

ന്യൂഡല്‍ഹി: വാഹനാപകടങ്ങളില്‍പ്പെടുന്നവര്‍ക്ക് നിര്‍ണായകമായ ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി മൂന്ന് ദിവസത്തേക്ക് പണരഹിത ചികിത്സ ഉറപ്പാക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം. പുതിയ മോട്ടോര്‍ വാഹന നിയമത്തിലെ ഭേദഗതികള്‍ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയവുമയായി സഹകരിച്ച് അടുത്ത നാല് മാസങ്ങള്‍ക്കുള്ളില്‍ നടപ്പാക്കാനാണ് ആലോചന. നിയമം അടുത്ത മാര്‍ച്ചിനകം നടപ്പാക്കുമെന്നാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയം സെക്രട്ടറി അനുരാഗ് ജെയ്ന്‍ പറഞ്ഞത്.
വാഹനാപകടത്തിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ പരിക്കേറ്റ വ്യക്തികള്‍ക്ക് അടിയന്തരവും സൗജന്യവുമായ വൈദ്യസഹായം ഉറപ്പാക്കണെമെന്നാണ് വ്യവസ്ഥയാണ് നടപ്പിലാകുക. മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിലെ സെക്ഷന്‍ 162 (1) ലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ചികിത്സക്ക് വരുന്ന ചെലവ് അതാത് സംസ്ഥാനങ്ങളില്‍ ജനറല്‍ ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുന്ന കമ്പനികള്‍ നിര്‍വഹിക്കണം. ഇതിന് ആവശ്യമായ പദ്ധതി രൂപരേഖ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കണമെന്നും വാഹന ഭേദഗതി നിയമത്തില്‍ പറയുന്നു.
അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെ ഒരു മണിക്കൂര്‍ ഉള്‍പ്പെടെ പരമാവധി 72 മണിക്കൂര്‍ വരെ ചെലാവാകുന്ന തുകയാണ് ഇത്തരത്തില്‍ ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ വഹിക്കുന്നത്.
ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ റോഡപകടങ്ങള്‍ നടക്കുന്നത് ഇന്ത്യയിലാണെന്നും 2030-നുള്ളില്‍ അപകടങ്ങള്‍ പകുതിയായി കുറയ്ക്കാനാണ് മന്ത്രാലയത്തിന്റെ തീരുമാനം. റോഡ് അപകടത്തില്‍പ്പെട്ടവര്‍ക്ക് ഉചിതമായ ചികിത്സ ലഭിക്കുന്നതിന് ഏറ്റവും അടുത്തുള്ള ആശുപത്രികളില്‍ സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന് സുപ്രീംകോടതിയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates