

ഡെഹ്‌റാഡൂൺ: ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ മേജർ ജനറൽ ഭുവൻ ചന്ദ്ര ഖണ്ഡൂരി (റിട്ട.) അന്തരിച്ചു. 91 വയസ്സായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഡെഹ്‌റാഡൂണിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യമെന്ന് അദ്ദേഹത്തിന്റെ മകളും ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കറുമായ ഋതു ഖണ്ഡൂരി ഭൂഷൺ അറിയിച്ചു. ഭാര്യ അരുണ, മകൻ മനീഷ്, മകൾ ഋതു എന്നിവരടങ്ങുന്നതാണ് കുടുംബം. അദ്ദേഹത്തിന്റെ ഭൗതികശരീരം ബുധനാഴ്ച രാവിലെ ഹരിദ്വാറിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സൈനിക അച്ചടക്കവും രാഷ്ട്രീയ സുതാര്യതയും ഒത്തുചേർന്ന ഇന്ത്യയിലെ പ്രമുഖനായ ഒരു ഭരണാധികാരിയുടെ യുഗത്തിനാണ് ഇതോടെ അന്ത്യമാകുന്നത്.
1934 ഒക്ടോബർ 1-നാണ് ഭുവൻ ചന്ദ്ര ഖണ്ഡൂരി ജനിച്ചത്. ദീർഘകാലം ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച അദ്ദേഹം മേജർ ജനറൽ പദവിയിൽ നിന്നാണ് വിരമിച്ചത്. തുടർന്ന് മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയാണ് അദ്ദേഹത്തെ ദേശീയ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. സൈനിക ജീവിതത്തിലെ കൃത്യനിഷ്ഠയും അഴിമതിക്കെതിരെയുള്ള കർശന നിലപാടുകളും കാരണം ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഭാരതീയ ജനതാ പാർട്ടിയിലെ ഏറ്റവും സ്വാധീനമുള്ള നേതാക്കളിലൊരാളായി അദ്ദേഹം മാറി.
ഇന്ത്യൻ റോഡ് ശൃംഖലയുടെ ശില്പി; 'സുവർണ്ണ ചതുഷ്കോണം'
വാജ്‌പേയി മന്ത്രിസഭയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കാലത്താണ് ഭുവൻ ചന്ദ്ര ഖണ്ഡൂരി എന്ന ഭരണാധികാരിയുടെ കരുത്ത് രാജ്യം അറിഞ്ഞത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ 'സുവർണ്ണ ചതുഷ്കോണം' (Golden Quadrilateral) സമയബന്ധിതമായി യാഥാർത്ഥ്യമാക്കിയതിന് പിന്നിലെ പ്രധാന ചാലകശക്തി അദ്ദേഹമായിരുന്നു. ഫയലുകൾ വെച്ചുതാമസിപ്പിക്കാതെ കൃത്യമായ ഡെഡ്‌ലൈനുകൾ നിശ്ചയിച്ച് പദ്ധതികൾ പൂർത്തിയാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ രാഷ്ട്രീയ ഭേദമന്യേ എല്ലാ നേതാക്കളും പ്രശംസിച്ചിരുന്നു.
തുടർന്ന് ഉത്തരാഖണ്ഡ് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മാറിയ അദ്ദേഹം 2007-ലും പിന്നീട് 2011-ലുമായി രണ്ട് തവണ സംസ്ഥാന മുഖ്യമന്ത്രിയായി ചുമതലയേറ്റു. അദ്ദേഹത്തിന്റെ ആദ്യ ഭരണകാലത്ത് സംസ്ഥാനത്ത് ഉയർന്നുകേട്ട 'ഖണ്ഡൂരി ഹേ സരൂരി' (ഖണ്ഡൂരി അത്യാവശ്യമാണ്) എന്ന രാഷ്ട്രീയ മുദ്രാവാക്യം ഭരണസംവിധാനത്തെ അഴിമതിമുക്തമാക്കാൻ ജനങ്ങൾ അദ്ദേഹത്തിൽ അർപ്പിച്ച വിശ്വാസത്തിന്റെ തെളിവായിരുന്നു. ഭരണപരമായ പരിഷ്കാരങ്ങൾ, കർശനമായ ധനമാനേജ്മെന്റ്, കടുത്ത അഴിമതി വിരുദ്ധ നിയമങ്ങൾ എന്നിവയ്ക്കായിരുന്നു മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം മുൻഗണന നൽകിയത്. പർവ്വത മേഖലകളിലെ റോഡ് ശൃംഖലകൾ വികസിപ്പിക്കുന്നതിലും സംസ്ഥാനത്തിന്റെ ഭൂമി കൈയേറ്റങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates