

സൂറത്ത്: എംപി സ്ഥാനത്തിനുള്ള അയോഗ്യത അപരിഹാര്യമായ നഷ്ടമല്ലെന്ന് സൂറത്ത് സെഷൻസ് കോടതി. രാഹുൽഗാന്ധിയുടെ അപ്പീൽ തള്ളിക്കൊണ്ടുള്ള വിധി ന്യായത്തിലാണ് കോടതി ഇങ്ങനെ അഭിപ്രായപ്പെട്ടത്. എംപി സ്ഥാനത്തുനിന്നുള്ള അയോഗ്യത പരിഹരിക്കാനാകാത്ത വിഷയമല്ല. രാഹുലിൽ നിന്ന് കൂടുതൽ ധാർമ്മികത പ്രതീക്ഷിക്കുന്നുവെന്നും 27 പേജുള്ള വിധിന്യായത്തിൽ കോടതി അഭിപ്രായപ്പെട്ടു.
അയോഗ്യനാക്കപ്പെടുന്നതും, തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയാത്തതും കാരണം ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനാകാത്തതാണെന്ന് തെളിയിക്കാന്‍ രാഹുല്‍ ഗാന്ധിക്ക് സാധിച്ചിട്ടില്ലെന്ന് സൂറത്ത് സെഷന്‍സ് കോടതി പറഞ്ഞു. അതിപ്രാധാന്യമുള്ള പ്രത്യേക സാഹചര്യമില്ലെന്നും കോടതി വിലയിരുത്തി.
കേസ് നിയമപരമല്ലെന്ന വാദം നിലനിൽക്കില്ല. വിശദമായ തെളിവുകൾ പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞിട്ടുള്ളത്. കോലാറിലെ പരാമർശത്തിൽ സൂറത്തിൽ കേസെടുത്തതിൽ എതിർപ്പുണ്ടായിരുന്നെങ്കിൽ വിചാരണ വേളയിൽ പറയണമായിരുന്നു. രാഹുലിന്റെ പരാമർശം മോദി എന്ന പേരുകാർക്കെല്ലാം മാനഹാനിയുണ്ടാക്കുന്നതാണ്.
രാഹുൽഗാന്ധി സാധാരണക്കാരനല്ല, എംപിയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവാണ്. രാഹുല്‍ ഗാന്ധിയില്‍ നിന്ന് ഉണ്ടാകുന്ന പരാമര്‍ശങ്ങള്‍ക്ക് സാധാരണക്കാരില്‍ വലിയ ചലനം സൃഷ്ടിക്കാന്‍ സാധിക്കും. ഉയര്‍ന്ന തലത്തില്‍ ഉള്ള ധാര്‍മികതയാണ് രാഹുല്‍ ഗാന്ധിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. പരമാവധി ശിക്ഷ നൽകിയതിൽ തെറ്റില്ലെന്നും കോടതി വിലയിരുത്തി.
മോദി പരാമർശത്തിൽ സൂറത്ത് സിജെഎം കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചതിനെതിരെയാണ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയെ സമീപിച്ചത്. കോടതി രാഹുലിന്റെ അപ്പീൽ തള്ളി.
സിജെഎം കോടതി വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ ആവശ്യം സെഷൻസ് കോടതി അംഗീകരിച്ചില്ല. അതേസമയം ശിക്ഷയ്ക്കുള്ള സ്റ്റേ തുടരും. രാഹുൽ നേരത്തെ ജാമ്യം എടുത്തിരുന്നതാണ്. വിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തിൽ രാഹുലിന്റെ അയോഗ്യത തുടരും. സെഷൻസ് കോടതി വിധിക്കെതിരെ രാഹുലിന് ഹൈക്കോടതിയെ സമീപിക്കാം.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates