

ന്യൂഡൽഹി: പെഗാസസ് ഫോൺ ചോർത്തൽ വിഷയത്തിൽ അഞ്ച് മാധ്യമ പ്രവർത്തകർ കൂടി സുപ്രീം കോടതിയിൽ ഹർജി നൽകി. ഫോൺ ചോർത്തലിന് ഇരകളായെന്ന് വെളിപ്പെടുത്തിയ മാധ്യമ പ്രവർത്തകരാണ് ഹർജി സമർപ്പിച്ചത്. പരൻജോയ് ഗുഹ തക്കൂർദാ, എസ്എൻഎം അബ്ദി, പ്രേംശങ്കർ ഝാ, രൂപേഷ് കുമാർ സിങ്, ഇപ്സാ ശതാക്സി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
പെഗാസസ് വിവാദത്തിൽ നിരീക്ഷണത്തിന് ഇരയാക്കപ്പെട്ടവർ കോടതിയെ സമീപിക്കുന്നത് ഇതാദ്യമാണ്. ഭരണഘടനാപരമായ മൗലികാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് ആരോപിച്ചാണ് ഹർജികൾ. വിഷയത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നാണ് ഹർജിയിലെ വാദം. പെഗാസസ് വാങ്ങിയോ എന്ന് കേന്ദ്രം വെളിപ്പെടുത്തണമെന്നും ഹർജിയിൽ പറയുന്നു.
ആംനെസ്റ്റി ഇന്റർനാഷണൽ തങ്ങളുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനാ ഫലത്തിൽ പെഗാസസ് മാൽവെയർ ഉണ്ടായിരുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര സർക്കാരോ മറ്റേതെങ്കിലും മൂന്നാം കക്ഷിയോ തങ്ങളെ നിരീക്ഷിച്ചതായി ശക്തമായി വിശ്വസിക്കുന്നുവെന്നും കേന്ദ്ര സർക്കാർ ഇതുവരെ പെഗാസസുമായി ബന്ധപ്പെട്ട ആരോപണം നിഷേധിച്ചിട്ടില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates