ഇന്ത്യന്‍ വ്യോമയാന മേഖല പ്രക്ഷുബ്ധമോ?, നേരിടുന്ന വെല്ലുവിളികള്‍ എന്തെല്ലാം?; എങ്ങനെ പരിഹരിക്കാം?

ലോകത്തെ മൂന്നാമത്തെ വ്യോമയാന വിപണിയാണ് ഇന്ത്യ
Indian aviation sector
Air India plane crash ഫയൽ
Updated on
4 min read

ന്യൂഡല്‍ഹി: ലോകത്തെ മൂന്നാമത്തെ വ്യോമയാന വിപണിയാണ് ഇന്ത്യ. എന്നാല്‍ അടിസ്ഥാന സൗകര്യവികസനം മെച്ചപ്പെടുത്തുന്നതിലടക്കം നിലനില്‍ക്കുന്ന നിരവധി പോരായ്മകള്‍ കൂടുതല്‍ വളര്‍ച്ചയിലേക്ക് പോകുന്നതിന് തടസ്സം സൃഷ്ടിക്കുന്നതായി റിപ്പോര്‍ട്ട്. വ്യോമയാന മേഖലയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളുടെ കാര്യക്ഷമമായ ഇടപെടലിന്റെ അഭാവം, സുരക്ഷാ മാനദണ്ഡങ്ങളില്‍ വെള്ളം ചേര്‍ക്കല്‍ തുടങ്ങിയവയും വ്യോമയാന മേഖലയില്‍ ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമായിട്ടുണ്ടെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ഇന്ത്യന്‍ ജിഡിപിയുടെ 2.4 ശതമാനമാണ് വ്യോമയാന മേഖലയുടെ സംഭാവന. നേരിട്ട് നാലുലക്ഷം പേരും പരോക്ഷമായി ലക്ഷക്കണക്കിന് ആളുകളുമാണ് ഈ മേഖലയെ ആശ്രയിച്ച് ജോലി ചെയ്യുന്നത്. 2025ല്‍ ഇതുവരെ ഏകദേശം 17.4 കോടി യാത്രക്കാരാണ് ഇന്ത്യയില്‍ നിന്നും ഇന്ത്യയ്ക്ക് അകത്തും വിമാനയാത്ര നടത്തിയത്. ഇത് മൊത്തം ആഗോള വിമാന യാത്രികരുടെ ഏകദേശം 4.2 ശതമാനം വരും. നിലവില്‍, ഇന്ത്യന്‍ വിമാനക്കമ്പനികള്‍ക്ക് ഒന്നടങ്കം 860 വിമാനങ്ങളാണുള്ളത്. ഇത് ആഗോള തലത്തിലുള്ള മൊത്തം വിമാനങ്ങളുടെ 2.4 ശതമാനം വരും. സ്‌പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടുന്ന ഒരു സ്വയംഭരണ നിയമാനുസൃത വ്യോമയാന നിയന്ത്രണ സംവിധാനം, അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്കനുസൃതമായി സ്വതന്ത്രമായ അന്വേഷണങ്ങള്‍, കുറ്റമറ്റ പരിശീലനവും അറ്റകുറ്റപ്പണികളും, സുതാര്യമായ നയങ്ങള്‍, പരിഷ്‌കാരങ്ങള്‍ എന്നിവയില്ലാതെ ഇത്തരത്തിലൊരു വളര്‍ച്ച ഭാവിയില്‍ നിലനിര്‍ത്താനുള്ള ഇന്ത്യയുടെ കഴിവ് സംശയാസ്പദമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.തകരാറുകള്‍ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുകയും റണ്‍വേ അടയാളങ്ങള്‍ മങ്ങുകയും സുരക്ഷാ പരിശോധനകളില്ലാതെ വിമാനത്താവള ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുകയും അറ്റകുറ്റപ്പണി നടപടിക്രമങ്ങള്‍ അവഗണിക്കുകയോ വ്യാജമായി നിര്‍മ്മിക്കുകയോ ചെയ്യുന്നതുമായ സാഹചര്യം ചില വിമാനത്താവളങ്ങളില്‍ നിലനില്‍ക്കുന്നതായി ആഭ്യന്തര ഡിജിസിഎ (Directorate General of Civil Aviation) ഓഡിറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

'ഒരു കാലത്ത് വ്യോമയാന മേഖല എന്തിനെയും നേരിടാന്‍ പ്രാപ്തമാണെന്ന് തോന്നിയിരുന്നു. ഞങ്ങള്‍ എല്ലാ പാദത്തിലും പരിശീലനങ്ങള്‍ നടത്തിയിരുന്നു. ഇപ്പോള്‍ അത് വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്. ജീവനക്കാരെ വെട്ടിക്കുറച്ചു. ഞങ്ങള്‍ക്ക് ക്ഷീണം അനുഭവപ്പെടുന്നുണ്ട്. പോരായ്മകള്‍ ചോദ്യം ചെയ്താല്‍ ഞങ്ങളെ സ്ഥലം മാറ്റുന്നു. അല്ലെങ്കില്‍ അതിലും മോശമായി ബെഞ്ചില്‍ ഇരുത്തും' - ഒരു പതിറ്റാണ്ടിലേറെ പറക്കല്‍ പരിചയമുള്ള ഒരു ക്യാബിന്‍ ക്രൂ അംഗം ആരോപിച്ചു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അഭിഭാഷകനായ യശ്വന്ത് ഷേണായി വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് എവേക്ക് ഇന്ത്യ എന്ന പേരില്‍ എക്സില്‍ ചില മുന്നറിയിപ്പുകള്‍ പങ്കുവെച്ചിരുന്നു.' രാജ്യത്ത് ഒരു വിമാനത്താവളവും സുരക്ഷിതമല്ല. അതിനാല്‍ കരിപ്പൂരും മംഗളൂരുവും (മുമ്പ് വിമാനങ്ങള്‍ തകര്‍ന്നിടത്ത്) ഇനിയും ആവര്‍ത്തിച്ചെന്ന് വരാം. പക്ഷേ മുംബൈയിലാണ് അത് സംഭവിക്കുന്നതെങ്കില്‍, അത് ഒരു അപകടമായിരിക്കില്ല, അത് ഒരു ദുരന്തമായിരിക്കും.'- അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ജൂണില്‍ എഐ 171 അപകടത്തിന് ശേഷം ഡിജിസിഎ വ്യോമയാന മേഖലയില്‍ 360 ഡിഗ്രി സുരക്ഷാ ഓഡിറ്റിന് ഉത്തരവിട്ടു. വിമാനത്താവളങ്ങളില്‍ മിന്നല്‍ പരിശോധന നടത്തുന്നത് അടക്കം വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളില്‍ കാര്യങ്ങള്‍ കുറ്റമറ്റ രീതിയിലാണോ നടക്കുന്നത് എന്ന് പരിശോധിക്കാനാണ് ഡിജിസിഎ നടപടി സ്വീകരിച്ചത്. അപകടത്തിന് കാരണമായി മെക്കാനിക്കല്‍- സാങ്കേതിക പരാജയം അടക്കം നിരവധി വിഷയങ്ങള്‍ ഉയര്‍ന്നുവന്ന പശ്ചാത്തലത്തിലാണ് ഡിജിസിഎ അതിവേഗത്തില്‍ നടപടികളിലേക്ക് കടന്നത്.

വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഈ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായി ബന്ധപ്പെട്ടവര്‍ പറയുന്നു. വ്യോമയാനവും പതുക്കെ സ്വകാര്യവല്‍ക്കരിക്കപ്പെടുകയാണ്. ഇത് കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കുന്നു. ലാഭം മാത്രം ശ്രദ്ധാകേന്ദ്രമായി മാറുന്നു. ഒന്നിലധികം അധികാരികള്‍ വിമാനത്താവളങ്ങള്‍, വ്യോമയാനം, സുരക്ഷ എന്നിവ നിയന്ത്രിക്കുന്നു. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്ന ഒരു മനോഭാവം നിലനില്‍ക്കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യയില്‍ 30 അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍, 10 കസ്റ്റംസ് വിമാനത്താവളങ്ങള്‍, 139 ആഭ്യന്തര വിമാനത്താവളങ്ങള്‍, 21 ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ എന്നിവയാണ് ഉള്ളത്. അടിസ്ഥാന സൗകര്യങ്ങളുടെയും പരിശീലനം ലഭിച്ച പ്രൊഫഷണലുകളുടെയും ശേഷിക്ക് മുകളില്‍ 300 വിമാനങ്ങള്‍ക്ക് കൂടി ഓര്‍ഡര്‍ നല്‍കിയിരിക്കുകയാണ്. മതിയായ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷാ പ്രോട്ടോക്കോളുകളും ഇല്ലാതെ ഇന്ത്യയ്ക്ക് ഇത്രയും അനിയന്ത്രിതമായ വളര്‍ച്ചയെ താങ്ങാന്‍ കഴിയുമോ എന്ന ചോദ്യം ഉയരുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ 15 കോടി ആഭ്യന്തര യാത്രക്കാരെയും 6.6 കോടി രാജ്യാന്തര യാത്രക്കാരെയുമാണ് വ്യോമമേഖല കൈകാര്യം ചെയ്തത്. 2030 ആകുമ്പോഴേക്കും ഈ സംഖ്യ ഇരട്ടിയാകുമെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് അസോസിയേഷന്‍ (IATA) പറയുന്നു. 2024-ല്‍ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തില്‍ 5.4 ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. അന്താരാഷ്ട്രതലത്തില്‍ 11.4 ശതമാനമാണ് വര്‍ധന. ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്റെ (ICAO) റേറ്റിംഗ് അനുസരിച്ച് ഇന്ത്യ 102-ാം സ്ഥാനത്തുനിന്ന് 48-ാം സ്ഥാനത്തേക്കാണ് കുതിച്ചുയര്‍ന്നത്.

മന്ത്രിതല/സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നിന്ന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒരു സ്വതന്ത്ര സ്റ്റാറ്റിയൂട്ടറി ഏവിയേഷന്‍ റെഗുലേറ്റര്‍ ഇന്ത്യയ്ക്ക് ആവശ്യമാണെന്ന്് മുന്‍ ജെറ്റ് എയര്‍വേയ്സ് പരിശീലകനും എയര്‍ലൈന്‍ പൈലറ്റ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റുമായ ക്യാപ്റ്റന്‍ സാം തോമസ് അഭിപ്രായപ്പെടുന്നു. 'യുഎസിലെ എഫ്എഎ, യൂറോപ്പിലെ ഇഎഎസ്എ, യുകെയിലെ സിഎഎ എന്നിവയ്ക്ക് സമാനമായ ഒന്ന് നമുക്ക് ആവശ്യമാണ്. നിലവില്‍ ഡിജിസിഎയെ നിയന്ത്രിക്കുന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍ മാത്രമല്ല, വൈമാനികരും വിഷയ വിദഗ്ധരും ഈ ഏജന്‍സിയില്‍ ഉണ്ടായിരിക്കണം. ഇന്ത്യ എഫ്എഎ പ്രോട്ടോക്കോളുകള്‍ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിച്ചിട്ടുണ്ടെങ്കിലും, പാലിക്കല്‍ ആശങ്കാജനകമാംവിധം അയഞ്ഞതാണ്. സിഎഎ, ഇഎഎസ്എ പോലുള്ള റെഗുലേറ്റര്‍മാര്‍ ഒരു പരിധിവരെ സ്വതന്ത്രമായാണ് പ്രവര്‍ത്തിക്കുന്നത്.എന്നാല്‍ ഡിജിസിഎ സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന് കീഴിലാണ്, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയില്ല,'- സുരക്ഷാ വിദഗ്ധന്‍ ക്യാപ്റ്റന്‍ അമിത് സിങ് പറഞ്ഞു.

വ്യോമയാന രംഗവുമായി ബന്ധപ്പെട്ട് വിവിധ പോരായ്മകള്‍ ഐസിഎഒയുടെ 2023 ലെ യൂണിവേഴ്സല്‍ സേഫ്റ്റി ഓവര്‍സൈറ്റ് ഓഡിറ്റ് പ്രോഗ്രാം ചൂണ്ടിക്കാണിച്ചിരുന്നു. അപകട അന്വേഷണ സുതാര്യത അടക്കം വിവിധ മാനദണ്ഡങ്ങളില്‍ ഇന്ത്യയുടെ സ്‌കോര്‍ 58.2 ശതമാനം മാത്രമാണ്. ഇത് ആഗോള ശരാശരിയായ 70 ശതമാനത്തില്‍ താഴെയാണ്. ഐസിഎഒ ഭേദഗതികള്‍ക്ക് അനുസൃതമായി സാങ്കേതിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതില്‍ ഡിജിസിഎ പരാജയപ്പെട്ടെന്നും ഒരു സ്വതന്ത്ര അപകട അന്വേഷണ സ്ഥാപനത്തിന്റെ അഭാവവുമായിരുന്നു ഐസിഎഒയുടെ പ്രധാന നിരീക്ഷണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Indian aviation sector
Indian aviation sector

ഡിജിസിഎ, ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്), എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) എന്നിവയിലായി 10,000ലധികം തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ഗുരുതരമായ ശേഷി വിടവുകള്‍ എടുത്തുകാണിക്കുന്നതാണ് പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ട്. 2021 മുതല്‍ ഡിജിസിഎയിലെ ഒഴിവുകളുടെ എണ്ണം ഇരട്ടിയായി. വന്‍ വളര്‍ച്ചയുണ്ടായിട്ടും 2025 മാര്‍ച്ച് വരെ 878 ഒഴിവുകള്‍ മാത്രമേ നികത്തപ്പെട്ടിട്ടുള്ളൂ. 800 ലധികം ഒഴിവുകള്‍ നികത്തപ്പെടാതെ കിടക്കുന്നു.

അടുത്തകാലത്തായി നിരവധി വിമാനക്കമ്പനികള്‍ ഒന്നിനു പുറകെ ഒന്നായി അടച്ചുപൂട്ടി. കടബാധ്യതയും നല്‍കാത്ത ശമ്പളവും അവശേഷിപ്പിച്ചു. ''ജെറ്റ് എയര്‍വേയ്സ് സാമ്പത്തിക കെടുകാര്യസ്ഥതയാല്‍ മുങ്ങി. കിംഗ്ഫിഷര്‍ ആഡംബരത്തിലും കുഴപ്പത്തിലും മുങ്ങി. അഴിമതി കേന്ദ്രങ്ങള്‍ രാഷ്ട്രീയ ഡമ്പിംഗ് മൈതാനങ്ങളായി മാറി'- ടൊറന്റോ ആസ്ഥാനമായുള്ള വ്യോമയാന വിദഗ്ദ്ധന്‍ പ്രഭ്‌ജോത് പോള്‍ സിങ് പറയുന്നു. ഉയര്‍ന്ന ഇന്ധനച്ചെലവ് മഞ്ഞുമലയുടെ അഗ്രം മാത്രമാണ്. വിമാനങ്ങള്‍ പാട്ടത്തിനെടുക്കുന്നത് വ്യവസായത്തിന്റെ അന്ധമായ അഭിനിവേശത്തെയാണ് കാണിക്കുന്നത്. ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് വിമാനക്കമ്പനികള്‍ നേരിടാന്‍ പോകുന്നതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാര്‍ നയങ്ങളും വ്യോമയാന മേഖലയുടെ കാര്യക്ഷമതയെ സഹായിച്ചിട്ടില്ല. ചെറിയ ഓപ്പറേറ്റര്‍മാരെ അവഗണിക്കുന്നു. പരിശീലന പൈപ്പ്ലൈനുകള്‍ തകര്‍ന്നിരിക്കുന്നു. യോഗ്യതയുള്ള പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും മെയിന്റനന്‍സ് സ്റ്റാഫിന്റെയും അഭാവം നിഴലിക്കുന്നു. വിമാനം, ക്രൂ, അറ്റകുറ്റപ്പണി എന്നിവ നല്‍കുന്ന സ്മാര്‍ട്ട് വെറ്റ് ലീസുകള്‍ക്കായി വിദേശ വിമാനക്കമ്പനികളുമായി തന്ത്രപരമായ ബന്ധങ്ങള്‍ക്ക് ഇന്ത്യന്‍ വിമാന കമ്പനികള്‍ തയ്യാറാവുന്നത്് വ്യോമമേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ താത്കാലികമായി പരിഹരിക്കുന്നതിന് സഹായകമാകുമെന്നും പ്രഭ്‌ജോത് സിങ് പറയുന്നു.''വിമാന യാത്രയ്ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡും പ്രതീക്ഷിക്കുന്ന ഗണ്യമായ ഫ്‌ലീറ്റ് വിപുലീകരണവും അടുത്ത രണ്ട് ദശകങ്ങളില്‍ ഏകദേശം 37,000 പൈലറ്റുമാരെയും 38,000 മെയിന്റനന്‍സ് ടെക്‌നീഷ്യന്മാരെയും ആവശ്യമായി വരും. ഗുരുതരമായ പൈലറ്റ് ക്ഷാമം, പരിശീലനം ലഭിച്ച പൈലറ്റുമാരുടെ കുറവ് എന്നിവ ഈ മേഖല നേരിടുന്ന വലിയ പ്രശ്‌നങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ വ്യോമയാന വ്യവസായം രണ്ട് പ്രധാന കളിക്കാരുടെ ആധിപത്യത്തിലാണ്. ഇന്‍ഡിഗോയും എയര്‍ ഇന്ത്യയുമാണ് വിപണിയുടെ സിംഹഭാഗവും നിയന്ത്രിക്കുന്നത്. വിപണിയുടെ സിംഹഭാഗവും ഈ രണ്ടു കമ്പനികള്‍ മാത്രം നിയന്ത്രിക്കുന്നത് മത്സരക്ഷമതയെ ബാധിച്ചിട്ടുണ്ട്. സേവന നിബന്ധനകളും വിലനിര്‍ണ്ണയവും കുറച്ച് പ്രബലരായ കളിക്കാര്‍ മാത്രം നിയന്ത്രിക്കുന്നത് മേഖലയ്ക്ക് ഗുണകരമായിരിക്കില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Indian aviation sector
ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്, രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തു

വ്യോമയാന മേഖലയില്‍ സുരക്ഷ ഉറപ്പാക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ എന്തെല്ലാം?

അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് മുന്‍കൂട്ടി തയ്യാറെടുപ്പുകള്‍ നടത്തണം

പൈലറ്റ്, കണ്‍ട്രോളര്‍, എന്‍ജിനിയര്‍, ഗ്രൗണ്ട് സ്റ്റാഫ് എന്നിവര്‍ തമ്മില്‍ ഫലപ്രദമായ ആശയവിനിമയം സാധ്യമാക്കണം

വീഴ്ചകള്‍ സംഭവിച്ചാല്‍ അത് അന്വേഷിക്കാന്‍ സ്വതന്ത്രമായ സംവിധാനം ഒരുക്കണം. എങ്കില്‍ മാത്രമേ ഭാവിയില്‍ ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കൂ

സുരക്ഷയുമായി ബന്ധപ്പെട്ട് സുതാര്യമായ നടപടികള്‍ സ്വീകരിക്കുക. സുരക്ഷ വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ എപ്പോഴും സ്വീകരിക്കുക

റെഗുലേറ്ററി സംവിധാനം സ്വതന്ത്രമായിരിക്കണം. അഴിമതി മുക്തമാക്കി വ്യോമയാന മേഖല ദേശീയ, അന്തര്‍ദേശീയ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ കഴിയുന്ന സംവിധാനം ഒരുക്കണം

അഴിമതി മുക്തമാക്കാനും കാര്യക്ഷമത വര്‍ധിപ്പിക്കാനും കാലാകാലങ്ങളില്‍ സാങ്കേതികവിദ്യ പരിഷ്‌കരിക്കണം

വ്യോമയാന മേഖലയില്‍ അടിസ്ഥാന സൗകര്യവികസനത്തിന് പ്രാധാന്യം നല്‍കണം.

Indian aviation sector
ആക്‌സിയം 4 അണ്‍ഡോകിങ് നാളെ, ഐഎസ്എസില്‍ ഇന്ന് യാത്രയയപ്പ്; മടങ്ങിയെത്തുന്ന യാത്രികര്‍ക്ക് 7 ദിവസം നിരീക്ഷണം
Summary

Indian aviation: Approximately 174 million passengers travelled from and within India by air in 2025, accounting for around 4.2 per cent of the global trot

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com