മുംബൈ ഭീകരാക്രമണത്തിന് 18 വർഷം; പ്രതിഫലം കാത്ത് അജ്‌മൽ കസബിന്റെ അഭിഭാഷകർ

2010-ൽ മഹാരാഷ്ട്ര സർക്കാർ നിയമിച്ച അഭിഭാഷകരായ അമീൻ സോൾക്കർ, ഫർഹാന ഷാ എന്നിവരാണ് വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ കുടിശ്ശികയ്ക്കായി കാത്തിരിക്കുന്നത്.
Mohammed Ajmal Kasab,
Mohammed Ajmal KasabCenter-Center-Chennai
Edited By:
Updated on: 
1 min read

മുംബൈ: രാജ്യത്തെ നടുക്കിയ 26/11 മുംബൈ ഭീകരാക്രമണം നടന്ന് 18 വർഷം പിന്നിടുമ്പോഴും, ജീവനോടെ പിടികൂടിയ ഏക പാകിസ്ഥാൻ ഭീകരൻ അജ്മൽ കസബിന് വേണ്ടി കോടതിയിൽ ഹാജരായ രണ്ട് അഭിഭാഷകർക്ക് വാഗ്ദാനം ചെയ്ത പ്രതിഫലം ഇന്നും ലഭിച്ചില്ല. 2010-ൽ മഹാരാഷ്ട്ര സർക്കാർ നിയമിച്ച അഭിഭാഷകരായ അമീൻ സോൾക്കർ, ഫർഹാന ഷാ എന്നിവരാണ് വർഷങ്ങൾക്കിപ്പുറവും തങ്ങളുടെ കുടിശ്ശികയ്ക്കായി കാത്തിരിക്കുന്നത്.

വിചാരണക്കോടതി വിധിച്ച വധശിക്ഷയ്‌ക്കെതിരെ കസബ് സമർപ്പിച്ച അപ്പീലിൽ ബോംബെ ഹൈക്കോടതിയിൽ ഒൻപത് മാസത്തോളം വാദിച്ച അഭിഭാഷകരാണിവർ. ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം 2010 ജൂൺ എട്ടിന് മഹാരാഷ്ട്ര സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയാണ് ഇവരെ നിയമിച്ചത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് തുല്യമായ വേതനം അമീൻ സോൾക്കർക്കും, അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് തുല്യമായ വേതനം ഫർഹാന ഷായ്ക്കും നൽകണമെന്നായിരുന്നു അന്നത്തെ ഉത്തരവ്. പ്രതിദിനം 1,500 മുതൽ 2,000 രൂപ വരെയാണ് ഇതിലൂടെ ലഭിക്കേണ്ടിയിരുന്നത്.

വർഷങ്ങൾക്ക് ശേഷം കണക്കുകൾ ചോദിക്കുന്നത് അന്യായമെന്ന് അഭിഭാഷകർ

പ്രതിഫലം ലഭിക്കുന്നതിനായി ലീഗൽ സർവീസസ് അതോറിറ്റിയുമായി പലതവണ ബന്ധപ്പെട്ടെങ്കിലും അനുകൂലമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് അമീൻ സോൾക്കർ വ്യക്തമാക്കി. വിഷയം ഉന്നയിക്കുമ്പോഴെല്ലാം കോടതിയിൽ ഹാജരായ കൃത്യമായ ദിവസങ്ങളുടെയും മണിക്കൂറുകളുടെയും വിശദമായ ബില്ലുകൾ സമർപ്പിക്കാനാണ് അധികൃതർ ആവശ്യപ്പെടുന്നത്. ഒരു പതിറ്റാണ്ടിന് ശേഷം ഓരോ ദിവസത്തെയും കോടതി സമയത്തിന്റെ കൃത്യമായ രേഖകൾ ആരും സൂക്ഷിച്ചുവെക്കില്ലെന്നും, വർഷങ്ങൾക്കിപ്പുറം ഇത്തരം ആവശ്യങ്ങൾ ഉന്നയിക്കുന്നത് യുക്തിരഹിതമാണെന്നും ഇരുവരും ചൂണ്ടിക്കാട്ടുന്നു.

പ്രോസിക്യൂഷന് നൽകുന്ന അതേ നിരക്കിൽ തങ്ങൾക്കും വേതനം നൽകുമെന്ന് നിയമന ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും, പിന്നെ എന്തിനാണ് സർക്കാർ തുക തടഞ്ഞുവെക്കുന്നതെന്നും സോൾക്കർ ചോദിക്കുന്നു. മറ്റ് കേസുകളെല്ലാം മാറ്റിവെച്ച് ഒൻപത് മാസത്തോളം പൂർണ്ണസമയവും ഈ കേസിനായി മാറ്റിവെച്ചതാണെന്നും, ഹൈക്കോടതി വിധി വന്നാലുടൻ പ്രതിഫലം നൽകണമെന്നായിരുന്നു ഉത്തരവിലുണ്ടായിരുന്നതെന്നും ഫർഹാന ഷാ ഓർമ്മിപ്പിച്ചു.

അതേസമയം, സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായാണ് അഭിഭാഷകരോട് ഔദ്യോഗിക ബില്ലുകളും മെമ്മോകളും ആവശ്യപ്പെടുന്നതെന്നാണ് ലീഗൽ സർവീസസ് അതോറിറ്റി ഉദ്യോഗസ്ഥരുടെ വിശദീകരണം. വിചാരണക്കോടതിയിൽ കസബിന് വേണ്ടി ഹാജരായ അഭിഭാഷകൻ അബ്ബാസ് കാസ്മിക്ക് വിചാരണ പൂർത്തിയായ ഉടൻ തന്നെ സർക്കാർ പ്രതിഫലം നൽകിയിരുന്നു. 2008 നവംബർ 26-ന് നടന്ന ഭീകരാക്രമണത്തിൽ 166 പേരാണ് കൊല്ലപ്പെട്ടത്. നിയമനടപടികൾക്ക് ശേഷം 2012 നവംബർ 21-ന് പൂനെ യെർവാദ സെൻട്രൽ ജയിലിൽ വെച്ച് കസബിനെ തൂക്കിലേറ്റി.

Summary

Eighteen years after the 26/11 Mumbai terror attacks, advocates Amin Solkar and Farhana Shah—who were appointed by the Maharashtra government in 2010 to defend lone surviving terrorist Ajmal Kasab during his nine-month Bombay High Court appeal—are still awaiting their promised remuneration amid bureaucratic demands for granular court attendance bills.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER