

ന്യൂഡല്‍ഹി: പ്രസവാവധിക്ക് ശേഷം മടങ്ങിവരുന്ന ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ യോഗ്യതയില്ലെന്ന് പ്രഖ്യാപിച്ച റസ്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ തീരുമാനത്തെ രൂക്ഷമായി വിമര്‍ശിച്ച് ഡല്‍ഹി ഹൈക്കോടതി. മുന്‍കാല സെലക്ഷന്‍ മാനദണ്ഡങ്ങളില്‍ നിന്ന് ഫെഡറേഷന്‍ പെട്ടെന്ന് വ്യതിയാനം വരുത്തിയതിനെയും കോടതി ചോദ്യം ചെയ്തു.
പ്രശസ്തരായ കായികതാരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കുന്ന മുന്‍കാല രീതിയില്‍ നിന്ന് ഡബ്ല്യുഎഫ്‌ഐ വ്യതിചലിച്ചത് പലതും വിളിച്ചോതുന്നുണ്ടെന്ന് നിരീക്ഷിച്ച കോടതി, വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസ് സെലക്ഷന്‍ ട്രയല്‍സില്‍ ഫോഗട്ടിന് പങ്കെടുക്കാന്‍ അവസരം ഉറപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
നമ്മുടെ രാജ്യം മാതൃത്വത്തെ ആഘോഷിക്കുന്ന ഒന്നാണെന്നും ഫെഡറേഷന്‍ കായികതാരങ്ങളോട് 'പ്രതികാര ബുദ്ധിയോടെ' പെരുമാറരുതെന്നും ഡിവിഷന്‍ ബെഞ്ച് ഊന്നിപ്പറഞ്ഞു.
പാരിസ് ഒളിംപിക്‌സിനിടെ അച്ചടക്കലംഘനം നടത്തി, ആന്റി ഡോപ്പിങ് ട്ടങ്ങള്‍ ലംഘിച്ചു, ഇന്ത്യന്‍ ഗുസ്തിയുടെ അന്തസ്സിന് കളങ്കമുണ്ടാക്കി എന്നീ ആരോപണങ്ങള്‍ ഉന്നയിച്ച് മെയ് 9-ന് വിനേഷ് ഫോഗട്ടിന് ഡബ്ല്യു.എഫ്.ഐ 15 പേജുള്ള കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതോടെയാണ് തര്‍ക്കങ്ങള്‍ തുടങ്ങിയത്. ഗോണ്ടയില്‍ നടക്കുന്ന ഒരു ആഭ്യന്തര മത്സരത്തില്‍ പങ്കെടുക്കുന്നതിന് തൊട്ടുമുമ്പത്തെ ദിവസമാണ് ഫോഗട്ടിന് ഈ നോട്ടീസ് നല്‍കിയത്. അവളെ മത്സരങ്ങളില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടി ആരോ 'വൈക്കോല്‍ത്തുരുമ്പില്‍ പിടിച്ചുകയറാന്‍' നോക്കുകയാണെന്ന് ഫോഗട്ടിന്റെ സീനിയര്‍ കൗണ്‍സില്‍ കോടതിയില്‍ വാദിക്കുകയും, ട്രയല്‍സില്‍ പങ്കെടുക്കാന്‍ താരത്തിന് അവസരം നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പാരീസ് ഒളിംപിക്‌സിലെ ഫോഗട്ടിന്റെ അയോഗ്യത 'ദേശീയ നാണക്കേടാണ്' എന്ന് വിശേഷിപ്പിച്ച കാരണം കാണിക്കല്‍ നോട്ടീസിനെതിരെ കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. കൂടാതെ വിനേഷ് ഫോഗട്ടിനെ മാത്രം ലക്ഷ്യം വെച്ചാണ് ഡബ്ല്യുഎഫ്ഐ സെലക്ഷന്‍ മാനദണ്ഡങ്ങള്‍ മാറ്റിയതെന്ന് എന്തുകൊണ്ട് അനുമാനിച്ചു കൂടാ എന്നും കോടതി ചോദിച്ചു.
'അവര്‍ 2025 ജൂലൈയിലാണ് അമ്മയായത്. ഇപ്പോള്‍ നമ്മള്‍ മേയ് മാസത്തിലാണ് നില്‍ക്കുന്നത്. അവര്‍ അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തയായ ഒരു ഗുസ്തി താരമാണ്. അവര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ സെലക്ഷന്‍ മാനദണ്ഡങ്ങള്‍ മാറ്റിയതെന്ന് എന്തുകൊണ്ട് കരുതിക്കൂടാ? വ്യക്തിപരമായ തര്‍ക്കങ്ങളോ പിണക്കങ്ങളോ എന്തുതന്നെ ആയാലും, അതിന്റെ പേരില്‍ കായികരംഗം എന്തിന് കഷ്ടപ്പെടണം? നമ്മുടെ രാജ്യം മാതൃത്വത്തെ ആഘോഷിക്കുന്ന ഒന്നാണ്, അത് ഒരാളുടെ കരിയറിന് ദോഷകരമായി ഭവിക്കണമോ?' കോടതി ചോദിച്ചു. സര്‍ക്കുലറിലെ മാറ്റം തന്നെ എല്ലാം വ്യക്തമാക്കുന്നുണ്ട്. ദയവായി ഇങ്ങനെ പെരുമാറരുത്. ഇത് കായികരംഗത്തിന് നല്ലതല്ല. മുന്‍ സര്‍ക്കുലറില്‍ നിന്നുള്ള വ്യതിയാനം പല കാര്യങ്ങളും വിളിച്ചോതുന്നുണ്ടെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
ഡബ്ല്യുഎഫ്ഐയുടെ അന്നത്തെ പ്രസിഡന്റായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് 2023-ല്‍ പ്രതിഷേധം നയിച്ച വനിതാ ഗുസ്തി താരങ്ങളില്‍ മുന്‍പന്തിയില്‍ ഫോഗട്ടുമുണ്ടായിരുന്നു.
വിരമിക്കലില്‍ നിന്ന് മടങ്ങിവരുന്ന കായികതാരങ്ങള്‍ ആന്റി ഡോപ്പിംഗ് ചട്ടങ്ങള്‍ പ്രകാരം ആറ് മാസം മുമ്പ് നോട്ടീസ് നല്‍കണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ജൂണ്‍ 26 വരെ ആഭ്യന്തര മത്സരങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ഫെഡറേഷന്‍ ഫോഗട്ടിന് വിലക്കേര്‍പ്പെടുത്തിയത്.
എന്നാല്‍ പ്രസവത്തെത്തുടര്‍ന്നും അതിന്റെ വിശ്രമകാലയളവിലും തനിക്ക് നഷ്ടമായ മത്സരങ്ങളെ മാത്രം അടിസ്ഥാനമാക്കി, മെയ് 30-31 തീയതികളില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസ് ട്രയല്‍സില്‍ പങ്കെടുക്കാന്‍ അടുത്തിടെ ആഭ്യന്തര മെഡലുകള്‍ നേടിയവര്‍ക്ക് മാത്രമേ അര്‍ഹതയുള്ളൂ എന്ന രീതിയില്‍ ഡബ്ല്യുഎഫ്ഐ സെലക്ഷന്‍ മാനദണ്ഡങ്ങള്‍ മാറ്റിയെഴുതി എന്ന് ചൂണ്ടിക്കാട്ടിയാണ് ഫോഗട്ട് ഇതിനെതിരെ കോടതിയെ സമീപിച്ചത്. ഫെഡറേഷന്റെ വിലക്ക് നിലനില്‍ക്കെത്തന്നെ ഫോഗട്ട് ഗോണ്ടയില്‍ നടന്ന നാഷണല്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റില്‍ പങ്കെടുത്തിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates