

ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ 51-ാം ചീഫ് ജസ്റ്റിസായ സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും. ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ പിന്‍ഗാമിയായി കഴിഞ്ഞ നവംബര്‍ 11-ന് ചുമതലയേറ്റ ജസ്റ്റിസ് ഖന്ന, തന്റെ ആറുമാസത്തെ കാലയളവില്‍ ഒട്ടേറെ സുപ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്നു.
അടുത്ത ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ബി ആര്‍ ഗവായ് നാളെ ചുമതലയേല്‍ക്കും. ആരാധനാസ്ഥല നിയമം, വഖഫ് ഭേദഗതി നിയമം തുങ്ങിയവ ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ ജസ്റ്റിസ് ഖന്നയുടെ ബെഞ്ചിന് മുന്നിലായിരുന്നു. ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഇംപീച്ച് ചെയ്യാനുള്ള ശുപാര്‍ശ കൂടി നല്‍കിയാണ് ജസ്റ്റിസ് ഖന്ന പടിയിറങ്ങുന്നത്. ജസ്റ്റിസ് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹാബാദിലേക്ക് സ്ഥലം മാറ്റിയ ശേഷം ജുഡീഷ്യല്‍ ജോലികളില്‍ നിന്ന് മാറ്റി നിര്‍ത്തിയിരുന്നു.
ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മ്മയുടെ വസതിയില്‍ നോട്ടുകൂമ്പാരം കണ്ടെത്തിയ സംഭവത്തില്‍ അദ്ദേഹം സ്വകരിച്ച നടപടികള്‍ ഏറെ ചര്‍ച്ചയായി. നോട്ടുകൂമ്പാരം കത്തുന്നതിന്റെ ദൃശ്യങ്ങളും, ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടും ഉള്‍പ്പെടെ പുറത്തുവിട്ടു. അന്വേഷണത്തിന് മൂന്നംഗ സമിതിയെ നിയോഗിച്ചു. പണം യശ്വന്ത് വര്‍മ്മയുടേതാണെന്ന് റിപ്പോര്‍ട്ട് ലഭിച്ചതോടെ ഇംപീച്ച്‌മെന്റിന് രാഷ്ട്രപതിക്ക് ശുപാര്‍ശയും നല്‍കി. സുപ്രീംകോടതി മുന്‍ ജഡ്ജി എച്ച് ആര്‍ ഖന്നയുടെ അനന്തരവനാണ് സഞ്ജീവ് ഖന്ന. ധൈര്യപൂര്‍വം തീരുമാനമെടുത്ത എച്ച് ആര്‍ ഖന്നയുടെ വഴിയിലൂടെയാണ് സഞ്ജീവും യാത്ര ചെയ്തത്. അടിയന്താരവസ്ഥ കാലത്തും പൗരന്മാരുടെ മൗലികാവകാശങ്ങള്‍ നിലനില്‍ക്കുമെന്ന് നിലപാടെടുത്ത എച്ച് ആര്‍ ഖന്നയ്ക്ക് ചീഫ് ജസ്റ്റിസ് പദവി നല്‍കാതെയാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പകവീട്ടിയത്. പിന്നാലെ അദ്ദേഹം ജഡ്ജി പദവി രാജിവച്ചിരുന്നു. അതേസമയം, ഭരണഘടനയുടെ ആമുഖത്തില്‍ സോഷ്യലിസ്റ്റ് - സെക്ക്യുലര്‍ പദങ്ങള്‍ കൂട്ടിച്ചേര്‍ത്ത ഇന്ദിരാസര്‍ക്കാരിന്റെ നടപടി ചോദ്യം ചെയ്ത പൊതുതാത്പര്യഹര്‍ജികള്‍ വിമര്‍ശനത്തോടെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കഴിഞ്ഞ നവംബറില്‍ തള്ളിയിരുന്നു,ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ദേവ്രാജ് ഖന്നയുടെയും ഡല്‍ഹി സര്‍വകലാശാലയില്‍ ലക്ചററായിരുന്ന സരോജ് ഖന്നയുടെയും മകനാണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates