'കുട്ടികൾ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ ജംഗമവസ്തുക്കളോ അല്ല'; സുപ്രീം കോടതി

കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിന്
സുപ്രീം കോടതി
സുപ്രീംകോടതി File
Edited By:
Updated on: 
1 min read

ന്യൂഡൽഹി: "കുട്ടികൾ കേവലം ജംഗമവസ്തുക്കളോ മാതാപിതാക്കളുടെ കളിപ്പാട്ടങ്ങളോ അല്ല" — കുട്ടികളുടെ സംരക്ഷണ തർക്കങ്ങളിൽ മാതാപിതാക്കളുടെ നിയമപരമായ അവകാശത്തേക്കാൾ പ്രാധാന്യം കുട്ടിയുടെ ക്ഷേമത്തിനായിരിക്കണമെന്ന് സുപ്രീം കോടതി. പ്രായപൂർത്തിയാകാത്ത രണ്ട് ആൺകുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകിയ മദ്രാസ് ഹൈക്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ് പരമോന്നത കോടതിയുടെ സുപ്രധാന നിരീക്ഷണം.

പിതാവിനാണ് കുട്ടികളുടെ സംരക്ഷണാവകാശം ലഭിക്കേണ്ടതെന്ന നിയമം എല്ലായ്പ്പോഴും അപവാദങ്ങൾക്ക് വിധേയമാണെന്നും അത് സാർവ്വത്രികമായി ബാധകമല്ലെന്നും ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് അപരേഷ് കുമാർ സിംഗ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംരക്ഷണാവകാശം നൽകുന്നതിന് പിതാവ് യോഗ്യനാണെങ്കിലും, ഇത്തരം കേസുകളിൽ പ്രധാന മാനദണ്ഡം കുട്ടികളുടെ ക്ഷേമമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ജനനം മുതൽ അമ്മയ്ക്കൊപ്പം താമസിക്കുന്ന കുട്ടികളെ അമ്മയോടൊപ്പം തന്നെ തുടരാൻ അനുവദിക്കുകയാണ് വേണ്ടതെന്നും ബെഞ്ച് നിരീക്ഷിച്ചു.

കേസിന്റെ പശ്ചാത്തലം

2009-ൽ വിവാഹിതരായ ദമ്പതികൾ 2014-ലാണ് വേർപിരിഞ്ഞത്. ക്രൂരത ആരോപിച്ച് ഭർത്താവ് വിവാഹമോചനം നേടുകയും ചെയ്തിരുന്നു. 2018-ൽ മധുര കുടുംബകോടതി ഭാര്യയുടെ ജീവനാംശ ആവശ്യം അനുവദിച്ചെങ്കിലും, ഗാർഡിയൻസ് ആൻഡ് വാർഡ്സ് ആക്ട് പ്രകാരം കുട്ടികളുടെ സംരക്ഷണാവകാശം പിതാവിന് നൽകി. പിതാവിന്റെ മാനസികാരോഗ്യത്തെക്കുറിച്ചുള്ള അമ്മയുടെ ആരോപണങ്ങൾക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി മദ്രാസ് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു. കോടതി ഉത്തരവുകൾക്ക് ശേഷവും പിതാവിനെ കുട്ടികളെ കാണാൻ അമ്മ അനുവദിച്ചില്ലെന്നും ഹൈക്കോടതി രേഖപ്പെടുത്തിയിരുന്നു.

ഹൈക്കോടതി വിധിക്കെതിരെ അമ്മ സുപ്രീം കോടതിയെ സമീപിച്ചതോടെ 2025-ൽ കോടതി ഉത്തരവ് സ്റ്റേ ചെയ്തു. തുടർന്ന് മാതാപിതാക്കളെയും കുട്ടികളെയും കോടതി നേരിട്ട് വിളിച്ചുവരുത്തി. മാതാപിതാക്കളുടെ സാന്നിധ്യമില്ലാതെ കുട്ടികളോട് കോടതി പ്രത്യേകം സംസാരിച്ചു. 16-ഉം 14-ഉം വയസ്സുള്ള ആൺകുട്ടികൾ അമ്മയ്ക്കും അമ്മയുടെ മാതാപിതാക്കൾക്കുമൊപ്പം താമസിക്കാനാണ് താല്പര്യപ്പെടുന്നതെന്നും പിതാവിനൊപ്പം പോകാൻ വിസമ്മതിക്കുന്നതായും കോടതിയെ അറിയിച്ചു. കുട്ടിക്കാലത്ത് ഏകദേശം രണ്ട് വർഷം മാത്രമാണ് പിതാവിനൊപ്പം താമസിച്ചതെന്നും ആകെ നാലോ അഞ്ചോ തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും കുട്ടികൾ വ്യക്തമാക്കി. പക്വതയോടെയും ആത്മവിശ്വാസത്തോടെയുമാണ് കുട്ടികൾ മറുപടി നൽകിയതെന്ന് നിരീക്ഷിച്ച സുപ്രീം കോടതി, കുട്ടികളുടെ താല്പര്യം പരിഗണിച്ച് അവരെ അമ്മയ്ക്കൊപ്പം വിടാൻ ഉത്തരവിടുകയായിരുന്നു.

Summary

Observing that "children are not mere chattels, nor are they toys for their parents," the Supreme Court ruled that a child's welfare overrides parental legal rights in custody disputes, setting aside a Madras High Court judgment that granted custody of two minor boys to their father after the teenagers expressed their wish to stay with their mother.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER