

ന്യൂഡൽഹി: വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികൾക്കെതിരായ അന്വേഷണത്തിൽ കൂടുതൽ നടപടിയുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാങ്ക് തട്ടിപ്പ്, സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളുമായി ബന്ധപ്പെട്ട് 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി ഇ.ഡി കണ്ടുകെട്ടി. രണ്ട് ചാർട്ടേഡ് വിമാനങ്ങൾ, ആറിടങ്ങളിലെ ഭൂമി, മഹാരാഷ്ട്രയിലെ ഓഫീസ് കെട്ടിടം, തമിഴ്‌നാട്ടിലെ രണ്ട് കാറ്റാടിയന്ത്രങ്ങൾ, ബാങ്ക് നിക്ഷേപങ്ങൾ, സ്ഥിരനിക്ഷേപങ്ങൾ, മറ്റ് നിക്ഷേപങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
റിലയൻസ് കമ്മ്യൂണിക്കേഷൻസുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ 247.12 കോടി രൂപയുടെ ആസ്തികളാണ് കണ്ടുകെട്ടിയത്. റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ് എന്നിവയുമായി ബന്ധപ്പെട്ട കേസിൽ 263.05 കോടി രൂപയുടെ ആസ്തികളും ഇ.ഡി അറ്റാച്ച് ചെയ്തു. രണ്ട് കേസുകളിലുമായി 510.17 കോടി രൂപയുടെ ആസ്തികളാണ് പുതിയതായി കണ്ടുകെട്ടിയത്.
ഇതോടെ റിലയൻസ് അനിൽ അംബാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവിധ കേസുകളിൽ ഇ.ഡി കണ്ടുകെട്ടിയ ആസ്തികളുടെ ആകെ മൂല്യം ഏകദേശം 23,100 കോടി രൂപയാണ്. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം, വിദേശനാണയ വിനിമയ നിയന്ത്രണ നിയമം എന്നിവ പ്രകാരമാണ് നടപടി.
സിബിഐ ഡൽഹി, ഡൽഹി, മുംബൈ പൊലീസുകളുടെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗങ്ങൾ രജിസ്റ്റർ ചെയ്ത വിവിധ എഫ്‌ഐആറുകളുടെ അടിസ്ഥാനത്തിലാണ് ഇ.ഡി അന്വേഷണം ആരംഭിച്ചത്. റിലയൻസ് കമ്മ്യൂണിക്കേഷൻസ്, റിലയൻസ് ഹോം ഫിനാൻസ്, റിലയൻസ് കൊമേഴ്‌സ്യൽ ഫിനാൻസ്, റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ, റിലയൻസ് ക്യാപിറ്റൽ എന്നീ കമ്പനികളാണ് അന്വേഷണ പരിധിയിലുള്ളത്.
ബാങ്കുകളിൽനിന്നും ധനകാര്യ സ്ഥാപനങ്ങളിൽനിന്നും പൊതുപണം വകമാറ്റിയെന്നാണ് ഗ്രൂപ്പിനെതിരായ പ്രധാന ആരോപണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates