

ന്യൂഡല്‍ഹി: പ്രകാശത്തിന്റെ ഉത്സവമായ ദീപാവലിക്ക് യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക പദവി. ഡല്‍ഹിയിലെ ചെങ്കോട്ടയില്‍ വെച്ച് നടന്ന യുനെസ്‌കോയുടെ സാംസ്‌കാരിക പൈതൃക സംരക്ഷണസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്. ഇതാദ്യമായാണ് ഇത്തരമൊരു സമ്മേളനത്തിന് ഇന്ത്യ വേദിയാകുന്നത്.
മാനവികതയുടെ അവര്‍ണനീയ സാംസ്‌കാരിക പൈതൃകങ്ങളുടെ പ്രാതിനിധ്യ പട്ടികയിലാണ് ഐക്യരാഷ്ട്ര സംഘടനയുടെ സാംസ്‌കാരിക വിഭാഗം ദീപാവലിയെ ഉള്‍പ്പെടുത്തിയത്. പ്രഖ്യാപനം നടത്തിയപ്പോള്‍ സമ്മേളനഹാളിലാകെ വന്ദേമാതരം, ഭാരത് മാതാ കീ ജയ് വിളികള്‍ മുഴങ്ങി. കുംഭമേള, കൊല്‍ക്കത്തയിലെ ദുര്‍ഗ്ഗാ പൂജ, ഗുജറാത്തിലെ ഗര്‍ബ നൃത്തം, യോഗ, തുടങ്ങി 15 ആഘോഷങ്ങള്‍ സാംസ്‌കാരിക പൈതൃത പദവി നേടിയിരുന്നു.
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആഘോഷിക്കുന്ന ഹൈന്ദവ ആഘോഷമാണ് ദീപാവലി. ഇരുട്ടിനുമേല്‍ വെളിച്ചത്തിന്റെയും തിന്മയ്ക്കുമേല്‍ നന്മയുടെയും വിജയത്തെ പ്രതിനിധീകരിക്കുന്നതാണ് ദീപവലി. ദീപാവലിയെ സംബന്ധിച്ച് ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്. പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ അതില്‍നിന്നു മഹാലക്ഷ്മി ഉയര്‍ന്നു വന്ന ദിവസമാണു ദീപാവലി എന്നതാണ് അതിലൊന്ന്. 14 വര്‍ഷത്തെ വനവാസത്തിനു ശേഷം ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയ ദിവസമാണിതെന്നും ഐതിഹ്യമുണ്ട്. ശ്രീകൃഷ്ണന്‍ നരകാസുരനെ വധിച്ച് ആ അസുരന്റെ തടവില്‍ കഴിഞ്ഞിരുന്ന 16,000 സ്ത്രീകളെയും മോചിപ്പിച്ചു സംരക്ഷണം ഉറപ്പുകൊടുത്ത ദിവസമായ നരകചതുര്‍ദശിയും ദീപാവലിയും കേരളത്തില്‍ പലപ്പോഴും ഒരേ ദിവസം വരുന്നതിനാല്‍ ഈ ദിവസം ശ്രീകൃഷ്ണനെ ആരാധിക്കുന്നതും ഐശ്വര്യപ്രദമാണെന്നാണു വിശ്വാസം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates