

ചെന്നൈ: ജന ജീവിതം താറുമാറാക്കി ആഞ്ഞടിച്ച ഫിൻജാൽ ചുഴലിക്കാറ്റ് ശക്തി കുറഞ്ഞു അടുത്ത 12 മണിക്കൂറിൽ ന്യൂനമർദ്ദമായി മാറുമെന്നു കാലാവസ്ഥാ കേന്ദ്രം. തമിഴ്നാട്ടിലെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. പുതുച്ചേരിയിലും വിഴുപ്പുറത്തും വെള്ളപ്പൊക്കത്തിൽ ജനം വലിയ ദുരിതമാണ് അനുഭവിച്ചത്.
തമിഴ്നാട്ടിലും പുതുച്ചേരിയിലുമായി കനത്ത മഴയിൽ 9 പേർ മരിച്ചു. സൈന്യം രക്ഷാ ദൗത്യം തുടരുകയാണ്.
ഫിൻജാൽ കര തൊട്ട പുതുച്ചേരിയിൽ റെക്കോർഡ് മഴയാണ് പെയ്തിറങ്ങിയത്. പുതുച്ചേരിയിൽ ദുരിതപ്പെയ്ത്തിൽ നിരവധി വീടുകളിലടക്കം വെള്ളം കയറി. പ്രധാന ബസ് ഡിപ്പോയിലും വെള്ളം കയറിയ നിലയിലാണ്.
സബ് സ്റ്റേഷനുകളിലും വെള്ളം കയറിയതോടെ വൈദ്യുതി ബന്ധം താറുമാറായി. പുനഃസ്ഥാപനം കടുത്ത വെല്ലുവിളിയാണെന്നു അധികൃതർ പറയുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ പുതുച്ചേരിയിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ദുരിതാശ്വാസ ക്യാംപുകളാക്കുമെന്നു ജില്ലാ കലക്ടർ ഉത്തരവിട്ടു.
വിഴുപ്പുറത്തും സ്ഥിതി ആശങ്കാജനകമായി തുടരുകയാണ്. കടലൂർ, കള്ളക്കുറിച്ചി ജില്ലകളിൽ ഏക്കർ കണക്കിനു കൃഷി നശിച്ചു. തിരുവണ്ണാമലയിൽ ജില്ലാ കലക്ടറുടെ ഔദ്യോഗിക വസതിയുടെ ചുറ്റുമതിൽ തകർന്ന് വെള്ളം അകത്തേക്ക് കയറി.
അതേസമയം ഇന്നലെ കനത്ത മഴ പെയ്ത ചെന്നൈയിൽ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങി വരികയാണ്. മുന്നറിയിപ്പിനെ തുടർന്നു 16 മണിക്കൂർ അടച്ചിട്ട വിമാനത്താവളം പുലർച്ചെ നാലോടെ തുറന്നു. തമിഴ്നാട്ടിലും ആന്ധ്രയിലും കേരളത്തിലും വരും ദിവസങ്ങളിലും കനത്ത മഴ പെയ്യുമെന്നു മുന്നറിയിപ്പുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates