അഹമ്മദാബാദ്: താടിയും മീശയും വളര്‍ത്തിയതിന്റെ പേരില്‍ ദളിത് വിഭാഗത്തിപ്പെട്ട യുവാവിനും ഭാര്യാ പിതാവിനും നേരെ ആക്രമണം. ഗുജറാത്തിലെ ഖംഭാലിയ (ഒസാത്)യില്‍ നിന്നാണ് ജാതി വെറിയുടെ പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. താടിയും മീശയും വളര്‍ത്താനുള്ള അവകാശം ദളിതര്‍ക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. ഓഗസ്റ്റ് 11 ന് നടന്ന സംഭവത്തില്‍ എസ്സി/എസ്ടി (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം പൊലീസ് കേസെടുത്തു.
ഖംഭാലിയയിലെ മംഗ്‌നാഥ് പിപ്ലി ഗ്രാമത്തിലെ തൊഴിലാളിയായ സാഗര്‍ മക്വാന, ഭാര്യ പിതാവ് ജീവന്‍ഭായ് വാല എന്നിവരാണ് ആക്രമണത്തിന് ഇരയായത്. അക്രമികള്‍ ജാതീയമായി അധിക്ഷേപിക്കുകും കയ്യേറ്റം ചെയ്‌തെന്നുമാണ് പരാതി. ഖംഭാലിയയിലെ വര്‍ക്ക് ഷോപ്പില്‍ തന്റെ ബൈക്ക് നന്നാക്കാന്‍ പോയപ്പോഴായിരുന്നു സംഭവം. നവി ചാവന്ദ് ഗ്രാമ വാസിയായ ശൈലേഷ് ജെബാലിയ എന്നയാള്‍ സാഗറിനെ തടഞ്ഞുവച്ച് അസഭ്യം പറയുകയും താടിയും മീശയും വളര്‍ത്തിയതിന് അധിക്ഷേപിക്കുകയും ചെയ്‌തെന്നാണ് പരാതിയില്‍ പറയുന്നത്. ആക്രമണം ഭയന്ന് ഭാര്യാ പിതാവിനെ സാഗര്‍ വിളിച്ചുവരുത്തി. ഇതിനിടെ രജിസ്‌ട്രേഷന്‍ നമ്പറില്ലാത്ത കാറില്‍ എത്തിയ ലാലോ ഭൂപതി എന്നയാളും മറ്റ് രണ്ട് പേരും ചേര്‍ന്ന് ഇരുവരെയും മര്‍ദിക്കുകയായിരുന്നു. സംഭവം കണ്ട് നാട്ടുകാര്‍ കൂടിയതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
ആക്രമണത്തില്‍ പരിക്കേറ്റ സാഗര്‍ മക്വാന, ജീവന്‍ഭായ് വാല എന്നിവരെ ജുനഗഡ് സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശൈലേഷ് ജെബാലിയ, ലാലോ കത്തി ദര്‍ബാര്‍, തിരിച്ചറിയാത്ത മൂന്ന് കൂട്ടാളികള്‍ എന്നിവര്‍ക്കെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നും അവരെ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും എഎസ്പി രോഹിത് കുമാര്‍ ഡാഗര്‍ ദ ന്യൂ ഇന്ത്യന്‍ എക്സ്പ്രസിനോട് പ്രതികരിച്ചു. സംഭവത്തില്‍ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്. ഗുജറാത്തിലെ ഗ്രാമങ്ങളില്‍ വേരൂന്നിയ ജാതി വിവേചനത്തിന്റെ ഏറ്റവും പുതിയ ഉദാരണമാണ് ഈ സംഭവം എന്നാണ് പ്രധാന വാദം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
