

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ഡല്‍ഹിയിലും വോട്ടര്‍ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനാ (എസ്‌ഐആര്‍) സമയപരിധി തെരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടി. മഹാരാഷ്ട്ര, ഡല്‍ഹി, ആന്ധ്രാപ്രദേശ്, ഹരിയാന, തെലങ്കാന, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ സമര്‍പ്പിച്ച അഭ്യര്‍ഥന മാനിച്ചാണ് കമ്മീഷന്റെ തീരുമാനം. ഇതുസംബന്ധിച്ച് അതത് സംസ്ഥാനങ്ങള്‍ക്കും ഡല്‍ഹി ഭരണകൂടത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രത്യേക നിര്‍ദേശങ്ങള്‍ അയച്ചിട്ടുണ്ട്.
പുതിയ സമയക്രമമനുസരിച്ച് മഹാരാഷ്ട്രയില്‍ വോട്ടര്‍ പട്ടിക സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 26ല്‍ നിന്ന് നവംബര്‍ 13 വരെ നീട്ടി നല്‍കി. ലഭിച്ച അപേക്ഷകളില്‍ നോട്ടീസ് അയക്കുന്നതിനും പരാതികള്‍ തീര്‍പ്പാക്കുന്നതിനുമുള്ള നടപടികള്‍ നവംബര്‍ 25 വരെ തുടരും. ഇതിനുശേഷം അന്തിമ വോട്ടര്‍ പട്ടിക നവംബര്‍ 30ന് പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 31നാണ് മഹാരാഷ്ട്രയിലെ കരട് വോട്ടര്‍ പട്ടിക പുറത്തിറക്കിയിരുന്നത്.
ആന്ധ്രയിലും ഹരിയാനയിലും വോട്ടര്‍ പട്ടിക സംബന്ധിച്ച് നോട്ടീസുകള്‍ അയക്കുന്നതിനും അപേക്ഷകളും ആക്ഷേപങ്ങളും തീര്‍പ്പാക്കുന്നതിനുമുള്ള കാലാവധി നവംബര്‍ 20 വരെ നീട്ടി. ഇരു സംസ്ഥാനങ്ങളിലെയും അന്തിമ വോട്ടര്‍ പട്ടിക 2026 ജൂലൈ 1 യോഗ്യതാ തീയതിയായി കണക്കാക്കി നവംബര്‍ 30ന് പ്രസിദ്ധീകരിക്കും. നാഗാലാന്‍ഡില്‍ പുതുക്കിയ സമയക്രമമനുസരിച്ച് നോട്ടീസ് അയക്കുന്നതിനും പരാതികളും ആക്ഷേപങ്ങളും തീര്‍പ്പാക്കുന്നതിനുമുള്ള ഘട്ടം സെപ്റ്റംബര്‍ 20 മുതല്‍ നവംബര്‍ 25 വരെയായിരിക്കും.
ദേശീയ തലസ്ഥാനമായ ഡല്‍ഹിയില്‍ പരാതികള്‍ നല്‍കാനുള്ള സമയപരിധി ഒക്ടോബര്‍ 30ല്‍ നിന്ന് നവംബര്‍ 25 വരെയാണ് നീട്ടിയിരിക്കുന്നത്. പരാതികള്‍ തീര്‍പ്പാക്കുന്നതിനുള്ള അവസാന തീയതി നവംബര്‍ 30ല്‍ നിന്ന് ഡിസംബര്‍ 15ലേക്ക് മാറ്റിയിട്ടുണ്ട്. ഇവിടുത്തെ അന്തിമ വോട്ടര്‍ പട്ടിക ഡിസംബര്‍ 22ഓടെയായിരിക്കും പ്രസിദ്ധീകരിക്കുക. പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം വോട്ടര്‍ പട്ടിക പുനഃപരിശോധനയുടെ സമയപരിധി മുമ്പും പലതവണ നീട്ടിനല്‍കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates