

ന്യൂഡൽഹി: വിവാദമായ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന കേന്ദ്രസർക്കാർ തീരുമാനം കർഷകർ നേടിയെടുത്ത വിജയമെന്ന് കർഷക സംഘടനകൾ. മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നെന്ന് സംയുക്ത കിസാൻ മോർച്ച. പാർലമെന്റിൽ ശരിയായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പ്രഖ്യാപനം നടപ്പിലാകാൻ കാത്തിരിക്കും. ഇത് സംഭവിച്ചാൽ, ഇന്ത്യയിലെ കർഷകരുടെ ഒരു വർഷം നീണ്ട യുദ്ധത്തിന്റെ ചരിത്രവിജയമായിരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച ട്വിറ്ററിൽ കുറിച്ചു.
സമരം പിൻവലിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുമെന്ന് കിസാൻ സഭയും കിസാൻ മോർച്ചയും അറിയിച്ചു. നിയമങ്ങൾ മാത്രമല്ല കർഷകരോടുള്ള നയങ്ങളും മാറണമെന്നും പ്രശ്നങ്ങൾക്ക് പൂർണ്ണമായ പരിഹാരം വേണമെന്നും അവർ പറഞ്ഞു. കിസാൻ സിന്ദാബാദ് വിളികൾ മുഴക്കിയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ കർഷകർ വരവേറ്റത്. മധുരപലഹാരങ്ങൾ വിതരണം ചെയ്തു കർഷകർ സന്തോഷം പങ്കിട്ടു. അതേസമയം പ്രസ്താവന വിശ്വസിക്കാനാവില്ലെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം കൊണ്ടുമാത്രം സമരം നിർത്തില്ലെന്നുമാണ് ഒരു വിഭാഗം കർഷകരുടെ നിലപാട്.
ഗുരുനാനാക് ജയന്തി ദിനമായ ഇന്ന് ജനങ്ങളെ അഭിസംബോധന ചെയ്യവെയായിരുന്നു പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. വിവാദമായ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചെന്നും നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ അടുത്ത പാർലമെന്റ് ശൈത്യകാല സമ്മേളനത്തിൽ കൊണ്ടുവരുമെന്നും മോദി അറിയിച്ചു.
കർഷകരെ സഹായിക്കാൻ ആത്മാർഥതയോടെയാണ് നിയമങ്ങൾ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കർഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാൽ ചില കർഷകർക്ക് അത് മനസിലാക്കാൻ സാധിച്ചില്ലെന്നും മോദി പറഞ്ഞു. കർഷകർ സമരം തുടരുന്ന പശ്ചാത്തലത്തിൽ നിയമം നടപ്പിലാക്കി ഒരുവർഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates