ന്യൂഡല്‍ഹി : കൊറോണ വൈറസിനെതിരായ ഓക്‌സ്‌ഫോഡ് വാക്‌സിന്‍ 2021 ഫെബ്രുവരിയില്‍ രാജ്യത്ത് ലഭ്യമാകുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സിഇഒ അഡാര്‍ പൂനാവാല. പ്രായമേറിയവര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആയിരിക്കും ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക.
ഏപ്രില്‍ മാസത്തോടെയാകും രാജ്യത്തെ പൊതുജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാകുക. പൊതുജനങ്ങള്‍ക്ക് തുടര്‍ച്ചയായ രണ്ട് ഡോസിന് പരമാവധി ആയിരം രൂപയായിരിക്കും വില ഈടാക്കുകയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു.
2024 ഓടെ രാജ്യത്തെ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കും. വന്‍തോതില്‍ വാങ്ങുന്നതിനാല്‍ 3-4 യുഎസ് ഡോളര്‍ നിരക്കിലാകും കേന്ദ്രസര്‍ക്കാരിന് വാക്‌സിന്‍ ലഭിക്കുക. അതുകൊണ്ടുതന്നെ വിപണിയിലുള്ള മറ്റു വാക്‌സിനുകളേക്കാള്‍ കുറഞ്ഞ വിലയ്ക്ക് വാക്‌സിന്‍ ലഭ്യമാക്കാനാകും.
ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയുടെ ആസ്ട്ര സെനിക്ക വാക്‌സിന്‍ പ്രായമേറിയവരില്‍ പോലും മികച്ച ഫലം ഉണ്ടാക്കുന്നുണ്ട്. ബ്രിട്ടനിലും യൂറോപ്യന്‍ മെഡിസിന്‍ ഇവാലുവേഷന്‍ ഏജന്‍സിയും അടിയന്തരഘട്ടങ്ങളില്‍ വാക്‌സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ അടിയന്തരഘട്ടങ്ങളില്‍ വാക്‌സിന്‍ പരീക്ഷിക്കാന്‍ ഡ്രഗ് കണ്‍ട്രോളര്‍ അനുമതി നല്‍കേണ്ടതുണ്ട്.
ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ രണ്ടു മുതല്‍ എട്ടു ഡിഗ്രി സെല്‍ഷ്യസില്‍ വരെ സൂക്ഷിക്കാം. ഫെബ്രുവരി മുതല്‍ മാസം 10 കോടി വാക്‌സിന്‍ നിര്‍മ്മിക്കാനാണ് ഇൻസ്റ്റിറ്റ്യൂട്ട് പദ്ധതിയിടുന്നത്. ഇന്ത്യയ്ക്ക് ഏതാണ്ട് 400 ദശലക്ഷം ഡോസാണ് ജൂലൈയോടെ വേണ്ടി വരുന്നത്.
ഏതാണ്ട് 30-40 കോടി ഡോസ് വാക്‌സിനുകള്‍ 2021 ആദ്യപാദത്തില്‍ തന്നെ ലഭ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട് മേധാവി പറഞ്ഞു. കോവിഡിനെതിരെ രണ്ട് വാക്‌സിനുകള്‍ ഡിസംബര്‍ മധ്യത്തോടെ ഉപാധികള്‍ക്ക് വിധേയമായി വിപണിയില്‍ ഇറക്കാന്‍ അനുമതി നല്‍കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അധികൃതര്‍ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates