പൂച്ചയുടെ കരച്ചില്‍, കാറില്‍ കൂറ്റന്‍ രാജവെമ്പാലയെ കണ്ട് ഞെട്ടി; നാലുയുവാക്കള്‍ സഞ്ചരിച്ചത് 80 കിലോമീറ്റര്‍, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് 

കര്‍ണാടകയില്‍ ഒരേ കാറില്‍ 80 കിലോമീറ്റര്‍ ഒരുമിച്ച് സഞ്ചരിച്ച നാലു ബന്ധുക്കളുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല
രാജവെമ്പാല /ഫയല്‍ ചിത്രം
രാജവെമ്പാല /ഫയല്‍ ചിത്രം
Updated on
1 min read

ബംഗളൂരു: കര്‍ണാടകയില്‍ ഒരേ കാറില്‍ 80 കിലോമീറ്റര്‍ ഒരുമിച്ച് സഞ്ചരിച്ച നാലു ബന്ധുക്കളുടെ ഞെട്ടല്‍ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കാറില്‍ പത്തടി നീളമുള്ള കൂറ്റന്‍ രാജവെമ്പാലയ്‌ക്കൊപ്പം, ഇതറിയാതെ സഞ്ചരിച്ചു എന്നത് ഒരു ഉള്‍ക്കിടിലത്തോടെയല്ലാതെ ഇവര്‍ക്ക് ഇനി ഓര്‍ക്കാന്‍ സാധിക്കില്ല. കാര്‍ നിര്‍ത്തിയ സമയത്ത് പൂച്ചയുടെ അസാധാരണ കരച്ചില്‍ കേട്ട് ശ്രദ്ധിച്ചപ്പോഴാണ് കാറിന്റെ പിന്നില്‍ രാജവെമ്പാലയെ കണ്ടത്. ബൂട്ടിന് താഴെ പിന്നിലെ വീലില്‍ ചുറ്റിയ നിലയിലായിരുന്നു രാജവെമ്പാല. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് പാമ്പിനെ കാറില്‍ നിന്ന് പുറത്തേയ്ക്ക് എടുത്തത്.

ഉത്തര കനഡ ജില്ലയില്‍ ജോയ്ഡ താലൂക്കിലെ ജഗല്‍പേട്ട് എന്ന സ്ഥലത്ത് ഞായറാഴ്ചയായിരുന്നു സംഭവം. ഗോവ കാസ്റ്റില്‍ റോക്ക്- ദൂത് സാഗര്‍ മേഖലയിലെ വീട്ടില്‍ നിന്ന് കര്‍ണാടകയിലെ ജഗല്‍പേട്ടിലെ ബന്ധുവീട്ടിലേക്ക് പോകാനാണ് ബന്ധുക്കളായ നാലുയുവാക്കള്‍ കാറില്‍ കയറിയത്. യാത്രയ്ക്കിടെ ദത്താത്രേയ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതിനായി കാര്‍ നിര്‍ത്തി. ഇതിനോടകം കാറില്‍ പാമ്പ് ഉള്ളത് അറിയാതെ 80 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ സഞ്ചരിച്ചത്. തുടര്‍ന്ന് ബന്ധുവീട്ടില്‍ എത്തിയ സംഘം കാറില്‍ നിന്ന് ഇറങ്ങി ബന്ധുക്കളുമായി സംസാരിക്കാന്‍ തുടങ്ങി. അതിനിടെയാണ് കാറിന്റെ  സമീപത്ത് നിന്ന് പൂച്ചയുടെ കരച്ചില്‍ കേട്ടത്. ഈസമയത്ത് കാറിന്റെ പിന്നില്‍ നിന്ന് അസാധാരണ ശബ്ദം കേട്ട സംഘം ശ്രദ്ധിച്ചപ്പോഴാണ് പാമ്പിനെ കണ്ട് ഞെട്ടിയത്. 

ബൂട്ടിന് താഴെ പിന്നിലെ വീലില്‍ ചുറ്റിയിരിക്കുന്ന നിലയിലായിരുന്നു രാജവെമ്പാല. ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയായിരുന്നു. കാറില്‍ നിന്ന് പുറത്തെടുത്ത പാമ്പിനെ തൊട്ടടുത്തുള്ള കാട്ടില്‍ തുറന്നുവിട്ടു. കാസ്റ്റില്‍ റോക്ക്- ദൂത് സാഗര്‍ മേഖലയില്‍ വച്ചാകാം പാമ്പ് കാറില്‍ കയറിയത് എന്നാണ് പ്രാഥമിക നിഗമനം.

ഈ വാർത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com