

ന്യൂഡല്‍ഹി: ഡല്‍ഹി ചെങ്കോട്ടയിലുണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുപേര്‍ കൂടി മരിച്ചു. ഇതോടെ മരണസംഖ്യ 12 ആയി ഉയര്‍ന്നു. സ്‌ഫോടനത്തില്‍ മരിച്ച ആറു പേരെ തിരിച്ചറിഞ്ഞതായാണ് റിപ്പോര്‍ട്ട്. യുപി സ്വദേശി ദിനേശ് മിശ്ര, തുണിക്കട നടത്തുന്ന ഡല്‍ഹി സ്വദേശി അമര്‍ കഠാരിയ, ഓട്ടോ ഡ്രൈവര്‍ മൊഹ്‌സിന്‍, ബിഹാര്‍ സ്വദേശി പങ്കജ് സൈനി, 21കാരനായ യുപി സ്വദേശി റുമാന്‍, അശോക് കുമാര്‍ തുടങ്ങിയവരെയാണ് തിരിച്ചറിഞ്ഞത്.
ചെങ്കോട്ട സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തുടനീളം വിമാനത്താവളം, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് ടെര്‍മിനലുകള്‍ എന്നിവിടങ്ങളില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തി. രാജ്യതലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. നവംബര്‍ 13 വരെ ചെങ്കോട്ട അടച്ചു. രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ ഡല്‍ഹി ലാല്‍ക്വിലാ മെട്രോ സ്‌റ്റേഷന്‍ അടച്ചു.
ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ രാവിലെ 11 ന് ഉന്നതതല സുരക്ഷാ സമിതി യോഗം ചേര്‍ന്നു. സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്തി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍, ഇന്റലിജന്‍സ് ബ്യൂറോ ഡയറക്ടര്‍ തപന്‍ ദേക, ഡല്‍ഹി പൊലീസ് കമ്മിഷണര്‍ സതീഷ് ഗോല്‍ച്ച, എന്‍ഐഎ ഡിജി സദാനന്ദ് വസന്ത് ദാത്തെ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. ജമ്മു കശ്മീര്‍ ഡിജിപി നളിന്‍ പ്രഭാതും ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്തു.
ചാവേര്‍ ആക്രമണം നടത്തിയ ഡോക്ടര്‍ ഉമര്‍ മുഹമ്മദിന്റെ അമ്മയെയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ വ്യാപക പരിശോധന നടത്തി. ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സ്‌ഫോടനം നടത്തിയ കാര്‍ ഓടിച്ചിരുന്നത് ഡോക്ടര്‍ ഉമര്‍ മുഹമ്മദാണെന്ന് പൊലീസ് സൂചിപ്പിച്ചു. ഇയാള്‍ ഫരീദാബാദ് ഭീകരസംഘവുമായി ബന്ധമുള്ളയാളാണെന്ന് പൊലീസ് കണ്ടെത്തി. കാറിന്റെ മുന്‍ ഉടമസ്ഥരെയും ഉമറിന്റെ അമ്മയും സഹോദരങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates