ARUNACHAL, SIKKIM COUNTING LIVE: സിക്കിമില്‍ 'തമാങ്' തരംഗം; തൂത്തുവാരി എസ്‌കെഎം; അരുണാചലില്‍ മൂന്നാംവട്ടവും ബിജെപി

എസ്ഡിഎഫ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പവന്‍കുമാര്‍ ചാംലിങ് രണ്ടു സീറ്റിലും പരാജയപ്പെട്ടു
sikkim, arunachal pradesh results
മുഖ്യമന്ത്രിയു പ്രേം സിങ് തമാങ് വിജയിച്ചു ഫെയ്സ്ബുക്ക്

സിക്കിമില്‍ എസ്‌കെഎമ്മിന് അധികാരത്തുടര്‍ച്ച

സിക്കിമില്‍ വമ്പന്‍ വിജയത്തിലേക്ക് ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച. 32 ല്‍ 16 സീറ്റില്‍ എസ് കെഎം വിജയിച്ചു. 15 സീറ്റില്‍ എസ്‌കെഎം മുന്നിട്ടു നില്‍ക്കുകയാണ്. പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. എസ്‌കെ എം നേതാവും മുഖ്യമന്ത്രിയുമായ പ്രേം സിങ് തമാങ് വിജയിച്ചു. എസ്ഡിഎഫ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പവന്‍കുമാര്‍ ചാംലിങ് പരാജയപ്പെട്ടു.

മുഖ്യമന്ത്രി പ്രേം സിങ് തമാങ് രണ്ടു സീറ്റിലാണ് മത്സരിച്ചത്. ഇതില്‍ റെനോക് സീറ്റില്‍ വിജയിച്ചു. 7044 വോട്ടുകളുടെ ഭൂരിപക്ഷത്തിന് സോറങ് ചാകുങ്ങിനെയാണ് പ്രേം സിങ് തോല്‍പ്പിച്ചത്. രണ്ടാമത്തെ മണ്ഡലമായ സോറങ് ചാകുങിലും മുഖ്യമന്ത്രി പ്രേം സിങ് തമാങ് ലീഡ് ചെയ്യുകയാണ്. തമാങിന്റെ ഭാര്യ കൃഷ്ണകുമാരി റായും മത്സര രംഗത്തുണ്ട്. എസ്ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ ബൈച്ചുങ് ബൂട്ടിയ പിന്നിലാണ്.

രണ്ടാം വട്ടവും സംസ്ഥാനം ഭരിക്കാനുള്ള ജനവിധിയാണ് എസ്‌കെഎം സ്വന്തമാക്കിയത്. 25 വര്‍ഷം അധികാരത്തിലിരുന്ന സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ കീഴടക്കി 2019 ലാണ് എസ്‌കെഎം അധികാരത്തിലെത്തുന്നത്. 2019 ല്‍ എസ്‌കെഎം 17 സീറ്റാണ് നേടിയത്. ചാംലിങിന്റെ എസ്ഡിഎഫിന് 15 സീറ്റും ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ 32 ല്‍ 31 സീറ്റിലും എസ്‌കെഎം വന്‍ ലീഡ് നിലനിര്‍ത്തിയിരിക്കുകയാണ്.

അരുണാചലില്‍ ബിജെപിക്ക് ഹാട്രിക്

അരുണാചല്‍ പ്രദേശില്‍ ബിജെപി തുടര്‍ച്ചയായ മൂന്നാംവട്ടവും അധികാരമുറപ്പിച്ചു. 60 അംഗ നിയമസഭയില്‍ 30 സീറ്റില്‍ ബിജെപി വിജയിച്ചു. 7 സീറ്റില്‍ ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ എന്‍പിപി രണ്ടിടത്തും ലീഡ് ചെയ്യുന്നുണ്ട്. പീപ്പിള്‍സ് പാര്‍ട്ടി ഓഫ് അരുണാചല്‍ രണ്ടിടത്ത് നിജയിച്ചു. എന്‍സിപി മൂന്നു സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. മുഖ്യമന്ത്രി പേമ ഖണ്ഡുവും വിജയിച്ച പ്രമുഖരില്‍പ്പെടുന്നു.

സിക്കിമില്‍ എസ്‌കെ എമ്മിന്റെ കുതിപ്പ്

സിക്കിമില്‍ തുടര്‍ഭരണം ഉറപ്പാക്കി സിക്കിം ക്രാന്തികാരി മോര്‍ച്ച. 32 അംഗ നിയമസഭയിലെ 31 സീറ്റിലും എസ്‌കെഎം മുന്നിട്ടു നില്‍ക്കുകയാണ്. പ്രധാന പ്രതിപക്ഷമായ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിനെ നിഷ്പ്രഭരാക്കിയാണ് എസ്‌കെ എമ്മിന്റെ കുതിപ്പ്. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് ഒരു സീറ്റില്‍ മാത്രമാണ് ലീഡു ചെയ്യുന്നത്. കോണ്‍ഗ്രസ് 12 സീറ്റില്‍ മത്സരിച്ചിരുന്നു.

അരുണാചലില്‍ വീണ്ടും ബിജെപി

അരുണാചല്‍ പ്രദേശില്‍ ബിജെപി വീണ്ടും അധികാരം ഉറപ്പിച്ചു. 60 അംഗ നിയമസഭയില്‍ 12 ഇടത്ത് ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 34 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ബിജെപി സഖ്യകക്ഷിയായ കോണ്‍റാഡ് സാംഗ്മയുടെ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) ആറു സീറ്റിലും ലീഡ് ചെയ്യുന്നുണ്ട്. മറ്റുള്ളവര്‍ ഒമ്പതു സീറ്റിലും ലീഡ് ചെയ്യുന്നു.

അരുണാചലില്‍ ബിജെപി ജയത്തിലേക്ക്?

അരുണാചല്‍ പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ രണ്ടുമണിക്കൂര്‍ പിന്നിടുമ്പോള്‍ കേവല ഭൂരിപക്ഷം കടന്നും ലീഡ് ഉയര്‍ത്തി ബിജെപി. 33 ഇടത്താണ് ബിജെപി ലീഡ് ചെയ്യുന്നത്. എന്‍പിപി ആറിടത്ത് ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസ് ഒരുസീറ്റില്‍ മാത്രമാണ് മുന്നേറുന്നത്

സിക്കിമില്‍ എസ്‌കെഎം പടയോട്ടം

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയാണ് മുന്നേറുന്നത്. 32 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 31 ഇടത്തും സിക്കിം ക്രാന്തികാരി മോര്‍ച്ചയ്ക്കാണ് ലീഡ്. പ്രതിപക്ഷ പാര്‍ട്ടിയായ സിക്കി ഡെമോക്രാറ്റിക് ഫ്രണ്ട് ഒരിടത്ത് മാത്രമാണ് ലീഡ് ഉയര്‍ത്തിയത്.

അരുണാചലില്‍ ബിജെപിക്ക് ലീഡ്

അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. 60 അംഗ അരുണാചല്‍ പ്രദേശ് നിയമസഭയിലേക്കും 32 അംഗ സിക്കിം നിയമസഭയിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

രണ്ടിടത്തും ഏപ്രില്‍ 19നായിരുന്നു വോട്ടെടുപ്പ്. അരുണാചല്‍ പ്രദേശില്‍ തുടര്‍ഭരണം ലക്ഷ്യമിടുന്ന ബിജെപി 18 ഇടത്ത് ലീഡ് ചെയ്യുകയാണ്. സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ച ആറിടത്താണ് ലീഡ് ചെയ്യുന്നത്.

അരുണാചലില്‍ 10 സീറ്റില്‍ ഇതിനോടകം ബിജെപി ജയിച്ചു

അരുണാചല്‍ പ്രദേശില്‍ 10 സീറ്റുകളില്‍ ഇതിനോടകം എതിരില്ലാതെ ബിജെപി സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മുഖ്യമന്ത്രി പേമ ഖണ്ഡു, ഉപമുഖ്യമന്ത്രി ചൗന മേന്‍ എന്നിവരടക്കമുള്ളവരാണ് എതിരില്ലാതെ വിജയിച്ചത്. 2019ല്‍ അരുണാചലില്‍ ബിജെപി 41 സീറ്റുമായാണ് അധികാരത്തിലെത്തിയത്. കോണ്‍ഗ്രസ് നാലും ജെഡിയു ഏഴും എന്‍പിപി അഞ്ചും സീറ്റുകളിലാണ് വിജയിച്ചത്.

സിക്കിമിൽ എസ്‌കെഎമ്മും എസ്ഡിഎഫും തമ്മിലാണ് മത്സരം

സിക്കിമില്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയും (എസ്‌കെഎം) സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടും (എസ്ഡിഎഫ്) തമ്മിലാണ് പ്രധാന മത്സരം. ബിജെപിയും കോണ്‍ഗ്രസും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ചിട്ടുണ്ട്. നിലവിലെ മുഖ്യമന്ത്രി പ്രേം സിങ് തമാങ് (എസ്‌കെഎം), മുന്‍ മുഖ്യമന്ത്രി പവന്‍ കുമാര്‍ ചാംലിങ് (എസ്ഡിഎഫ്), മുന്‍ ഫുട്ബോള്‍ താരം ബൈചുങ് ബൂട്ടിയ (എസ്ഡിഎഫ്) തുടങ്ങിയവരാണ് സംസ്ഥാനത്തെ പ്രമുഖ സ്ഥാനാര്‍ഥികള്‍. 2019ലെ തെരഞ്ഞെടുപ്പില്‍ 17 സീറ്റുമായി എസ്‌കെഎം അധികാരം പിടിക്കുകയായിരുന്നു. എസ്ഡിഎഫിന് 15 സീറ്റാണ് നേടാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com