

കരൂര്‍: നിയമസഭ തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ് കരൂരിലെത്തി. ടിവികെയുടെ പ്രചാരണ റാലിയിലുണ്ടായ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളെ നേരില്‍ കണ്ട് ആശ്വസിപ്പിക്കുന്നതിനൊപ്പം അര്‍ഹരായ 32 കുടുംബാംഗങ്ങള്‍ക്കുള്ള താല്‍ക്കാലിക ആശ്രിത നിയമന ഉത്തരവുകള്‍ വിജയ് നേരിട്ട് കൈമാറും. മരിച്ച 41 പേരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാനുള്ള നീക്കത്തിന് ഹൈക്കോടതി അനുമതി നല്‍കിയതിനു പിന്നാലെയാണ് വിജയ് കരൂരിലെത്തിയത്.
ഭരണകക്ഷിയായ ടിവികെയുടെ നയപരമായ തീരുമാനങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് വിജയ്ക്ക് അനുകൂല വിധി പുറപ്പെടുവിച്ചത്. എങ്കിലും ഈ നിയമനങ്ങള്‍ താല്‍ക്കാലികമായിരിക്കുമെന്നും കോടതിയുടെ അന്തിമ ഉത്തരവിന് വിധേയമായിരിക്കുമെന്നും ജഡ്ജിമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ദുരന്തബാധിതര്‍ക്ക് ജോലി നല്‍കുന്നത്, ദുരന്തവുമായി ബന്ധപ്പെട്ട് നടക്കുന്ന സിബിഐ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ കാരണമാകുമെന്നും കാണിച്ച് ഡിഎംകെ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
രാഷ്ട്രീയ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ കോടതിയെ ആയുധമാക്കരുതെന്ന് ഡിഎംകെയോട് കോടതി വ്യക്തമാക്കി. 'നിങ്ങള്‍ എന്താണ് പറയാന്‍ ശ്രമിക്കുന്നത്? ഒരു മുഖ്യമന്ത്രി എന്താണ് ചെയ്യേണ്ടതെന്ന് കോടതി നിര്‍ദ്ദേശിക്കണമെന്നാണോ? മുഖ്യമന്ത്രി വിജയ് ഈ കേസില്‍ പ്രതിയല്ല' -കോടതി ഡിഎംകെ അഭിഭാഷകനോട് ചോദിച്ചു.
നേരത്തെ വിജയ്യുടെ കരൂര്‍ സന്ദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ സുപ്രീംകോടതിയെ സമീപിച്ചിരുന്നെങ്കിലും അവിടെ നിന്നും തിരിച്ചടിയാണ് ലഭിച്ചത്. തുടര്‍ന്ന്, മുഖ്യമന്ത്രി ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് മുന്‍പ് സിബിഐയുടെ അഭിപ്രായം തേടണമെന്നും സാക്ഷി മൊഴികള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഡിഎംകെ സിബിഐയെയും മേല്‍നോട്ട സമിതിയെയും സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ സെപ്റ്റംബര്‍ 27ന് നടന്ന ടിവികെ റാലിയിലെ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടികളടക്കം 41 പേര്‍ മരിച്ചത്. റാലിയിലെ അശാസ്ത്രീയ ക്രമീകരണങ്ങളാണ് ദുരന്തത്തിന് വഴിവെച്ചതെന്ന് ഡിഎംകെ ആരോപിക്കുമ്പോള്‍, തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് മരണങ്ങളെന്നാണ് ടിവികെ നിലപാട്. നിലവില്‍ കേസില്‍ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് അയ്യായിരത്തോളം പൊലീസ് ഉദ്യോഗസ്ഥരെയാണ് കരൂരില്‍ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates