

ന്യൂഡല്‍ഹി: വിദ്യാര്‍ഥികള്‍ക്ക് നേരെ ഉണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതിന് കസ്റ്റഡിയില്‍ എടുത്ത കോണ്‍ഗ്രസ് നേതാക്കളെ വിട്ടയച്ചു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്ത് മൂന്ന് മണിക്കൂറിനു ശേഷമാണ് വിട്ടയച്ചത്. രാഹുല്‍ ഗാന്ധിയെ ഛത്രസാല്‍ സ്റ്റേഡിയത്തിലേക്കാണ് പൊലീസ് ബലമായി കൊണ്ടുപോയത്. ഇവിടേക്കും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂട്ടമായെത്തി പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം തുടരുമെന്നും വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
പൊലീസ് കസ്റ്റഡിയില്‍ നിന്ന് ഇറങ്ങിയ ഉടനെ വൈകാരികമായാണ് പ്രിയങ്ക പ്രതികരിച്ചത്. 'എന്റെ സഹോദരനെ ഭയപ്പെടുത്താനാകില്ല'- പ്രിയങ്ക മാധ്യമങ്ങളോട് പറഞ്ഞു. സമരം ചെയ്ത് വിദ്യാര്‍ഥികളുടെ ആവശ്യങ്ങള്‍ നിറവേറ്റുമെന്നും അവര്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അടക്കം കസ്റ്റഡിയിലെടുത്ത മുഴുവന്‍ നേതാക്കളെയും പൊലീസ് വിട്ടയച്ചു. അതിനിടെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്ത പ്രിയങ്ക ഗാന്ധി എംപിയെ കാണാന്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി പൊലീസ് സ്റ്റേഷനില്‍ എത്തി. മന്ദിര്‍ മാര്‍ഗ് പൊലീസ് സ്റ്റേഷനിലേക്കാണ് സോണിയ ഗാന്ധി എത്തിയത്. സ്റ്റേഷനിൽ വച്ച് കസ്റ്റഡിയിലുള്ള പ്രിയങ്ക ഗാന്ധിയുമായി സോണിയ ഗാന്ധി കൂടിക്കാഴ്ച്ച നടത്തി.
പ്രധാനമന്ത്രിയുടെ വസതിയിലേക്കു കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയെ വഴിയിലൂടെ വലിച്ചിഴച്ചാണ് അറസ്റ്റ് ചെയ്തത്. യൂണിഫോമില്‍ നെയിംബോര്‍ഡ് വയ്ക്കാത്ത പൊലീസുകാരും മഫ്ടിയിലുള്ള ഉദ്യോഗസ്ഥരുമാണ് ബലപ്രയോഗം നടത്തിയത്. മുതിര്‍ന്ന നേതാക്കള്‍ അടക്കമുള്ളവര്‍ക്കെതിരെ ബലപ്രയോഗം നടത്തിയതോടെ പ്രതിഷേധം ശക്തമായി. അതേസമയം, സമരം തുടരുമെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സിജെപി പ്രതിഷേധത്തിനുനേരെ ഡല്‍ഹി പൊലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വസതിക്ക് മുന്‍പില്‍ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയത്. പ്രതിഷേധത്തിനിടെ ഡല്‍ഹി പൊലീസ് ഡീന്‍ കുര്യാക്കോസിനെ കയ്യേറ്റം ചെയ്തു. റോഡിലൂടെ വലിച്ചിഴച്ച ശേഷം അദ്ദേഹത്തെ അറസ്റ്റു ചെയ്തു. പ്രതിഷേധം അടിച്ചമര്‍ത്താന്‍ ലോക് കല്യാണ്‍ മാര്‍ഗില്‍ പ്രതിഷേധക്കാരെ പൊലീസ് വലയം ചെയ്തു. പൊലീസ് വാഹനത്തിനകത്തുവെച്ച് ഉദ്യോഗസ്ഥര്‍ തന്നെ മൃഗീയമായി കൈയേറ്റം ചെയ്തെന്ന് ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. മന്ത്രിയാണെന്ന് പറഞ്ഞിട്ടും പൊലീസ് കേള്‍ക്കാന്‍ തയ്യാറായില്ലെന്നും പിസി വിഷ്ണുനാഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വാഹനത്തിലേക്ക് മാറ്റിയതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
അതിനിടെ അനുരഞ്ജന ശ്രമവുമായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് സമര സ്ഥലത്തെത്തി രാഹുലുമായി ചര്‍ച്ച നടത്തി. എന്നാല്‍ സമരം അവസാനിപ്പിക്കണമെന്ന നിര്‍ദേശത്തിന് വഴങ്ങാന്‍ രാഹുല്‍ തയാറായില്ല. ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകര്‍ത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവയ്ക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാനോ, ചർച്ചയ്ക്കോ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
കഴിഞ്ഞ ദിവസം സിജെപി നടത്തിയ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് കാരണക്കാരായ പ്രധാനമന്ത്രിയും വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാനും രാജിവെക്കണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. സിജെപി നടത്തിയ പ്രതിഷേധത്തില്‍ വിദ്യാര്‍ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവരെ ആര്‍എംഎല്‍ ആശുപത്രിയിലെത്തി രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചിരുന്നു. വിഷയം പാര്‍ലമെന്റിലും പ്രതിപക്ഷം ശക്തമായി ഉയര്‍ത്തി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates