ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ജന്തർ മന്തറിൽ നടത്തിയ സമരം അവസാനിപ്പിക്കുന്നതിനായി നൽകിയ ഉറപ്പുകൾ കേന്ദ്ര സർക്കാർ പാലിച്ചില്ലെന്ന ആരോപണവുമായി പ്രഷർ ഗ്രൂപ്പായ കോക്രോച്ച് ജനതാ പാർട്ടി രംഗത്ത്. യുവാക്കളുടെ വിശ്വാസം തകർത്ത് കേന്ദ്ര സർക്കാർ രാജ്യത്തെ വിദ്യാർഥി സമൂഹത്തെ വഞ്ചിച്ചതായി സംഘടന കുറ്റപ്പെടുത്തി. പാർട്ടി വക്താക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവർക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ നിലപാട് വ്യക്തമാക്കിയത്. സമാധാനപരമായ പ്രക്ഷോഭം അവസാനിപ്പിക്കാൻ വാഗ്ദാനങ്ങൾ നൽകുകയും ഉദ്ദേശിച്ച ഫലം ലഭിച്ച ശേഷം അതിൽ നിന്ന് പിന്മാറാൻ ശ്രമിക്കുകയും ചെയ്യുന്നത് ഒരു തലമുറയെത്തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടന ഔദ്യോഗിക പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
പ്രക്ഷോഭത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കുന്നത് സംബന്ധിച്ച് കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഇതുവരെ കേസുകളുടെ പട്ടിക ഹാജരാക്കാൻ സർക്കാർ തയ്യാറായിട്ടില്ലെന്ന് സിജെപി അറിയിച്ചു. സംയുക്ത വാർത്താസമ്മേളനത്തിൽ നൽകിയ ഔദ്യോഗിക ഉറപ്പുകളുടെ അടിസ്ഥാനത്തിൽ സമരം പിൻവലിച്ച ശേഷം സർക്കാർ വിദ്യാർഥി സമൂഹത്തെ വഞ്ചിക്കാനാണ് ശ്രമിക്കുന്നതെന്ന് സിജെപി കോ-കൺവീനർ സൗരവ് ദാസും ലീഗൽ അഫയേഴ്‌സ് ലീഡ് രത്‌ന സിംഗും മുന്നറിയിപ്പ് നൽകി. നൽകിയ വാഗ്ദാനങ്ങൾ മാറ്റിയെഴുതാനോ വൈകിപ്പിക്കാനോ ഉള്ള ഏത് നീക്കവും കൊടും വഞ്ചനയായി കാണുമെന്നും അവർ വ്യക്തമാക്കി.
സർക്കാർ പ്രതിനിധികൾ ഇതുവരെ ചർച്ചകൾക്ക് തയ്യാറായിട്ടില്ലെന്നും, ആത്മഹത്യ ചെയ്ത നീറ്റ് വിദ്യാർത്ഥികളുടെ കുടുംബങ്ങൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകുന്നത് ഉൾപ്പെടെയുള്ള ആവശ്യങ്ങളിൽ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സംഘടന ആരോപിച്ചു. ധർമേന്ദ്ര പ്രധാന്റെ രാജിയാണ് പ്രക്ഷോഭത്തിലൂടെ കൈവരിച്ചതെങ്കിലും, യുവാക്കൾക്ക് നൽകിയ ഓരോ ഉറപ്പും പാലിക്കുന്നതുവരെ വിശ്രമിക്കില്ലെന്ന് നേതാക്കൾ വ്യക്തമാക്കി.
തുടർനടപടികൾ തീരുമാനിക്കുന്നതിനായി ആഗസ്റ്റ് 24-ന് സംഘടന യോഗം ചേരുമെന്നും രാജ്യവ്യാപകമായി വീണ്ടും പ്രക്ഷോഭത്തിന് തയ്യാറെടുക്കാൻ വിദ്യാർഥികളോടും യുവാക്കളോടും വോളണ്ടിയർമാരോടും സിജെപി ആഹ്വാനം ചെയ്തു. തങ്ങളുടെ ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതായി പ്രഖ്യാപിച്ചിനെ തുടർന്ന് ഒരു മാസത്തിലേറെ നീണ്ട പ്രതിഷേധം ജൂലൈ 25-നാണ് സിജെപി അവസാനിപ്പിച്ചത്.
നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ആത്മഹത്യ ചെയ്തവരുടെ കുടുംബങ്ങൾക്ക് പരമാവധി നഷ്ടപരിഹാരം നൽകുക, കേന്ദ്ര സർക്കാരും എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളും രജിസ്റ്റർ ചെയ്ത എല്ലാ എഫ്ഐആറുകളും പിൻവലിക്കുകയും ഭാവിയിൽ സമരക്കാർക്കെതിരെ നടപടിയെടുക്കാതിരിക്കുകയും ചെയ്യുക, സി.ജെ.പിയുടെ അഞ്ചിന പരീക്ഷാ പരിഷ്കരണ ചാർട്ടർ പരിഗണിച്ച് തുടർചർച്ചകൾ നടത്തുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചിരുന്നതെന്ന് സംഘടന വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates