

ന്യൂഡല്‍ഹി: 2023ല്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് 14 യാത്രക്കാര്‍ മരിച്ച സംഭവത്തിന് പിന്നിലെ കാരണം ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറും ഫോണില്‍ ക്രിക്കറ്റ് കളി കണ്ടു കൊണ്ടിരുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. റെയില്‍വേ അപകടങ്ങള്‍ ഒഴിവാക്കുന്നതിന് പുതിയതായി സ്വീകരിച്ച സുരക്ഷാ ക്രമീകരണങ്ങള്‍ വിശദീകരിക്കുന്നതിനിടെയാണ് ആന്ധ്രാ ട്രെയിന്‍ അപകടത്തിന് കാരണമായ ഡ്രൈവറുടെയും അസിസ്റ്റന്റ് ഡ്രൈവറുടെയും വീഴ്ച മന്ത്രി ചൂണ്ടിക്കാണിച്ചത്.
'2023 ഒക്ടോബര്‍ 29നായിരുന്നു ട്രെയിന്‍ അപകടം. വൈകീട്ട് ഏഴുമണിക്ക് ആന്ധ്രയിലെ കണ്ടകപള്ളിയില്‍ വച്ച് വിശാഖപട്ടണം പലാസ ട്രെയിനിന്റെ പിന്നില്‍ രായഗഡ പാസഞ്ചര്‍ ഇടിക്കുകയായിരുന്നു. 50 ഓളം യാത്രക്കാര്‍ക്കാണ് അന്ന് പരിക്കേറ്റത്. ഒരു ട്രെയിനിലെ ലോക്കോ പൈലറ്റും സഹ പൈലറ്റും ക്രിക്കറ്റ് മത്സരം കണ്ടു കൊണ്ടിരുന്നതിനെ തുടര്‍ന്ന് ശ്രദ്ധ തെറ്റിയതാണ് ആന്ധ്രാപ്രദേശില്‍ അടുത്തിടെയുണ്ടായ അപകടത്തിന് കാരണം. അത്തരത്തിലുള്ള വീഴ്ചകള്‍ കണ്ടെത്താനും പൈലറ്റുമാരും അസിസ്റ്റന്റ് പൈലറ്റുമാരും ട്രെയിന്‍ ഓടുന്നതില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കഴിയുന്ന സംവിധാനങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്'- അശ്വിനി വൈഷ്ണവ് പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ഞങ്ങള്‍ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും. ഓരോ സംഭവത്തിന്റെയും കാരണം കണ്ടെത്താന്‍ ഞങ്ങള്‍ ശ്രമിക്കും, അത് ആവര്‍ത്തിക്കാതിരിക്കാന്‍ ഞങ്ങള്‍ ഒരു പരിഹാരം കണ്ടെത്തും'- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റെയില്‍വേ സേഫ്റ്റി കമ്മീഷണര്‍മാര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് ഇതുവരെ പരസ്യമാക്കിയിട്ടില്ലെങ്കിലും, അപകടം നടന്ന് ഒരു ദിവസം കഴിഞ്ഞ്, രായഗഡ പാസഞ്ചര്‍ ട്രെയിനിന്റെ ഡ്രൈവറും അസിസ്റ്റന്റ് ഡ്രൈവറുമാണ് കൂട്ടിയിടിച്ചതിന് ഉത്തരവാദികളെന്ന് പ്രാഥമിക റെയില്‍വേ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അപകടത്തില്‍ രണ്ട് ജീവനക്കാര്‍ക്കും മരണം സംഭവിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates