

കോവിഡ് കേസുകൾ വർദ്ധിക്കാതിരിക്കാൻ ഇന്ത്യക്ക് മുന്നറിയിപ്പുമായി കനേഡിയൻ ഗവേഷകർ. വായൂസഞ്ചാരമില്ലാത്ത അടച്ചിട്ട മുറികളാണ് ഇനി കോവിഡ് വ്യാപനത്തിന്റെ പ്രധാന ഘടകമായി മാറുകയെന്ന് ഇവർ പറഞ്ഞു. കാനഡ പോലുള്ള രാജ്യങ്ങളിൽ ശൈത്യകാലത്ത് കോവിഡ് വ്യാപനം ഉയർന്നതിന് സമാനമായ ഒരു പ്രതിഭാസം വേനൽക്കാലത്തെ ചൂടിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ സംഭവിക്കുമെന്നാണ് വിദഗ്ധരുടെ നിരീക്ഷണം.
മെയ്, ജൂൺ മാസങ്ങളിൽ താപനില ഉയരുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. മാസ്ക് ഉപയോഗവും ചെറിയ ഒത്തുചേരലുകളും ഒക്കെ പലയിടത്തും ആളുകളുടെ ശ്രദ്ധ കുറച്ചിട്ടുണ്ടെന്നും വേനൽ ചൂടിൽ നിലവിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായേക്കുമെന്നും ഗവേഷകർ പറയുന്നു. ടൊറന്റോ ആസ്ഥാനമായുള്ള യൂണിറ്റി ഹെൽത്ത് സെന്റ് മൈക്കൽ ഹോസ്പിറ്റലിലെ എപ്പിഡെമിയോളജിസ്റ്റും സെന്റർ ഫോർ ഗ്ലോബൽ ഹെൽത്ത് റിസർച്ചിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറുമായ പ്രഭാത് ജാ ആണ് മുന്നറിയിപ്പ് നൽകിയത്.
18 വലിയ ഇന്ത്യൻ നഗരങ്ങളിൽ നിന്നുള്ള കണക്കനുസരിച്ച് 50-60 ശതമാനം മുതിർന്ന് ആളുകൾക്ക് ഇതിനകം രോഗം ബാധിച്ചതാണ്. ഇന്ത്യയിൽ നിലവിൽ കോവിഡ് കേസുകൾ കുറയാനുള്ള കാരണമായി ചൂണ്ടിക്കാട്ടുന്നതും ഇതുതന്നെയാണ്. അതേസമയം വീണ്ടും ഇവിടെ കേസുകൾ വർദ്ധിക്കുന്നത് പ്രത്യേകിച്ച് മുംബൈയിലെ നിലവിലെ സ്ഥിതി ആശങ്കപ്പെടുത്തുന്നതാണെന്ന് ഗവേഷണകർ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates