

റാഞ്ചി: ഒരു രോഗിയുടെ ജീവന്‍ രക്ഷിക്കാനായി നടത്തിയ യാത്ര ഏഴു മരണങ്ങളില്‍ കലാശിച്ചതാണ് റാഞ്ചി ചത്രയിലെ എയര്‍ ആംബുലന്‍സ് ദുരന്തം. പൊള്ളലേറ്റ 41കാരനായ സഞ്ജയ് കുമാര്‍ എന്ന രോഗിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചാര്‍ട്ടര്‍ വിമാനം വാടകയ്ക്കെടുക്കാന്‍ മാത്രം സഞ്ജയ് കുമാറിന്റെ കുടുംബം ഏഴര ലക്ഷം രൂപയാണ് കടമെടുത്തത്.
ഡല്‍ഹിയിലെ ചികിത്സയ്ക്കായി വേറെയും ലക്ഷങ്ങള്‍ കടം വാങ്ങിയിരുന്നു. ഝാര്‍ഖണ്ഡിലെ ലതേഹര്‍ ജില്ലയിലെ ചന്ദ്വയില്‍ സഞ്ജയ് കുമാര്‍ ഒരു ഹോട്ടല്‍ നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ഹോട്ടലില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം തീപിടുത്തമുണ്ടായി. തീപിടുത്തത്തില്‍ അകപ്പെട്ട സഞ്ജയിന് 65 ശതമാനം പൊള്ളലേറ്റു. റാഞ്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സഞ്ജയിന്റെ നില മെച്ചപ്പെടാത്തതിനെത്തുടര്‍ന്ന് ഡോക്ടര്‍മാര്‍ അദ്ദേഹത്തെ ഡല്‍ഹിയിലെ ശ്രീ ഗംഗാ റാം ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു.
അവിടേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. റെഡ്‌ബേര്‍ഡ് എയര്‍വേയ്സ് പ്രൈവറ്റ് ലിമിറ്റഡ് നടത്തുന്ന ബീച്ച്ക്രാഫ്റ്റ് സി90 എയര്‍ ആംബുലന്‍സ് റാഞ്ചിയില്‍ നിന്ന് വൈകുന്നേരം 7.11 ന് പറന്നുയര്‍ന്നു. ഏകദേശം 20 മിനിറ്റിനുശേഷം എയര്‍ ട്രാഫിക് കണ്‍ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടു. മോശം കാലാവസ്ഥയെത്തുടര്‍ന്ന് ചത്ര ജില്ലയിലെ വനപ്രദേശത്ത് വിമാനം തകര്‍ന്നുവീഴുകയായിരുന്നു.
അപകടത്തില്‍ രോഗി സഞ്ജയ് കുമാര്‍ ഷാ, ഭാര്യ അര്‍ച്ചന ദേവി, ബന്ധു ധ്രുവ് കുമാര്‍, ഡോക്ടര്‍ വികാസ് കുമാര്‍ ഗുപ്ത, നഴ്സ് സച്ചിന്‍ കുമാര്‍ മിശ്ര, പൈലറ്റുമാരായ ക്യാപ്റ്റന്‍ വിവേക് വികാസ് ഭഗത്, ക്യാപ്റ്റന്‍ സവ്രാജ്ദീപ് സിങ് എന്നിവരാണ് മരിച്ചത്. സഞ്ജയുടെ ആരോഗ്യസ്ഥിതി മോശമായതിനാല്‍ റോഡ് മാര്‍ഗമുള്ള യാത്ര അസാധ്യമായിരുന്നു. അതിനാല്‍ എയര്‍ ആംബുലന്‍സിനായി 7.5 ലക്ഷം രൂപ കടം വാങ്ങുകയായിരുന്നു. സഞ്ജയ് - അർച്ചന ദമ്പതികൾക്ക് രണ്ടു മക്കളുണ്ട്. അപകടത്തിന്റെ ഞെട്ടലിൽ നിന്നും കുടുംബം മുക്തരായിട്ടില്ല. യാത്രയയച്ച് വീട്ടിലെത്തിയപ്പോൾ കേൾക്കുന്നത് അപകടവാർത്തയാണ്. എല്ലാം ഒരു നിമിഷം കൊണ്ട് അവസാനിച്ചു. സഞ്ജയിന്റെ മൂത്ത സഹോദരൻ വിജയ് ഷാ പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates