ബില്ലുകൾക്ക് സമയപരിധി: രാഷ്ട്രപതിയുടെ റഫറന്‍സില്‍ സുപ്രീംകോടതി വിധി ഇന്ന്; കേരളത്തിന് നിർണായകം

രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു
Supreme Court
Supreme Court
Updated on
2 min read

ന്യൂഡല്‍ഹി: ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട പ്രസിഡൻഷ്യൽ റഫറന്‍സില്‍ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചാണ് റഫറന്‍സിന് വ്യക്തത നല്‍കുക. പ്രസിഡന്‍ഷ്യല്‍ റഫറന്‍സ് എന്ന സവിശേഷ അധികാരം ഉപയോഗിച്ച്, 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു റഫന്‍സില്‍ വ്യക്തത തേടിയിരിക്കുന്നത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമാണ് രാഷ്ട്രപതി സുപ്രീം കോടതിയോട് വ്യക്തത തേടിയത്.

Supreme Court
ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാല്‍ തകര്‍ന്നില്ല; എഐ ഉപയോഗിച്ച് വ്യാജ പ്രചാരണം, പിന്നില്‍ ചൈനയെന്ന് യുഎസ്

സംസ്ഥാനങ്ങളില്‍ നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ രാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും സുപ്രീംകോടതി സമയം നിശ്ചയിച്ചിരുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കുന്നതില്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോയെന്ന് രാഷ്ട്രപതി ചോദിക്കുന്നു. ഭരണഘടന സമയപരിധി നിശ്ചയ്ക്കാത്ത സാഹചര്യത്തില്‍ സുപ്രീം കോടതിക്ക് എങ്ങനെയാണ് ഇത്തരത്തില്‍ വിധി പുറപ്പെടുവിക്കാനാകുക. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കാന്‍ സമയപരിധി ഇല്ലെന്നും സുപ്രീം കോടതിക്ക് കൈമാറിയ റഫറന്‍സില്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രാജ്യത്തിന്റെ അഖണ്ഡത, സുരക്ഷ, ഫെഡറലിസം, നിയമങ്ങളുടെ ഏകീകരണം തുടങ്ങിയ ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്തതാണ് രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നതെന്നും രാഷ്ട്രപതി റഫറന്‍സില്‍ ചൂണ്ടിക്കാട്ടുന്നു. രാഷ്ട്രപതി ബില്ലുകളില്‍ അംഗീകാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി മുന്‍പ് വ്യത്യസ്ത വിധികള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരം ഇക്കാര്യത്തില്‍ വ്യക്തത തേടുന്നതെന്ന് രാഷ്ട്രപതി റഫറന്‍സില്‍ വ്യക്തമാക്കുന്നു.

രാഷ്ട്രപതിയുടെ റഫറന്‍സ് മടക്കണമെന്ന് കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങള്‍ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ ഭരണ സംസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം ഇന്നത്തെ വിധി നിര്‍ണായകമാണ്.

തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്കെതിരെ നല്‍കിയ കേസിലാണ്, നിയമസഭകള്‍ പാസ്സാക്കുന്ന ബില്ലുകളില്‍ തീരുമാനം എടുക്കുന്നതിന് രാഷ്ട്രപതിക്കും, ഗവര്‍ണര്‍മാര്‍ക്കും സമയ പരിധി നിശ്ചയിച്ച് കൊണ്ട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരടങ്ങിയ രണ്ടം​ഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

Supreme Court
വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് ഫീസ് പത്തിരട്ടി കൂട്ടി, പുതിയ നിരക്കുകള്‍ ഇങ്ങനെ

രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങള്‍ ഇവയാണ്:

1. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഒരു നിയമസഭ പാസ്സാക്കിയ ബില്‍ ലഭിക്കുമ്പോള്‍ ഗവര്‍ണര്‍മാര്‍ക്ക് മുന്നിലുള്ള ഭരണഘടനാപരമായ മാര്‍ഗങ്ങള്‍ എന്തൊക്കെയാണ്?

2. ഈ ഓപ്ഷനുകള്‍ വിനിയോഗിക്കുന്നതില്‍ മന്ത്രിസഭയുടെ ഉപദേശം ഗവര്‍ണര്‍ പാലിക്കേണ്ടതുണ്ടോ?

3. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ വിവേചനാധികാരം പ്രയോഗിക്കുന്നത് ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

4. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ നടപടികളുടെ ജുഡീഷ്യല്‍ പരിശോധനയ്ക്ക് ആര്‍ട്ടിക്കിള്‍ 361 വിലക്ക് ഏര്‍പ്പെടുത്തുന്നില്ലേ ?

5. ഭരണഘടനാപരമായി സമയപരിധികള്‍ ഇല്ലെങ്കിലും, ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണര്‍മാര്‍ അവരുടെ അധികാരങ്ങള്‍ വിനിയോഗിക്കുമ്പോള്‍ കോടതികള്‍ക്ക് സമയപരിധി നിശ്ചയിക്കാനും നടപടിക്രമങ്ങള്‍ നിര്‍ദ്ദേശിക്കാനും കഴിയുമോ?

6. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണോ?

7. ആര്‍ട്ടിക്കിള്‍ 201 പ്രകാരം രാഷ്ട്രപതിയുടെ വിവേചനാധികാരം പ്രയോഗിക്കുന്നതിന് കോടതികള്‍ക്ക് സമയപരിധികളും നടപടിക്രമങ്ങളും നിശ്ചയിക്കാന്‍ കഴിയുമോ?

8. ഗവര്‍ണര്‍ അയക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കുമ്പോള്‍ ആര്‍ട്ടിക്കിള്‍ 143 പ്രകാരം രാഷ്ട്രപതിക്ക് സുപ്രീം കോടതിയുടെ അഭിപ്രായം തേടേണ്ടതുണ്ടോ?

9. ഒരു നിയമം ഔദ്യോഗികമായി പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ആര്‍ട്ടിക്കിള്‍ 200, 201 പ്രകാരം ഗവര്‍ണറും പ്രസിഡന്റും എടുക്കുന്ന തീരുമാനങ്ങള്‍ നീതിന്യായ പരിശോധനയ്ക്ക് വിധേയമാണോ?

10. ആര്‍ട്ടിക്കിള്‍ 142 വഴി പ്രസിഡന്റോ ഗവര്‍ണറോ പ്രയോഗിക്കുന്ന ഭരണഘടനാപരമായ അധികാരങ്ങള്‍ ജുഡീഷ്യറിക്ക് പരിഷ്‌കരിക്കാനോ അസാധുവാക്കാനോ കഴിയുമോ?

11. ആര്‍ട്ടിക്കിള്‍ 200 പ്രകാരം ഗവര്‍ണറുടെ അനുമതിയില്ലാതെ ഒരു സംസ്ഥാന നിയമം പ്രാബല്യത്തില്‍ വരുമോ?

12. സുപ്രീം കോടതിയുടെ ഏതെങ്കിലും ബെഞ്ച്, കേസില്‍ ഭരണഘടനാ വ്യാഖ്യാനം ഉള്‍പ്പെട്ടിട്ടുണ്ടെന്ന് നിര്‍ണ്ണയിച്ചാല്‍, ആര്‍ട്ടിക്കിള്‍ 145(3) പ്രകാരം അഞ്ച് ജഡ്ജിമാരുടെ ബെഞ്ചിലേക്ക് റഫര്‍ ചെയ്യേണ്ടതല്ലേ?

13. ആര്‍ട്ടിക്കിള്‍ 142 പ്രകാരമുള്ള സുപ്രീം കോടതിയുടെ അധികാരങ്ങള്‍ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പുറമേ നിലവിലുള്ള ഭരണഘടന അല്ലെങ്കില്‍ നിയമപരമായ വ്യവസ്ഥകള്‍ക്ക് അതീതമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുന്നതിന് അധികാരമുണ്ടോ ?

14. ആര്‍ട്ടിക്കിള്‍ 131 പ്രകാരമുള്ള സ്യൂട്ടിലൂടെയല്ലാതെ, മറ്റേതെങ്കിലും മാര്‍ഗത്തിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ ഭരണഘടന സുപ്രീം കോടതിയെ അനുവദിക്കുന്നുണ്ടോ?

ദേശീയ പ്രാധാന്യമുള്ള കാര്യങ്ങളില്‍ ജുഡീഷ്യല്‍ വ്യാഖ്യാനത്തിന്റെ ആവശ്യകതയെ ഉയര്‍ത്തിപ്പിടിക്കുന്നതിനൊപ്പം, എക്സിക്യൂട്ടീവ്, ജുഡീഷ്യല്‍ അധികാരത്തിന്റെ ഭരണഘടനാപരമായ അതിരുകളെക്കുറിച്ച് കൂടി രാഷ്ട്രപതി വ്യക്തത തേടുന്നു.

Summary

The Supreme Court's Constitution Bench will pronounce its verdict today on the presidential reference related to the Supreme Court verdict that set a deadline for the President and the Governor to take decisions on bills.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com