറുകള്‍ നേടാനൊരുങ്ങുകയാണ് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
