ഒറ്റ മാസം, 215ല്‍ നിന്ന് 20ലേക്ക്: വന്‍ തകര്‍ച്ച മുന്നില്‍ക്കണ്ട്‌ മമതയുടെ രാഷ്ട്രീയ സാമ്രാജ്യം

2021ലെ തെരഞ്ഞെടുപ്പില്‍ 215 എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയാണ് ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്കപ്പുറം പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്
mamata banerjee
മമത ബാനര്‍ജിAI Generated Image
Edited By:
Updated on
3 min read

കൊല്‍ക്കത്ത: വെല്ലുവിളികളെ അതിജീവിക്കുന്ന സ്വഭാവവും ബംഗാളിന്റെ രാഷ്ട്രീയ മനോഭാവം കൃത്യമായി വായിച്ചെടുക്കാനുള്ള കഴിവും കൊണ്ട് സ്വന്തം പ്രസ്ഥാനം കെട്ടിപ്പടുത്ത നേതാവാണ് മമത ബാനര്‍ജി. എന്നാല്‍ പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്ന ശേഷമുള്ള കഴിഞ്ഞ ഒരു മാസം അവരുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിക്കാലമായി മാറിയിരിക്കുകയാണ്.

ഒരു മാസം മുമ്പ് വരെ, മമതയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് നിയമസഭയില്‍ ശക്തമായ ഭൂരിപക്ഷത്തോടെ നിലകൊണ്ടിരുന്നു. പാര്‍ട്ടിയുടെ മുഖവും അനിഷേധ്യ നേതാവും മമതയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയം ബംഗാളിന്റെ രാഷ്ട്രീയ ഭൂപടം തന്നെ മാറ്റിമറിച്ചു. അതിലും വലിയ ആഘാതമായിരുന്നു മമതയുടെ സ്വന്തം മണ്ഡലമായ ഭബാനിപുരില്‍ നിന്നുള്ള തോല്‍വി. വര്‍ഷങ്ങളായി അവരുടെ രാഷ്ട്രീയ കോട്ടയായി കണക്കാക്കപ്പെട്ടിരുന്ന മണ്ഡലത്തില്‍, ഇപ്പോഴത്തെ മുഖ്യമന്ത്രി സുവേന്ദു അധികാരിയോടാണ് അവര്‍ പരാജയപ്പെട്ടത്.

mamata banerjee
മമത പക്ഷം നേതാക്കളെ വിടാതെ കേന്ദ്ര ഏജന്‍സികള്‍; ഷൗക്കത്ത് മൊല്ലയുടെ വീട്ടില്‍ എന്‍ഐഎ റെയ്ഡ്, അഭിഷേക് ബാനര്‍ജിക്ക് നോട്ടീസ്

തോല്‍വിയോടെ, ടിഎംസിക്ക് നിയമസഭയിലെ അംഗബലം 80ലേക്ക് ചുരുങ്ങി. 2021ലെ തെരഞ്ഞെടുപ്പില്‍ 215 എംഎല്‍എമാരുണ്ടായിരുന്ന പാര്‍ട്ടിയാണ് ഏതാണ്ട് മൂന്നിലൊന്നായി ചുരുങ്ങിയത്. തെരഞ്ഞെടുപ്പ് തോല്‍വിക്കപ്പുറം പാര്‍ട്ടിയുടെ നിലനില്‍പ്പു തന്നെ പ്രതിസന്ധിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളത്. ബുധനാഴ്ച, ടിഎംസിയിലെ വിമത എംഎല്‍എമാരുടെ സംഘം 58 എംഎല്‍എമാരുടെ പിന്തുണാ കത്തുകള്‍ നിയമസഭാ സ്പീക്കറായ രതീന്ദ്ര ബോസിന് സമര്‍പ്പിച്ചു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ട ഋതബ്രത ബാനര്‍ജിയെ നിയമസഭാകക്ഷി നേതാവായി അംഗീകരിക്കണമെന്നും പ്രതിപക്ഷ നേതൃസ്ഥാനം അദ്ദേഹത്തിന് നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. സ്്പീക്കറുടെ അനുമതി ലഭിച്ചതോടെ, ടിഎംസിയുടെ മൂന്നില്‍ രണ്ട് എംഎല്‍എമാര്‍ മമതയില്‍ നിന്ന് അകന്നുപോയെന്ന സന്ദേശമാണ് പുറത്തുവന്നത്.

ഏതാനും ദിവസങ്ങള്‍ മുമ്പാണ് ഋതബ്രത ബാനര്‍ജിയെയും മറ്റൊരു എംഎല്‍എയായ സന്ദിപന്‍ ഷായെയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആരോപിച്ച് ടിഎംസി പുറത്താക്കിയത്. എന്നാല്‍ ഈ നടപടി പാര്‍ട്ടിക്കുള്ളിലെ കലാപം അവസാനിപ്പിക്കുന്നതിന് പകരം അതിന് കൂടുതല്‍ വേഗം നല്‍കിയെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.

ഉയര്‍ച്ചയും വീഴ്ചയും

അതിവേഗത്തിലായിരുന്നു ബംഗാളില്‍ ടിഎംസിയുടെ വളര്‍ച്ച. 2011ല്‍ ഇടതുമുന്നണിക്കെതിരായ ജനവികാരത്തെ മുതലാക്കി പാര്‍ട്ടി 184 സീറ്റുകള്‍ നേടി. സഖ്യകക്ഷികളുമായി ചേര്‍ന്ന് 34 വര്‍ഷം നീണ്ട ഇടതുമുന്നണി ഭരണത്തിന് അന്ത്യം കുറിച്ചു. 2016ല്‍ 211 സീറ്റുകള്‍ നേടി ആധിപത്യം ഉറപ്പാക്കി. 2021ല്‍ മമതയുടെ നേതൃത്വത്തില്‍ 294 അംഗ നിയമസഭയില്‍ 215 സീറ്റുകള്‍ നേടി പാര്‍ട്ടി അതിന്റെ ഔന്നത്യത്തിലെത്തി. എന്നാല്‍ ഇന്ന്, മൂന്ന് പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ ഏറ്റവും വലിയ വെല്ലുവിളിയാണ് മമത നേരിടുന്നത്. തെരഞ്ഞെടുപ്പ് പരാജയങ്ങളും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളും സംഘടനാപരമായ കലാപങ്ങളും ആശയപരമായ പോരാട്ടങ്ങളും അവര്‍ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോഴത്തെ പ്രതിസന്ധി അവരുടെ അധികാരത്തിന്റെ അടിസ്ഥാനമായ പാര്‍ട്ടി നിയന്ത്രണത്തെ നേരിട്ട് ബാധിക്കുന്നതാണ്.

തെരഞ്ഞെടുപ്പില്‍ തോറ്റതോടെ പാര്‍ട്ടി പിളര്‍ന്നതില്‍ വലിയ അദ്ഭുതമില്ലെന്നാണ് രാഷ്ട്രീയ വിശകലന വിദഗ്ധനായ ശുഭോമയ് മിത്ര പറയുന്നത്. ഇടതുമുന്നണിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യം 2011ല്‍ തന്നെ ടിഎംസി കൈവരിച്ചു. അതിന് ശേഷം പാര്‍ട്ടിക്ക് ശക്തമായ ആശയ അടിത്തറയോ സംസ്ഥാന വികസനത്തിനുള്ള ദീര്‍ഘവീക്ഷണമോ ഉണ്ടായിരുന്നില്ല. അതിനാല്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താന്‍ വ്യക്തിപരമായ താല്‍പര്യങ്ങള്‍ മാത്രമാണ് ശേഷിച്ചതെന്നും അദ്ദേഹം പറയുന്നു. നിയന്ത്രണം പൂര്‍ണമായും കൈവിട്ടുപോകുന്നത് തടയാന്‍ ടിഎംസി നിരവധി സംഘടനാ സമിതികളും അനുബന്ധ ഘടകങ്ങളും പിരിച്ചുവിട്ടിട്ടുണ്ട്. പാര്‍ട്ടി ഔദ്യോഗികമായി പിളരുന്നത് തടയാനുള്ള അവസാന ശ്രമമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

mamata banerjee
പവാറിന്റെ വഴിയോ മമത, പാര്‍ട്ടിയും ചിഹ്നവും നഷ്ടമാകുമോ?; ബംഗാളില്‍ ഋതബ്രത പ്രതിപക്ഷ നേതാവ്

തന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ ബിജെപി 'പണം, അറസ്റ്റ്, ഭീഷണി' എന്നിവ ഉപയോഗിക്കുന്നുവെന്ന് മമത ബാനര്‍ജി ആരോപിക്കുന്നു. ബംഗാളിലെ പ്രതിപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലപ്പെടുത്താനുള്ള ഗൂഢശ്രമമാണ് നടക്കുന്നതെന്നും അവര്‍ പറയുന്നു. അതേസമയം വിമതരെ ഉടന്‍ ബിജെപിയിലേക്ക് ഉള്‍പ്പെടുത്താനുള്ള താല്‍പര്യം ബിജെപിക്കില്ലെന്നാണ് നിരീക്ഷകര്‍ പറയുന്നത്. മഹാരാഷ്ട്രയില്‍ നടന്ന രാഷ്ട്രീയ സംഭവവികാസങ്ങളാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നത്. അവിടെ ഏക്‌നാഥ് ഷിന്‍ഡേയുടെ നേതൃത്വത്തില്‍ രൂപപ്പെട്ട വിമത വിഭാഗത്തെ പ്രത്യേക രാഷ്ട്രീയ ശക്തിയായി വളരാന്‍ ബിജെപി അനുവദിച്ചിരുന്നു. ഇപ്പോള്‍ ബംഗാളിലും 'ഷിന്‍ഡെ മോഡല്‍' എന്ന ചര്‍ച്ച ശക്തമാകുന്നത് സമാന രാഷ്ട്രീയ പുനഃക്രമീകരണത്തിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

തിരിച്ചുവരവ് സാധ്യമോ?

