

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയർ ഇന്ത്യ വിമാന ദുരന്തത്തില്‍ ബോയിങ് കമ്പനിയോട് നഷ്ടപരിഹാരം തേടാന്‍ മരിച്ചവരുടെ കുടുംബം. അപകടത്തില്‍ കൊല്ലപ്പെട്ട സ്വപ്‌നില്‍ സോണി എന്ന യാത്രക്കാരന്റെ സഹോദരിയായ തൃപ്തി സോണിയാണ് അമേരിക്കയില്‍ നിയമ നടപടിക്ക് ഒരുങ്ങിരിക്കുന്നത്. ഉത്പന്ന ബാധ്യത നിയമം പ്രകാരമാണ് ബോയിങ്ങിന് എതിരെ കേസ് നല്‍കുന്നതെന്ന് തൃപ്തി സോണി വ്യക്തമാക്കുന്നു.
ഉത്പന്ന ബാധ്യതയുമായി ബന്ധപ്പെട്ട അമേരിക്കന്‍ നിയമങ്ങള്‍ കര്‍ശനമാണ്. എന്നാല്‍, അതിനുമുമ്പ്, അപകടത്തിന്റെ കാരണം സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യമാണ്. ഈ വിഷയത്തില്‍ ഉള്‍പ്പെടെ ഇന്ത്യന്‍ സര്‍ക്കാരിന്റെ പിന്തുണ തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും തൃപ്തി സോണി പറയുന്നു. അപകടകാരണം വ്യക്തമാക്കുന്നതിനായി ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡര്‍, കോക്ക്പിറ്റ് വോയ്സ് റെക്കോര്‍ഡര്‍ എന്നിവയിലെ ഡാറ്റകള്‍ ആവശ്യമാണ്. കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് അനുകൂലമായി ഡാറ്റകളില്‍ തിരിമറി നടത്തിയേക്കാമെന്ന സംശയവും ഇവര്‍ ഉയര്‍ത്തുന്നു. അപകടവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മൗനവും, എയര്‍ ഇന്ത്യയുടെ ഇടപെടലുകളില്‍ അവ്യക്തതയുമാണ് വെല്ലുവിളിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വിമാനത്തിന്റെ യന്ത്രതകരാറാണ് അപകടകാരണമെങ്കില്‍ ഇരകള്‍ക്ക് ബോയിങ് യുഎസ് നിയമം അനുസരിച്ച നഷ്ടപരിഹാരം നല്‍കേണ്ടിവരുമെന്നാണ് വ്യോമയാന വ്യവഹാരങ്ങളിലെ പ്രമുഖ വ്യക്തിയായ മൈക്ക് ആന്‍ഡ്രൂസിനെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. ഇന്ധന സംവിഝാനം, ത്രോട്ടില്‍ നിയന്ത്രണം എന്നിവയില്‍ തകരാര്‍ കണ്ടെത്തിയാല്‍ അത് യുഎസില്‍ ബോയിങ്ങിനെതിരെ ഒരു ഉല്‍പ്പന്ന ബാധ്യതാ കേസിലേക്കുള്ള വാതില്‍ തുറക്കുമെന്നാണ് മൈക്ക് ആന്‍ഡ്രൂസ് പറയുന്നത്.'ഈ വിമാനം അമേരിക്കന്‍ നിര്‍മിതമാണ്, ഇരകളുടെ കുടുംബങ്ങള്‍ക്ക് നിയമ നടപടി സ്വീകരിക്കാന്‍ ഇത് വഴിയൊരുക്കുന്നുണ്ടെന്നും അദ്ദേഹം പറയുന്നു.
ജൂണ്‍ 12 നാണ് അഹമ്മദാബാദില്‍ നിന്ന് ലണ്ടനിലേക്ക് പോയ എയര്‍ ഇന്ത്യ വിമാനമാണ് പറന്നുയര്‍ന്ന ഉടന്‍ തകര്‍ന്നുവീണ് അപകടം ഉണ്ടായത്. ബോയിങ് കമ്പനിയുടെ 787-8 വിഭാഗത്തില്‍പ്പെട്ട വിമാനമാണ് തകര്‍ന്നുവീണത്. വിമാനം ഇടിച്ചിറങ്ങിയ ബി ജെ മെഡിക്കല്‍ കോളേജിലെ 19 പേര്‍ ഉള്‍പ്പെടെ 260 പേര്‍ ദുരന്തത്തില്‍ മരിച്ചു. വിമാനത്തിലെ ഒരു യാത്രക്കാരന്‍ ഒഴികെ എല്ലാവരും കൊല്ലപ്പെട്ടിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
