

ചെന്നൈ: പെട്രോൾ വില കുതിച്ചുയരുന്നതിനിടയിൽ തമിഴ്നാട്ടിലെ കരൂർ സ്വദേശികൾക്കായി വ്യത്യസ്ത ഓഫർ അവതരിപ്പിച്ചിരിക്കുകയാണ് ജില്ലയിലെ ഒരു പമ്പ് ഉടമ. തിരുക്കുറൽ കാണാപാഠം ചൊല്ലാനറിയുന്ന മക്കളുടെ മാതാപിതാക്കൾക്ക് സൗജന്യമായി പെട്രോൾ നൽകുമെന്നാണ് പ്രഖ്യാപനം. 20 തിരുക്കുറൽ ചൊല്ലി കേൾപ്പിച്ചാൽ ഒരു ലിറ്റർ പെട്രോൾ സൗജന്യമായി നൽകും. 10 തിരുക്കുറൽ ചൊല്ലിയാൽ അര ലിറ്റർ പെട്രോൾ നേടാം.
തിരുക്കുറലിന്റെ പ്രാധാന്യം മനസിലാക്കാൻ കുട്ടികളെ പ്രേരിപ്പിക്കാനാണ് കെ സെൻഗുകുട്ടുവൻ എന്നയാൾ ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. വള്ളുവർ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഉടമയാണ് ഇദ്ദേഹം. ഓഫർ പ്രഖ്യാപിച്ചതുമുതൽ കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതൽ പേർ തങ്ങളുടെ മക്കളെ ആവേശത്തോടെ തിരുക്കുറൽ പഠിക്കാൻ പ്രേരിപ്പിക്കുന്നുണ്ടെന്ന് സെൻഗുകുട്ടുവൻ പറഞ്ഞു.
അരാവകുരിച്ചിക്കടുത്തുള്ള മലൈക്കോവിലൂരിലെ വള്ളുവാർ ഏജൻസികളുടെ പമ്പിൽ നിന്നാണ് സൗജന്യമായി പെട്രോൾ ലഭിക്കുക. അറിവ് നിറഞ്ഞ നിധിയെന്നാണ് തിരുക്കുറലിനെ സെൻഗുകുട്ടുവൻ വിശേഷിപ്പിക്കുന്നത്. സാങ്കേതികവിദ്യയിലൊക്കെ അടിക്കടി മാറ്റമുണ്ടാകുന്നുണ്ടെങ്കിലും തിരുക്കുറൽ സ്ഥായിയായി നിലനിൽക്കുന്നതാണ്.
ഓഫർ പ്രകാരം ഒന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കാണ് പങ്കെടുക്കാൻ അവസരം. ഒന്നിലധികം തവണ പങ്കെടുക്കാനും അവസരമുണ്ട്, അതേസമയം ഓരോ തവണയും വ്യത്യസ്ത തിരുക്കുറലുകൾ പാരായണം ചെയ്യണം എന്നതാണ് വ്യവസ്ഥ. ഇതിനോടകം അൻപതോളം കുട്ടികളാണ് പങ്കെടുത്തിട്ടുള്ളത്. ഏപ്രിൽ മുപ്പത് വരെ ഓഫർ തുടരാനാണ് തീരുമാനം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates