

ന്യൂഡല്‍ഹി: കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ എല്ലാ കാഴ്ചപ്പാടുകളോടും താന്‍ യോജിക്കുന്നില്ലെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. മലേഷ്യയില്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ ഉറപ്പുനല്‍കുന്നുണ്ടെന്ന് താന്‍ അദ്ദേഹത്തിന്റെ മുഖത്തുനോക്കി പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ന്യൂഡല്‍ഹിയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയുടെ വേളയില്‍ എന്‍ഡിടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാന്തപുരവുമായി നാളെ കോഴിക്കോട്ട് കൂടിക്കാഴ്ച നടത്താനിരിക്കെ, അദ്ദേഹത്തിന്റെ പരാമര്‍ശത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.
'അദ്ദേഹം ഖുറാനും പ്രവാചകന്റെ ചര്യകളും മനസ്സിലാക്കുന്നതില്‍ സംഭാവനകള്‍ നല്‍കിയ ഒരു പരമ്പരാഗത മതപണ്ഡിതനാണ്. പ്രവാചകന്‍ പല കാര്യങ്ങളിലും മികച്ച അധ്യാപനാണ്. എന്നാല്‍ അദ്ദേഹത്തിന്റെ എല്ലാ കാഴ്ചപ്പാടുകളും പങ്കുവെക്കണമെന്ന് നിര്‍ബന്ധമില്ല' -അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കാന്തപുരം നടത്തുന്ന നഴ്‌സിങ് കോളജ് പോലുള്ള സ്ഥാപനങ്ങളെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി ചൂണ്ടിക്കാണിക്കുകയും, അത്തരം കോളജുകളിലെ വിദ്യാര്‍ഥിനികള്‍ ആശുപത്രികളില്‍ ജോലി ചെയ്യുമല്ലോ എന്ന് ചൂണ്ടിക്കാണിക്കുകയും ചെയ്തു.
'മൊത്തത്തിലുള്ള പശ്ചാത്തലം നോക്കുമ്പോള്‍ എനിക്ക് വലിയ ആശങ്കയൊന്നുമില്ല. എന്നാല്‍ പരസ്യമായി എന്നോട് ചോദിച്ചാല്‍, അദ്ദേഹം നേരിട്ട് ചോദിച്ചാല്‍ പോലും ഞാന്‍ പറയും, മലേഷ്യയില്‍ ഞങ്ങള്‍ സ്ത്രീകള്‍ക്ക് തുല്യ അവകാശങ്ങള്‍ നല്‍കുന്നുണ്ട്. ഞങ്ങളുടെ സര്‍വകലാശാലകളില്‍ കൂടുതല്‍ പെണ്‍കുട്ടികളാണ് പഠിക്കുന്നത്. എന്റെ ഭാര്യ ഒരു മെഡിക്കല്‍ ഡോക്ടറാണ്. പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എന്റെ എല്ലാ മക്കള്‍ക്കും പഠിക്കാനും സ്വാതന്ത്ര്യം നേടാനുമുള്ള എല്ലാ അവസരങ്ങളും നല്‍കിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചിട്ടുണ്ട്. നിങ്ങള്‍ എല്ലാ പണ്ഡിതന്മാരുടെയും എല്ലാ കാഴ്ചപ്പാടുകളോടും യോജിക്കണമെന്നില്ല. അതുപോലെ എല്ലാ പ്രധാനമന്ത്രിമാരുടെയും പ്രസിഡന്റുമാരുടെയും നിലപാടുകളോടും യോജിക്കണമെന്നില്ല' -അദ്ദേഹം പറഞ്ഞു.
മലേഷ്യയിലെ പ്രവാസികളുടെ കാര്യത്തില്‍ ദക്ഷിണേന്ത്യയുടെ പ്രാധാന്യത്തിന് ഊന്നല്‍ നല്‍കിയ അദ്ദേഹം, തമിഴ്‌നാട് സന്ദര്‍ശിക്കാനും ആഗ്രഹിച്ചിരുന്നുവെന്ന് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രി വിജയ് വിദേശത്തായതിനാല്‍, ആ സന്ദര്‍ശനം മാറ്റിവെച്ച് താന്‍ കേരളത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ മാസം കൊച്ചിയില്‍ നടന്ന ഇസ്ലാമിക സമ്മേളനത്തില്‍ സംസാരിക്കവെ, സ്ത്രീകള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും പൊതുവേദികളില്‍ പ്രത്യക്ഷപ്പെടരുതെന്നും ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് കാന്തപുരം പറഞ്ഞിരുന്നു. സ്ത്രീകളെ പൊതുവേദികളിലേക്ക് കൊണ്ടുവരുന്നത് വലിയ നാശത്തിന് കാരണമാകുമെന്നതിനാലാണ് ഇസ്ലാം പര്‍ദ്ദ നിര്‍ബന്ധമാക്കിയതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സ്ത്രീകള്‍ പുരുഷന്മാരോടൊപ്പം വേദികള്‍ പങ്കിടുന്നതില്‍ നിന്ന് വിലക്കി സമസ്ത സര്‍ക്കുലര്‍ ഇറക്കിയതിന് പിന്നാലെയായിരുന്നു ഈ പരാമര്‍ശങ്ങള്‍.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates