'വോട്ടു ചോരി'ക്കെതിരായ റാലി സമ്പൂര്‍ണ 'കോണ്‍ഗ്രസ് ഷോ'; ഇന്ത്യ മുന്നണി സഖ്യകക്ഷികള്‍ പങ്കെടുക്കില്ല
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ 'വോട്ടു കൊള്ള'യ്‌ക്കെതിരായ പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പോരാട്ടത്തിന്. വോട്ടു മോഷണത്തിനെതിരെ ഡിസംബര്‍ 14 ന് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന റാലിയില്‍ ഇന്ത്യാ മുന്നണി സഖ്യകക്ഷികള്‍ പങ്കെടുക്കില്ല. ഇത് 'പൂര്‍ണ്ണമായും കോണ്‍ഗ്രസ് കാര്യമാണ്' എന്നാണ് പാര്‍ട്ടി നേതാക്കള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ചേര്‍ന്ന എഐസിസി അവലോകനയോഗമാണ് റാലി നടത്താന്‍ തീരുമാനിച്ചത്.
ഡല്‍ഹി രാംലീല മൈതാനത്തില്‍ നടക്കുന്ന റാലി പൂര്‍ണമായും ഒരു കോണ്‍ഗ്രസ് ഷോ ആയിരിക്കും. തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ക്രമക്കേടുകള്‍ തുറന്നുകാട്ടുന്നതില്‍ പാര്‍ട്ടി എപ്പോഴും മുന്‍പന്തിയിലാണെന്ന് രാജ്യത്തെ അറിയിക്കുകയാണ് റാലിയിലൂടെ പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. 'ഈ വിഷയത്തില്‍ പാര്‍ട്ടി മാസങ്ങളായി പ്രചാരണം നടത്തുകയും 'വോട്ട് ചോരി'ക്കെതിരെ രാജ്യത്തുടനീളം അഞ്ച് കോടി ഒപ്പുകള്‍ ശേഖരിക്കുകയും ചെയ്തുവെന്ന് നേതാവ് ചൂണ്ടിക്കാട്ടി.
പാര്‍ട്ടിയുടെ സംഘടനാ ശക്തി ഈ വിഷയത്തില്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പാര്‍ട്ടി മുന്‍കൈയെടുത്താണ് പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുള്ളത്. ക്രമക്കേട് നടന്ന മണ്ഡലങ്ങളിലെ പ്രവര്‍ത്തകരെ റാലിയിലേക്ക് എത്തിക്കാന്‍ സംസ്ഥാന നേതൃത്വങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വലിയ ജനപങ്കാളിത്തമാണ് റാലിക്ക് പ്രതീക്ഷിക്കുന്നതെന്നും നേതാവ് സൂചിപ്പിച്ചു. എസ്‌ഐആര്‍ നടപ്പിലാക്കുന്ന 12 സംസ്ഥാനങ്ങളിലെ നേതാക്കളുമായി, പാര്‍ട്ടി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലാണ് റാലി സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന- കേന്ദ്രഭരണ പ്രദേശങ്ങളായ ഛത്തീസ്ഗഢ്, ഗോവ, ഗുജറാത്ത്, കേരളം, മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, പുതുച്ചേരി, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളിലെ നേതാക്കളാണ് യോഗത്തില്‍ സംബന്ധിച്ചത്. ഇതില്‍ തമിഴ്നാട്, പുതുച്ചേരി, കേരളം, പശ്ചിമ ബംഗാള്‍ എന്നി സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം നിയമസഭകളിലേക്ക് വോട്ടെടുപ്പ് നടക്കുകയാണ്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തുല്യാവകാശം എന്ന ആശയം തന്നെ പൂര്‍ണ്ണമായും നശിപ്പിക്കുന്ന, തികച്ചും പക്ഷപാതപരമായിട്ടുള്ള കളിക്കാരന്‍ ആയി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.
Congress to fight alone in protest against Central Election Commission's vote rigging.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

