

ന്യൂഡല്‍ഹി: മൂന്നാഴ്ച മുന്‍പ് വടക്കന്‍ ഡല്‍ഹിയില്‍ ഉണ്ടായ തീപിടിത്തത്തില്‍ സിവില്‍ സര്‍വീസിന് തയ്യാറെടുക്കുന്ന 32കാരന്റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. യുവാവിന്റെ ലിവ്- ഇന്‍- പാര്‍ട്ണര്‍ ആയ 21കാരി, മുന്‍ കാമുകനുമായി ചേര്‍ന്ന് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നുവെന്ന് ഡല്‍ഹി പൊലീസ് പറയുന്നു. ഗൂഢാലോചനയിലെ മൂന്നാമത്തെ വ്യക്തി ഇവരുടെ പൊതു സുഹൃത്താണ്. മൂന്ന് പേരെയും അറസ്റ്റ് ചെയ്തപ്പോഴാണ് കൊലപാതകം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതെന്നും പൊലീസ് പറയുന്നു.
ഒക്ടോബര്‍ ആറിന് സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന രാം കേഷ് മീനയെയാണ് ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. തിമര്‍പൂരിലെ ഗാന്ധി വിഹാറില്‍ തീപിടിത്തം ഉണ്ടായതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെയാണ് കെട്ടിടത്തിലെ നാലാം നിലയിലെ ഫ്‌ലാറ്റില്‍ നിന്ന് കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചിരുന്ന ലിവ് ഇന്‍ പാര്‍ട്ണറുടെ സ്വകാര്യ വീഡിയോകള്‍ ഇല്ലാതാക്കാന്‍ 32കാരന്‍ വിസമ്മതിച്ചതാണ് പ്രകോപനത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്.
തീപിടിത്തവുമായി ബന്ധപ്പെട്ട് കെട്ടിടത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പൊലീസിന് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്. തീപിടിത്തത്തിന്റെ തലേദിവസം മുഖം മറച്ച രണ്ട് പേര്‍ കെട്ടിടത്തിലേക്ക് കയറിപ്പോകുന്നത് ശ്രദ്ധയില്‍പ്പെട്ട പൊലീസ് നടത്തിയ അന്വേഷണമാണ് കേസിന് തുമ്പായത്. കുറച്ചു സമയത്തിന് ശേഷം കെട്ടിടത്തിലേക്ക് കയറിപ്പോയ രണ്ടുപേരില്‍ ഒരാള്‍ പുറത്തേയ്ക്ക് വരുന്നത് കണ്ടു. തുടര്‍ന്ന്, ഒരു പുരുഷനും സ്ത്രീയും കൂടി കെട്ടിടത്തില്‍ നിന്ന് പുറത്തുവരുന്നത് കണ്ട് പൊലീസിന് തോന്നിയ സംശയമാണ് കേസ് തെളിയിക്കാന്‍ സഹായകമായത്.
അന്വേഷണത്തില്‍ 32കാരന്റെ ലിവ്-ഇന്‍ പാര്‍ട്ണറായ അമൃത ചൗഹാന്‍ ആണ് പുറത്തേയ്ക്ക് വന്ന സ്ത്രീ എന്ന് തിരിച്ചറിഞ്ഞു. അവര്‍ കെട്ടിടം വിട്ട ഉടനെ തീപിടുത്തമുണ്ടായതായും സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി. സംഭവം നടക്കുമ്പോള്‍ അമൃതയുടെ ഫോണ്‍ രാം കേഷ് മീനയുടെ ഫ്‌ലാറ്റിനടുത്തായിരുന്നുവെന്നും അന്വേഷണത്തില്‍ സ്ഥിരീകരിച്ചു. പ്രതികള്‍ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയ പൊലീസ് ഗൂഢാലോചനയെക്കുറിച്ച് അന്വേഷിച്ച് വരികയാണ്.
സംഭവത്തിന് ശേഷം അമൃതയുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ദിവസങ്ങള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ ഒക്ടോബര്‍ 18നാണ് അമൃതയെ പൊലീസ് പിടികൂടിയത്. ചോദ്യം ചെയ്യലിലാണ് സഹപ്രതികളായ മുന്‍ കാമുകന്‍ സുമിത് കശ്യപ്, സന്ദീപ് കുമാര്‍ എന്നിവരുടെ പങ്ക് വ്യക്തമായത്. ഈ വര്‍ഷം മെയ് മാസത്തിലാണ് താന്‍ രാം കേഷിനെ കണ്ടുമുട്ടിയതെന്നും താമസിയാതെ ഇരുവരും അടുപ്പത്തിലായതായും അമൃത പൊലീസിനോട് പറഞ്ഞു. ഗാന്ധി വിഹാര്‍ ഫ്‌ലാറ്റില്‍ അവര്‍ ഒരുമിച്ചാണ് താമസിച്ചിരുന്നത്.
ഈ സമയത്ത്, രാം കേഷ് തന്റെ സ്വകാര്യ വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്ത് ഹാര്‍ഡ് ഡിസ്‌കില്‍ സൂക്ഷിച്ചതായി അമൃത ആരോപിക്കുന്നു. ഇത് അറിഞ്ഞപ്പോള്‍, വീഡിയോകള്‍ നീക്കം ചെയ്യാന്‍ അമൃത ആവശ്യപ്പെട്ടു. എന്നാല്‍ 32കാരന്‍ ഇതിന് വിസമ്മതിച്ചു. അമൃത മുന്‍ കാമുകന്‍ സുമിത്തിനോട് ഇക്കാര്യങ്ങള്‍ പറഞ്ഞു. തുടര്‍ന്ന് തീപിടിത്തത്തില്‍ മരിച്ചതായി തോന്നിപ്പിക്കുന്ന രീതിയില്‍ മീനയുടെ കൊലപാതകം ഇരുവരും ആസൂത്രണം ചെയ്യുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
പാചക വാതക സിലിണ്ടര്‍ വിതരണത്തില്‍ ജോലി ചെയ്തിരുന്ന സുമിത്തിന് എല്‍പിജി സിലിണ്ടര്‍ പൊട്ടിത്തെറിക്കാന്‍ എത്ര സമയമെടുക്കുമെന്ന് അറിയാമായിരുന്നു. ക്രൈം വെബ് സീരീസുകള്‍ കാണാന്‍ അതീവ താത്പര്യം കാണിച്ചിരുന്ന ഫോറന്‍സിക് സയന്‍സ് വിദ്യാര്‍ഥിനി കൂടിയ അമൃത, ഇവരുടെ പൊതു സുഹൃത്തായ 29കാരന്‍ സന്ദീപ് കുമാറിനെയും ഒപ്പം കൂട്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്നും പൊലീസ് പറയുന്നു.
ഒക്ടോബര്‍ 5 ന് സുമിത്തും സന്ദീപും ചേര്‍ന്ന് രാം കേഷിനെ അടിച്ചു വീഴ്ത്തിയ ശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. തുടര്‍ന്ന് മൃതദേഹം അവര്‍ എണ്ണ, നെയ്യ്, വീഞ്ഞ് എന്നിവ ഒഴിച്ച് കത്തിച്ചു. സുമിത് അടുക്കളയില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ കൊണ്ടുവന്ന് രാം കേഷിന്റെ തലയ്ക്ക് സമീപം വച്ചതായും പൊലീസ് പറഞ്ഞു. നോബ് തിരിച്ചപ്പോള്‍ മുറിയില്‍ ഗ്യാസ് നിറയാന്‍ തുടങ്ങി. പ്രതി ഇതിനകം രാം കേഷിന്റെ രണ്ട് ലാപ്ടോപ്പുകളും ഹാര്‍ഡ് ഡിസ്‌ക്കും മറ്റ് സാധനങ്ങളും എടുത്തിരുന്നു. അതിനിടെ സുമിത് ഒരു ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിച്ച ശേഷം പ്രധാന വാതില്‍ പൂട്ടി. അവര്‍ കെട്ടിടം വിട്ടിറങ്ങി ഏകദേശം ഒരു മണിക്കൂറിന് ശേഷം സിലിണ്ടര്‍ പൊട്ടിത്തെറിച്ചു. രാം കേഷിന്റെ കത്തിക്കരിഞ്ഞ ശരീരം മാത്രമാണ് ഫ്‌ലാറ്റില്‍ അവശേഷിച്ചതെന്നും പൊലീസ് പറയുന്നു. പ്രതികളുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ കുടുങ്ങിയതായി കേസില്‍ നിര്‍ണായകമായതെന്നും പൊലീസ് പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates