

കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ദുര്‍ഗാപൂരില്‍ കൂട്ടബലാത്സംഗത്തിനിരയായ കോളജ് വിദ്യാര്‍ഥിനിയുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് കുടുംബം. വാര്‍ത്താ ഏജന്‍സിയോട് സംസാരിക്കവെ ആണ് രക്ഷിതാക്കളുടെ പ്രതികരണം. മകളെ സ്വദേശമായ ഒഢിഷയിലേക്ക് കൊണ്ട് പോകാന്‍ അനുവദിക്കണം എന്നും രക്ഷിതാക്കള്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണെന്നും ആരോഗ്യ നിലയെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ച കുടുംബം അറിയിച്ചു.
ഭക്ഷണം കഴിക്കാന്‍ ആയിരുന്നു പെണ്‍കുട്ടി രാത്രി പുറത്തിറങ്ങിയത്. സഹപാഠിയോട് ഒപ്പം നടക്കുന്നതിനിടെ ഒന്ന് രണ്ട് പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന സുഹൃത്ത് ഈ സമയം രക്ഷപ്പെട്ട് ഓടുകയാണ് ഉണ്ടായത് എന്നും പിതാവ് പറയുന്നു.
രാത്രി 10 മണിയോടെയാണ് അവളുടെ സുഹൃത്ത് വിളിച്ച് മകള്‍ ആക്രമിക്കെപ്പെട്ടെന്ന് അറിയിച്ചത്. രാത്രി 8:00 നും 9:00 നും ഇടയിലാണ് ഈ സംഭവം നടന്നത്. ഹോസ്റ്റലില്‍ നിന്ന് വളരെ അകലെയാണ് സംഭവം നടന്നത്. മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഇല്ലാത്തത്താണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്. ഗുരുതരമായ ഒരു സംഭവം നടന്നിട്ടും കോളജ് അധികൃതര്‍ പ്രതികരിച്ചിട്ടില്ലെന്നും പിതാവ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, പശ്ചിമ ബംഗാളിലെ അധികൃതര്‍ തങ്ങളോട് അനുഭാവപൂര്‍വമായാണ് ഇടപെടുന്നത് എന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, ഡിജി, എസ്പി, കളക്ടര്‍ എന്നിവര്‍ വിവരങ്ങള്‍ അന്വേഷിച്ചിരുന്നു എന്നും രക്ഷിതാക്കള്‍ അറിയിച്ചു.
ദുര്‍ഗാപൂരിലെ ശോഭാപൂരിലുള്ള സ്വകാര്യ മെഡിക്കല്‍ കോളജ് വിദ്യാർഥിയാണ് കഴിഞ്ഞ ദിവസം അതിക്രമത്തിന് ഇരയായത്. വിദ്യാര്‍ത്ഥിനി ആണ്‍സുഹൃത്തുമെന്ന് രാത്രി 8.30 ന് മെഡിക്കല്‍ കോളജ് കാംപസിന് വെളിയിലേക്ക് വരുന്നതിനിടെയായിരുന്നു അക്രമം. ഗേറ്റിന് സമീപം വെച്ച് പെട്ടെന്ന് എത്തിയ അക്രമി പെണ്‍കുട്ടിയെ ആശുപത്രിക്ക് പിന്നിലേക്ക് വലിച്ചിഴച്ചുകൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു. വിദ്യാര്‍ത്ഥിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മൂന്ന് പേർ പിടിയിലായി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
