നടുറോഡില്‍ ഡോക്ടറെ വെട്ടിക്കൊന്നു ; ഡോക്ടർ അടക്കം ഏഴുപേർക്ക് വധശിക്ഷ
ചെന്നൈ : പട്ടാപ്പകല്‍ നടുറോഡില്‍ ഡോക്ടറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഏഴു പേര്‍ക്കു വധശിക്ഷ. രണ്ടുപേരെ ഇരട്ട ജീവപര്യന്തം തടവിനും ശിക്ഷിച്ചു. ചെന്നൈ സെയ്ദാപെട്ട് സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. വധശിക്ഷ ലഭിച്ചവരിൽ അഭിഭാഷകരും ഡോക്ടറും ഉൾപ്പെടുന്നു.
ബില്‍റോത്ത് ആശുപത്രിയിലെ ന്യൂറോളജിസ്റ്റായിരുന്ന സുബ്ബയ്യയെ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്കു പോകുന്നതിനായി കാറില്‍ കയറുമ്പോഴാണ് ഇരുചക്രവാഹനത്തിലെത്തിയ മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. 2013 സെപ്റ്റംബര്‍ 14നാണ് ചെന്നൈയെ നടുക്കിയ കൊലപാതകം.
ശരീരമാസകലം വടിവാള്‍ കൊണ്ടു വെട്ടേറ്റ ഡോക്ടര്‍ ഒന്‍പത് ദിവസത്തിനു ശേഷം മരിച്ചു. കന്യാകുമാരിയിലെ 12 കോടിയുടെ ഭൂസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തിന് കാരണം. 10 പ്രതികളാണ് കേസിലുണ്ടായിരുന്നത്.
സുബ്ബയ്യയുടെ മാതൃസഹോദരന്റെ കുടുംബത്തില്‍പെട്ട പൊന്നുസാമി, മക്കളായ അഡ്വക്കറ്റ് പി.ബേസില്‍, ബോറിസ്, ബേസില്‍ ജോലി ചെയ്തിരുന്ന സ്ഥാപന ഉടമ അഡ്വക്കറ്റ് ബി വില്യംസ്, വാടക കൊലയാളികളെ ഏര്‍പ്പാടാക്കിയ ഡോക്ടര്‍ ജയിംസ് സതീഷ് കുമാര്‍, വാടക കൊലയാളികളായ മുരുകന്‍,സെല്‍വ പ്രകാശ് എന്നിരെയാണ് കോടതി വധശിക്ഷയ്ക്കു വിധിച്ചത്.
പൊന്നുസാമിയുടെ ഭാര്യ മേരി പുഷ്പം, പ്രതികളെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ബന്ധു യേശുരാജന്‍ എന്നിവരെ ഇരട്ടജീവപര്യന്തം തടവിനും ശിക്ഷിച്ചു. കൊല്ലപ്പെട്ട ഡോക്ടര്‍ സുബ്ബയ്യയും പൊന്നുസാമിയുടെ കുടുംബവും തമ്മില്‍ കന്യാകുമാരി അഞ്ചുതെങ്ങിലെ 4.2 ഏക്കര്‍ ഭൂമി സംബന്ധിച്ച് നാലു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന വസ്തു തര്‍ക്കമുണ്ടായിരുന്നു.
ഈ കേസില്‍ അന്തിമവിധി ഡോക്ടര്‍ക്ക് അനുകൂലമായിരുന്നു. എന്നാൽ കേസിനാസ്പദമായ ഭൂമി പൊന്നുസാമിയും കുടുംബവും കയ്യേറി. ഇതിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്റെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ഡോക്ടര്‍ സുബ്ബയ്യക്ക് തലയിലും കഴുത്തിലുമായി ഇരുപതിലേറെ വെട്ടേറ്റിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
