

ന്യൂഡല്‍ഹി: വഖഫ് ഭേദഗതി നിയമം ഭാഗികമായി സ്റ്റേ ചെയ്ത സുപ്രീം കോടതിയുടെ ഇടക്കാല വിധിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ഭരണഘടനാ മൂല്യങ്ങളുടെ വിജയം എന്നാണ് വിധിയെ കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. നിയമം ലക്ഷ്യമിട്ട ദുഷ്ട ഉദ്ദേശ്യങ്ങളെ മറികടക്കാന്‍ സുപ്രീം കോടതിയിടെ ഇടക്കാല വിധി കരുത്ത് നല്‍കുമെന്നും കോണ്‍ഗ്രസ് കമ്യൂണിക്കേഷന്‍ വിഭാഗം മേധാവി ജയറാം രമേശ് പ്രതികരിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളായ നീതി, സമത്വം, സാഹോദര്യം എന്നിവ ഉറപ്പിക്കുന്നതാണ് സുപ്രീം കോടതി വിധി. സുപ്രീം കോടതിയുടെ ഇടപെടലോടെ നിയമ നിര്‍മാണത്തെ പാര്‍ലമെന്റില്‍ എതിര്‍ത്ത പാര്‍ട്ടികള്‍ കൂടിയാണ് വിജയിക്കുന്നത്. ഇപ്പോള്‍ കോടതി ചൂണ്ടിക്കാട്ടി വിഷയങ്ങള്‍ നിയമം പരിഗണിച്ച പാര്‍ലമെന്ററി കമ്മിറ്റിയിലെ അംഗങ്ങള്‍ എഴുതി നല്‍കിയിട്ടുള്ളതാണ്. ഇവരുടെ വിജയം കൂടിയാണ് സുപ്രീം കോടതി വിധിയെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
ഇപ്പോള്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്ത നിയമത്തിലെ വ്യവസ്ഥകള്‍ക്ക് പിന്നില്‍ ഗുഢലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നു. വഖഫ് സ്വത്തിന്റെ പദവിയെ കലക്ടറുടെ മുമ്പാകെ ചോദ്യം ചെയ്യാന്‍ കഴിയും എന്ന വ്യവസ്ഥ കേസുകളില്‍ പെടുത്ത സ്വത്തുക്കളുടെ ഭാവി അനിശ്ചിതത്വത്തില്‍ ആക്കുന്നതായിരുന്നു. അഞ്ച് വര്‍ഷം വിശ്വാസിയായ വ്യക്തിക്ക് മാത്രമേ സ്വത്തുക്കള്‍ വഖഫ് ചെയ്യാന്‍ കഴിയൂ എന്ന വ്യവസ്ഥ മതപരമായ ഭിന്നത ഉണര്‍ത്താന്‍ ശ്രമിക്കുന്നവരെ പ്രീണിപ്പിക്കാന്‍ വേണ്ടിയുള്ളതായിരുന്നു എന്നും ജയറാം രമേശ് കുറ്റപ്പെടുത്തി.
വഖഫ് ചെയ്യുന്നതിന് അഞ്ച് വര്‍ഷമെങ്കിലും വിശ്വാസിയായിരിക്കണം എന്ന വ്യവസ്ഥയുള്‍പ്പെടെയാണ് ഇടക്കാല വിധിയിലൂടെ ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് സ്റ്റേ ചെയ്തത്. വഖഫ് വിഷയങ്ങളില്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് അനുവദിച്ചിരുന്ന പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന വ്യവസ്ഥകള്‍ക്കുള്ള സ്റ്റേയും തുടരും. കലക്ടര്‍ക്ക് പൗരന്മാരുടെ വ്യക്തിപരമായ അവകാശങ്ങളില്‍ വിധി പ്രസ്താവിക്കാന്‍ അനുവാദമില്ലെന്നാണ് കോടതിയുടെ നിലപാട്. വഖഫ് സ്ഥാപനങ്ങളില്‍ മുസ്ലീങ്ങളല്ലാത്തവരെ ഉള്‍പ്പെടുത്തുന്നതിനുള്ള ഭേദഗതിയിലെ വ്യവസ്ഥയെക്കുറിച്ചും ഇടക്കാല വിധിയില്‍ പരാമര്‍ശമുണ്ട്. സംസ്ഥാന വഖഫ് ബോര്‍ഡില്‍ മൂന്ന് പേരില്‍ കൂടുതലും, കേന്ദ്ര വഖ്ഫ് ബോര്‍ഡില്‍ നാല് പേരില്‍ കൂടുതല്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ള പ്രതിനിധികള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
