കര്‍ണാല്‍: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ സമരം നടത്തുന്ന കര്‍ഷകര്‍ രാജ്യവ്യാപക പര്യടനത്തിന് ഒരുങ്ങുന്നു. കര്‍ഷക സമരം നയിക്കുന്ന നാല്‍പ്പത് നേതാക്കള്‍ രാജ്യമൊട്ടാകെ സഞ്ചരിച്ച് ജനങ്ങളുടെ പിന്തുണ തേടുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത് പറഞ്ഞു. കേന്ദ്രസര്‍ക്കാരിനെക്കൊണ്ട് നിയം പിന്‍വലിപ്പിക്കുന്നതുവരെ വിശ്രമമില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ സംഘടിപ്പിച്ച കര്‍ഷകരുടെ മഹാപഞ്ചായത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് അനുകൂലമായി തീരുമാനമെടുക്കുന്നതുനരെ ഞങ്ങള്‍ അതിനെ സമാധാനത്തോടെ ഇരിക്കാന്‍ അനുവദിക്കില്ല'-അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിന്റെ പുതിയ നിയമങ്ങള്‍ രാജ്യത്തെ പൊതുവിതരണ സംവിധാനം പൂര്‍ണമായും തകര്‍ക്കുമെന്ന നിലപാടും അദ്ദേഹം ആവര്‍ത്തിച്ചു.
'ഈ നിയമങ്ങള്‍ കര്‍ഷകരെ മാത്രമല്ല ബാധിക്കുന്നത്. ചെറുകിട കച്ചവടക്കാരെ, ദിവസക്കൂലിക്കാര തൊഴിലാളികളെ, അങ്ങനെ എല്ലാ മേഖലയെയും ബാധിക്കും'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗോഡൗണുകള്‍ നിര്‍മ്മിച്ചതിന് ശേഷമാണ് അവര്‍ നിയമങ്ങള്‍ ഉണ്ടാക്കിയത്. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് ഈ നിയമങ്ങള്‍ കൊണ്ടുവന്നതെന്ന് ഏത് കര്‍ഷകനാണ് അറിയാത്തത്? വിശപ്പിന് മുകളിലുള്ള കച്ചവടം ഈ രാജ്യത്ത് ഞങ്ങള്‍ അനുവദിക്കില്ല.-അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates