

ചെന്നൈ: കേരളം സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടേയും പ്രതിപക്ഷത്തിന്റേയും എതിര്‍പ്പ് അവഗണിച്ച് പിഎം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ അയല്‍ സംസ്ഥാനമായ തമിഴ്‌നാടിന്റെ നിലപാട് ചര്‍ച്ചയാകുന്നു. പതിനായിരം കോടി രൂപ തന്നാലും നാഗ്പൂര്‍ പദ്ധതി തമിഴ്നാട്ടില്‍ നടപ്പാക്കില്ലെന്നും മോദി സര്‍ക്കാരിന്റെ സംഘപരിവാര്‍ അജണ്ടകള്‍ നടപ്പിലാക്കാന്‍ തമിഴ്നാടിന്റെ വിദ്യാഭ്യാസ മേഖല തുറന്ന് നല്‍കാന്‍ തയ്യാറല്ലെന്നും എം കെ സ്റ്റാലിന്‍ പറഞ്ഞിരുന്നു. ദേശീയ വിദ്യാഭ്യാസ നയത്തെ 'വിനാശകരമായ നാഗ്പൂര്‍ പദ്ധതി' എന്നാണ് സ്റ്റാലിന്‍ വിശേഷിപ്പിച്ചത്. ത്രിഭാഷാ നയം നടപ്പിലാക്കാനുളള നിബന്ധനകളെ അംഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
പിഎം ശ്രീ പദ്ധതിയിലൂടെ സ്‌കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനോടും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിനോടും തമിഴ്നാടിന് എതിര്‍പ്പില്ല. എന്നാല്‍ ത്രിഭാഷാ നയമുള്‍പ്പെടെ ദേശീയ വിദ്യാഭ്യാസ നയത്തിലെ വ്യവസ്ഥകള്‍ക്ക് തമിഴ്നാട് എതിരാണ്. അതില്‍ വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറല്ലെന്ന നിലപാടാണ് തമിഴ്നാട് സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതോടെ സമഗ്ര ശിക്ഷാ പദ്ധതിയുടെ കീഴില്‍ തമിഴ്നാട് സര്‍ക്കാരിന് അവകാശപ്പെട്ട രണ്ടായിരം കോടി കേന്ദ്രസര്‍ക്കാര്‍ തടഞ്ഞുവെച്ചു. അതില്‍ ആര്‍ടിഇ നിയമപ്രകാരം സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട 538 കോടി സുപ്രീംകോടതി ഇടപെടലിലൂടെയാണ് തമിഴ്നാട് നേടിയെടുത്തത്. പി എം ശ്രീ പദ്ധതി നടപ്പാക്കാന്‍ തയ്യാറായില്ലെങ്കില്‍ തമിഴ്നാടിന് 5,000 കോടി നഷ്ടമാകുമെന്ന് കേന്ദ്രവിദ്യാഭ്യാസ മന്ത്രി പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി സ്റ്റാലിന്‍ പറഞ്ഞത്, 'രണ്ടായിരമല്ല, പതിനായിരം കോടതി രൂപ തന്നാലും 'നാഗ്പൂര്‍ പദ്ധതി' ഇവിടെ നടപ്പാകില്ല' എന്നാണ്.
സിപിഐയുടെ എതിര്‍പ്പ് അവഗണിച്ചാണ് സര്‍ക്കാര്‍ പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവെച്ചത്. ഇതോടെ പിഎം ശ്രീയില്‍ ഭാഗമാകുന്ന 34ാ-മത്തെ സര്‍ക്കാരായി കേരളം മാറി. തടഞ്ഞുവച്ച ഫണ്ട് ഉടന്‍ നല്‍കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. 1,500 കോടി രൂപ ആദ്യ ഗഡുവായി ഉടന്‍ സംസ്ഥാനത്തിന് കൈമാറും. പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് പിന്നാലെ കേരളത്തെ അഭിനന്ദിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം രംഗത്തെത്തിയിരുന്നു. കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ പരിവര്‍ത്തനം നടത്തുന്നതിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഇതെന്നും അടിസ്ഥാന വികസന സൗകര്യങ്ങളും സ്മാര്‍ട്ട് ക്ലാസ് മുറികളും ഉള്‍പ്പെടെ മികവിന്റെ കേന്ദ്രങ്ങളായി സ്‌കൂളുകളെ വികസിപ്പിക്കുന്നതില്‍ ഒരുമിച്ച് പ്രതിജ്ഞാബദ്ധരായി തുടരുമെന്നും കേന്ദ്രം അറിയിച്ചു. നൂതന ആശയങ്ങളെ പരിപോഷിപ്പിക്കുകയും വിദ്യാര്‍ത്ഥികളെ ശോഭനമായ ഭാവിക്കായി സജ്ജമാക്കുകയും ചെയ്യുന്ന സമഗ്ര വിദ്യാഭ്യാസം നല്‍കുമെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates