

ന്യൂഡല്‍ഹി: രാജ്യത്തെ ഫാര്‍മസി വിദ്യാഭ്യാസ മേഖലയിലും നിയന്ത്രണ സംവിധാനത്തിലും സമഗ്ര മാറ്റങ്ങള്‍ ലക്ഷ്യമിട്ട് ദേശീയ ഫാര്‍മസി കമ്മീഷന്‍ (എന്‍പിസി) രൂപീകരിക്കാന്‍ കേന്ദ്രം. ഇതിനായി തയ്യാറാക്കിയ ദേശീയ ഫാര്‍മസി കമ്മീഷന്‍ ബില്‍ പൊതുജനങ്ങളുടെയും വിവിധ വിഭാഗങ്ങളുടെയും അഭിപ്രായം കേന്ദ്ര ആരോഗ്യ മന്ത്രാലയം തേടിയിട്ടുണ്ട്. 1948ലെ ഫാര്‍മസി ആക്ട് റദ്ദാക്കി പുതിയ നിയന്ത്രണ സംവിധാനം കൊണ്ടുവരാനാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്.
രാജ്യത്ത് ഗുണമേന്മയുള്ളതും ചെലവുകുറഞ്ഞതുമായ ഫാര്‍മസി വിദ്യാഭ്യാസം ഉറപ്പാക്കുകയും മതിയായ നിലവാരമുള്ള ഫാര്‍മസി പ്രൊഫഷണലുകളെ സൃഷ്ടിക്കുകയുമാണ് പുതിയ നിയമത്തിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്. ഫാര്‍മസിസ്റ്റുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായി നാഷണല്‍ എക്‌സിറ്റ് ടെസ്റ്റ് നടപ്പിലാക്കാനും ബില്ലില്‍ നിര്‍ദേശമുണ്ട്. ഫാര്‍മസി ഡിപ്ലോമ, ബിരുദ കോഴ്‌സുകളുടെ അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കാണ് എക്‌സിറ്റ് ടെസ്റ്റ് നടത്തുക. ഭാവിയില്‍ പിജി ഫാര്‍മസി പ്രവേശനത്തിനും ഈ പരീക്ഷ അടിസ്ഥാനമാക്കും. നിയമം പ്രാബല്യത്തില്‍ വന്നതിന് അഞ്ച് വര്‍ഷത്തിന് ശേഷം പരീക്ഷ നടപ്പാക്കാനാണ് നിര്‍ദേശം.
പുതിയ കമ്മീഷന്റെ കീഴില്‍ ഫാര്‍മസി അസിസ്റ്റന്‍സ് ആന്‍ഡ് റേറ്റിങ്, എത്തിക്‌സ് ആന്‍ഡ് രജിസ്‌ട്രേഷന്‍, എജുക്കേഷന്‍ ബോര്‍ഡ് ഫോര്‍ മോഡേണ്‍ മെഡിസിന്‍, എജുക്കേഷന്‍ ബോര്‍ഡ് ഫോര്‍ ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍ ആന്‍ഡ് ഹോമിയോപതി എന്നിങ്ങനെ നാല് പ്രത്യേക ബോര്‍ഡുകള്‍ രൂപീകരിക്കാനും കരട് ബില്‍ നിര്‍ദേശിക്കുന്നു. രാജ്യത്തെ ഫാര്‍മസി പ്രൊഫഷണലുകളുടെ ദേശീയ രജിസ്റ്ററും സജ്ജമാക്കും. ഫാര്‍മസി മേഖലയിലെ ഗുണനിലവാര മാനദണ്ഡങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക, ക്ലിനിക്കല്‍ സൗകര്യങ്ങളുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും കമ്മീഷന്‍ നിശ്ചയിക്കുമെന്നാണ് ബില്ലില്‍ പറയുന്നത്.
കമ്മീഷന് ചെയര്‍പേഴ്‌സന്‍ ഉള്‍പ്പെടെ 15 അംഗങ്ങളുണ്ടാകും. കമ്മീഷന്റെ ചെലവുകള്‍ക്കായി 'നാഷനല്‍ ഫാര്‍മസി കമ്മീഷന്‍ ഫണ്ട്' രൂപീകരിക്കും. പാഠ്യപദ്ധതിയുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ അഭിപ്രായം തേടാന്‍ ആരോഗ്യ-ആയുഷ് മന്ത്രാലയങ്ങളിലെ പ്രതിനിധികള്‍, ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ ഓഫ് ഇന്ത്യ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഫാര്‍മസി ഉപദേശക സമിതിയുണ്ടാക്കും. ബില്ലിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ mohfw@gov.in എന്ന ഇ-മെയിലിലൂടെ ഈ മാസം 31 വരെ അറിയിക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates