

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് യുദ്ധ സമാനമായ സാഹചര്യം സൃഷ്ടിച്ച കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ സുരക്ഷക്കായി 15 കമ്പനി അർദ്ധ സൈനികരെ കൂടുതൽ നിയോഗിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിലാണ് സൈന്യത്തെ വിന്യസിക്കാൻ തീരുമാനമായത്. ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല, ഇന്റലിജൻസ് ബ്യൂറോ മേധാവി, ഡൽഹി പൊലീസ് കമ്മീഷണർ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.
കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തിവരുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി റിപ്പബ്ലിക് ദിനത്തിൽ നടത്തിയ ട്രാക്ടർ റാലി സംഘർഷത്തിൽ കലാശിച്ചിരുന്നു. ട്രാക്ടർ പരേഡിനിടെ കർഷകരും പൊലീസും തമ്മിൽ കാര്യമായ ഏറ്റുമുട്ടൽ നടന്ന ഐടിഒ, ഗാസിപുർ, നംഗ്ലോയി എന്നിവിടങ്ങളിലാണ് അധിക സുരക്ഷാ വിന്യാസം നടത്തുക.
കർഷകർ തങ്ങളുടെ സമര ഭൂമിയായ സിംഘു അതിർത്തികളിലേക്ക് മടങ്ങി. സിംഘു അടക്കമുള്ള ഡൽഹിയുടെ അഞ്ച് അതിർത്തികളിലും മറ്റു പരിസര പ്രദേശങ്ങളിലും നേരത്തെ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നായിരുന്നു ഇത്.
ആയിരക്കണക്കിന് കർഷകരാണ് റിപ്പബ്ലിക് പരേഡിന് പിന്നാലെ ഇന്ന് രാവിലെ ആരംഭിച്ച ട്രാക്ടർ പരേഡിൽ അണി ചേർന്നത്. പ്രക്ഷോഭകരിൽ ചിലർ നേരത്തെ നിശ്ചയിച്ച റൂട്ടുകളിൽ നിന്ന് മാറി പരേഡ് നടത്തിയതാണ് സംഘർഷങ്ങളിൽ കലാശിച്ചത്. ചെങ്കോട്ടയടക്കം പിടിച്ചടക്കിയ പ്രതിഷേധക്കാർ അവിടെ തങ്ങളുടെ പതാക ഉയർത്തി. ഇത് വ്യാപക വിമർശനങ്ങൾക്കിടയാക്കി. എന്നാൽ അക്രമസംഭവങ്ങളെ തള്ളി പറഞ്ഞ കർഷക സംഘടനകൾ ചിലർ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാൻ റാലിയിൽ നുഴഞ്ഞുകയറിയതായി ആരോപണമുന്നയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates