പ്രക്ഷോഭം 20-ാം ദിവസത്തേക്ക് ; സമരം കടുപ്പിച്ച് കര്‍ഷകര്‍ ; നിരാഹാരം തുടങ്ങുമെന്ന് അണ്ണാ ഹസാരെയുടെ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരായ കര്‍ഷക പ്രക്ഷോഭം 20-ാം ദിവസത്തിലേക്ക് കടന്നു. സമരം കൂടുതല്‍ ശക്തമാക്കാനാണ് കര്‍ഷകരുടെ തീരുമാനം. രാജസ്ഥാനിലെ ഷാജഹാന്‍പുര്‍, ഹരിയാനയിലെ പല്‍വല്‍ എന്നിവിടങ്ങളില്‍ സമരം ശക്തമാക്കും. വരും ദിവസങ്ങളില്‍ രണ്ടിടത്തും പരമാവധി കര്‍ഷകരെ എത്തിക്കാനാണ് നീക്കം. ഷാജഹാന്‍പുരില്‍ എത്തുന്നവര്‍ ഡല്‍ഹി ജയ്പുര്‍ ദേശീയപാത തടയും.
രാജ്യതലസ്ഥാനത്തെ നാല് അതിര്‍ത്തികള്‍ക്കു പുറമേ, ഡല്‍ഹി ജയ്പുര്‍ ദേശീയപാതയും ആഗ്ര ഡല്‍ഹി എക്‌സ്പ്രസ്പാതയുമടക്കം തലസ്ഥാനത്തേക്കുള്ള അഞ്ചു ദേശീയപാതകളും ഇന്നലെ ഉപരോധത്തില്‍ സ്തംഭിച്ചു. ഡല്‍ഹി അതിര്‍ത്തിയിലെ സമരഭൂമിയില്‍ നിരാഹാരമിരുന്നും ജില്ലാഭരണകേന്ദ്രങ്ങള്‍ ഉപരോധിച്ചുമാണ് കര്‍ഷക സംഘടനകള്‍ സമരം കടുപ്പിക്കുന്നത്.
ഡല്‍ഹി യു.പി. അതിര്‍ത്തിയിലും ഹരിയാണ അതിര്‍ത്തിയായ തിക്രിയിലും നിരാഹാരസമരം നടന്നു. സമരം കൂടുതല്‍ ശക്തമാക്കാന്‍ ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാണ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍നിന്നായി കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹിയിലേക്കു വന്നുകൊണ്ടിരിക്കുന്നുവെന്ന് ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് കോഓര്‍ഡിനേഷന്‍ കമ്മിറ്റി അറിയിച്ചു.
അതിര്‍ത്തികളിലേക്കു കൂടുതല്‍ കര്‍ഷകര്‍ പ്രവഹിക്കാന്‍ തുടങ്ങിയതോടെ ഡല്‍ഹി പൊലീസിനു പുറമേ, ദ്രുത കര്‍മസേനയെയും അര്‍ധസൈനികരെയും അധികമായി സുരക്ഷയ്ക്കു വിന്യസിച്ചു. ഹരിയാണയെയും പഞ്ചാബിനെയും ബന്ധിപ്പിക്കുന്ന ശംഭു അതിര്‍ത്തിയില്‍ കര്‍ഷകര്‍ തമ്പടിച്ചതോടെ അംബാല പട്യാല ദേശീയപാത പൊലീസ് അടച്ചിട്ടു.
അതിനിടെ, കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് ഉന്നയിച്ച ആവശ്യങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ വീണ്ടും നിരാഹാര സത്യഗ്രഹം ആരംഭിക്കുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ പറഞ്ഞു. ഇക്കാര്യം വ്യക്തമാക്കി കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമറിന് അണ്ണാ ഹസാരെ കത്തയച്ചു. സ്വാമിനാഥന്‍ കമ്മിഷന്റെ നിര്‍ദേശങ്ങള്‍ നടപ്പാക്കുക, കമ്മിഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ് ആന്‍ഡ് പ്രൈസസിന് സ്വയംഭരണാവകാശം നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ഹസാരെ മുന്നോട്ടുവെച്ചിട്ടുള്ളത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
