

ന്യൂഡൽഹി: ദേശീയ ബിരുദ പ്രവേശന പരീക്ഷയിൽ (സിയുഇടി- യുജി) വിഷയങ്ങൾ വെട്ടിചുരുക്കി. ഇത്തവണ 37 വിഷയങ്ങൾ മാത്രമാണുള്ളത്. കഴിഞ്ഞ വർഷം 63 വിഷയങ്ങളാണുണ്ടായിരുന്നത്. എന്നാൽ ഏതൊക്കെ വിഷയങ്ങളാണ് ഒഴിവാക്കിയതെന്ന കാര്യത്തിൽ വ്യക്തതയില്ല. ഒഴിവാക്കിയ വിഷയങ്ങളിലെ പ്രവേശനം ജനറൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ അടിസ്ഥാനത്തിലാകും നടത്തുക. ബിരുദ പഠനവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ പരിഷ്കരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഈ മാറ്റം.
12-ാം ക്ലാസിൽ ഏതു വിഷയത്തിൽ പഠിച്ചുവെന്ന വ്യത്യാസമില്ലാതെ സിയുഇടി- യുജിയിൽ വിഷയങ്ങൾ തിരഞ്ഞെടുക്കാം. പ്രവേശന പരീക്ഷയിൽ വിജയം നേടിയാൽ മാത്രം മതിയെന്നും യുജിസിയുടെ മാർഗരേഖയിൽ പറയുന്നു. ഇത്തവണ ഒരു വിദ്യാർഥിക്ക് തിരഞ്ഞെടുക്കാവുന്ന വിഷയം പരമാവധി 5 മാത്രമാക്കും. സിയുഇടി ആരംഭിച്ച വർഷങ്ങളിൽ 10 വിഷയം വരെ തിരഞ്ഞെടുക്കാൻ സാധിച്ചിരുന്നു.
കഴിഞ്ഞ വർഷം 33 ഭാഷകൾക്ക് പ്രത്യേകം പരീക്ഷയുണ്ടായിരുന്നത് 13 ആയി. ഡൊമെയ്ൻ വിഷയങ്ങൾ 29 ൽ നിന്ന് 23 ആയി. ഒൻട്രപ്രനർഷിപ്പ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ്, ഫാഷൻ സ്റ്റഡീസ്, ടൂറിസം, ലീഗൽ സ്റ്റഡീസ്, എൻജിനീയറിങ് ഗ്രാഫിക്സ് എന്നിവ ഒഴിവാക്കി.
ഓരോ വിഷയത്തിലെയും പരീക്ഷാ സമയം 60 മിനിറ്റായി നിജപ്പെടുത്തും. കഴിഞ്ഞ വർഷം 45-60 മിനിറ്റ് ആയിരുന്നു. ഇത്തവണ മുതൽ ഓപ്ഷനൽ ചോദ്യവുമില്ല. മുഴുവൻ ചോദ്യത്തിനും ഉത്തരം നൽകണം. സിയുഇടി - യുജി, പിജി പരീക്ഷയുടെ പരിഷ്കരണവുമായി ബന്ധപ്പെട്ട് യുജിസി വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates