

ന്യൂഡൽഹി: പ്രളയത്തിൽ മുങ്ങി രാജ്യ തലസ്ഥാനമായ ഡൽഹി. യമുനാ നദി കര കവിഞ്ഞൊഴുകിയതോടെ സ്ഥിതി സങ്കീർമായി തുടരുകയാണ്. ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രാത്രിയിൽ ജലനിരപ്പ് കുറഞ്ഞെങ്കിലും വെള്ളം ഇപ്പോഴും ഇറങ്ങിയിട്ടില്ല. ആറ് ജില്ലകൾ പ്രളയത്തിന്റെ രൂക്ഷമായ കെടുതികൾ അനുഭവിക്കുന്നു.
ശനിയാഴ്ച വരെ സ്കൂളുകൾക്കും കോളജുകൾക്കും അവധിയാണ്. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ചെങ്കോട്ട അടച്ചതായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ അറിയിച്ചു.
അതിനിടെ ഫ്രാൻസ് പര്യടനത്തിനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായേയും ഡൽഹി ലഫ്. ഗവർണറേയും ഫോണിൽ വിളിച്ച് സ്ഥിതി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാൻ എല്ലാ സഹായങ്ങളും നൽകുമെന്ന് മോദി അറിയിച്ചു.
ഹത്നികുണ്ഡ് അണക്കെട്ടില്‍ നിന്നുള്ള വെള്ളം ഇരച്ചെത്തിയതോടെ പ്രധാന റോഡുകളിലൂടെ നദി കുത്തിയൊഴുകുകയാണ്. ചെങ്കോട്ടയുടെ പിന്‍ഭാഗത്ത് ഒരാള്‍പൊക്കത്തില്‍ വെള്ളമുയര്‍ന്നു. സുപ്രീം കോടതി പരിസരത്തടക്കം ഡൽഹിയിൽ കൂടുതൽ മേഖലകളിലേക്ക് വെള്ളം ഒഴുകിയെത്തി. ഡല്‍ഹിയില്‍ രാത്രിയും ഗതാഗതക്കുരുക്ക് രൂക്ഷമാണ്. യമുനയില്‍ കഴിഞ്ഞ രണ്ട് മണിക്കൂറായി ജലനിരപ്പ് ഉയരാത്തത് ആശ്വസമാകുന്നു.
റോഡുകള്‍ പലതും വെള്ളത്തിനടിയിലായതോടെ കൂറ്റന്‍ ട്രക്കുകളും ബസുകളുമടക്കം മുങ്ങിക്കിടക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സികള്‍ പുറത്തുവിട്ടു. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്ന സ്ലീപ്പര്‍ ബസ്സുകളടക്കമാണ് മുങ്ങിപ്പോയത്. ട്രക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ കയര്‍കൊണ്ട് ബന്ധിച്ച് നിര്‍ത്തിയിരിക്കുകയാണ് പല സ്ഥലത്തും. പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ നിലയിലാണ് ട്രക്കുകള്‍ പലതും. കൂറ്റന്‍ കണ്ടെയ്‌നര്‍ ട്രക്കുകളും വെള്ളക്കെട്ടില്‍ കുടുങ്ങിയിട്ടുണ്ട്.
യമുനാ ബസാര്‍ പ്രദേശത്ത് നിരവധി വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നു. ഈ പ്രദേശത്തു നിന്നു ബോട്ടുകള്‍ ഉപയോഗിച്ച് ആളുകളെ ഒഴിപ്പിക്കുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വസതിയുടെ 350 മീറ്റര്‍ അടുത്തുവരെ പ്രളയജലം എത്തിയതായി റിപ്പോർട്ടുകളുണ്ട്. ആശുപത്രികളിലടക്കം വെള്ളം കയറിയതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അവശ്യ സർവീസുകൾ ഒഴികെ മറ്റു സർക്കാർ ജീവനക്കാർക്ക് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിട്ടുണ്ട്. ജനം പുറത്തിറങ്ങരുതെന്നും വീടുകളിൽ തന്നെ തുടരണമെന്നും ഡൽഹി സർക്കാർ നിർദ്ദേശിച്ചു. കുടിവെള്ള വിതരണത്തിന് ഇന്ന് മുതൽ നിയന്ത്രണങ്ങളുണ്ട്. എൻഡിആർ എഫിന്റെ 16 സംഘങ്ങളെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിന്യസിച്ചിട്ടുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates