

ന്യൂഡല്‍ഹി: അഹമ്മദാബാദ് വിമാന ദുരന്തത്തില്‍ അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പ്രകാരമുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചു. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ അഭ്യൂഹങ്ങള്‍ മാത്രമാണെന്നും സര്‍ക്കാര്‍ സത്യത്തിനൊപ്പം നിലകൊള്ളുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി കെ റാംമോഹന്‍ നായിഡു രാജ്യസഭയില്‍ വ്യക്തമാക്കി. വിമാന അപകടവുമായി ബന്ധപ്പെട്ട് എയര്‍ക്രാഫ്റ്റ് ആക്സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) അന്വേഷണം പുരോഗമിക്കുകയാണ്. തീര്‍ത്തും നിഷ്പക്ഷമായ അന്വേഷണമാണ് നടക്കുന്നതെന്നും കേന്ദ്ര വ്യോമയാന മന്ത്രി വ്യക്തമാക്കി. അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട എല്ലാവര്‍ക്കും തുല്യമായ സഹായം ഉറപ്പാക്കിയതായി വ്യോമയാന മന്ത്രി കെ രാംമോഹന്‍ നായിഡു രാജ്യസഭയെ അറിയിച്ചു.
260 പേരുടെ മരണത്തിനിടയാക്കിയ എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ കാരണം കണ്ടെത്തുക എന്നത് ഏറെ പ്രധാനമാണ്. എന്താണ് സംഭവിച്ചത് എന്നറിയേണ്ടതുണ്ട്. എഎഐബി അന്തിമ റിപ്പോര്‍ട്ടില്‍ മാത്രമേ ഇക്കാര്യം വ്യക്തമാവുകയുള്ളു. അന്വേഷണ നടപടികളെ ബഹുമാനിക്കേണ്ടതുണ്ട്. എന്ത് സംഭവിച്ചു, എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ച് നമുക്ക് റിപ്പോര്‍ട്ട് ലഭിച്ച ശേഷം സംസാരിക്കുകയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുകയും ചെയ്യാം. ''മറ്റൊന്നിനും വേണ്ടിയല്ല, സത്യത്തിനൊപ്പം നില്‍ക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത് എന്നും നായിഡു രാജ്യസഭയില്‍ വ്യക്തമാക്കി.
അഹമ്മദാബാദ് അപകടത്തെ കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കാന്‍ ഇന്ത്യയിലും വിദേശത്തും ശ്രമങ്ങളുണ്ടായി. മാധ്യമങ്ങള്‍ സ്വന്തം നിലയിലുള്ള വിലയിരുത്തലുകള്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ ആണ് സര്‍ക്കാര്‍ വിഷയത്തെ പരിഗണിക്കുന്നത്. കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡറിലെയും ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറിലെയും വസ്തുതകളെ അടിസ്ഥാനമാക്കിയാണ് എഎഐബിയുടെ പ്രാഥമിക റിപ്പോര്‍ട്ട് പറയുന്നത് എന്നും വ്യോമയാന മന്ത്രി ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