70 വയസ് പിന്നിട്ട മമതയ്ക്ക്, മുമ്പത്തെ അതേ ഊര്‍ജത്തോടെ തിരിച്ചുവരവ് പ്രയാസമാണെന്ന് ചിലര്‍ വിലയിരുത്തുന്നു. എന്നാല്‍ മമതയുടെ രാഷ്ട്രീയ ജീവിതത്തിന് ഇതോടെ വിരാമമിടുന്നത് തെറ്റായ നിരീക്ഷണമാകുമെന്ന് മറ്റുചിലര്‍ ചൂണ്ടിക്കാണിക്കുന്നു. 34 വര്‍ഷം ഭരിച്ച ഇടതുമുന്നണിയെ പുറത്താക്കുകയും, പലവട്ടം രാഷ്ട്രീയ അസ്തമയം പ്രവചിക്കപ്പെട്ടിട്ടും അതിനെ അതിജീവിക്കുകയും, ഒരു പ്രാദേശിക പ്രസ്ഥാനത്തെ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള പ്രതിപക്ഷ പാര്‍ട്ടികളിലൊന്നാക്കി മാറ്റുകയും ചെയ്ത നേതാവാണ് അവര്‍. വിമത വിഭാഗം പോലും ഇപ്പോഴും മമതയെ പാര്‍ട്ടി അധ്യക്ഷയായി അംഗീകരിക്കുന്നുവെന്നത്് ശ്രദ്ധേയമാണ്. അതായത് അവരുടെ പ്രതിഷേധം മമതയ്ക്കെതിരെയല്ല, നിലവിലെ നേതൃത്വ ഘടനയ്ക്കെതിരെയാണെന്നാണ് സൂചന.

mamata banerjee
കർണ്ണാടകത്തിൽ സിദ്ധരാമയ്യയുടെ രാജി ഗവർണ്ണർ സ്വീകരിച്ചു; പുതിയ മന്ത്രിസഭാ ചർച്ചകൾക്കായി ഡികെയും സിദ്ധരാമയ്യയും ഡൽഹിയിൽ

ടിഎംസിയുടെ മുതിര്‍ന്ന നേതാവായ സൗഗത റോയിയുടെ അഭിപ്രായത്തില്‍, പോരാളിയായ മമത ഈ പ്രതിസന്ധിയും അതിജീവിക്കാന്‍ സാധ്യതയുണ്ട്. 'രാഷ്ട്രീയ ജീവിതത്തില്‍ ഇത്തരം പ്രതിസന്ധികള്‍ താല്‍ക്കാലികമാണ്. പത്ത് വര്‍ഷം മുമ്പ് ബിജെപിക്ക് നിയമസഭയില്‍ വെറും മൂന്ന് സീറ്റുകളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന് അവര്‍ എവിടെയാണെന്ന് നോക്കൂ.ഇതും ശാശ്വതമല്ല. മമത കാത്തിരിക്കണം. വിമതരെന്ന് പറയപ്പെടുന്ന എംഎല്‍എമാരും വൈകാതെ പാര്‍ട്ടിയിലേക്ക് മടങ്ങിവരും' -സൗഗത റോയ് പറയുന്നു. അഭിഷേക് ബാനര്‍ജിക്കെതിരെ പാര്‍ട്ടിയില്‍ ഉയരുന്ന വികാരം കൈകാര്യം ചെയ്യാന്‍ മമതയ്ക്ക് കഴിയുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

മമത ബാനര്‍ജിക്ക് ഒരിക്കല്‍ കൂടി പ്രതിസന്ധിയെ അവസരമാക്കി മാറ്റാന്‍ കഴിയുമോ എന്ന ചോദ്യമാണ് ഇപ്പോള്‍ ബംഗാള്‍ രാഷ്ട്രീയത്തില്‍ പ്രധാനമായും ഉയരുന്നത്. രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്താന്‍ അവര്‍ക്ക് കഴിഞ്ഞാല്‍, സ്വന്തം ജനപ്രീതിയും പാര്‍ട്ടിയിലെ സ്വാധീനവും നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. എന്നാല്‍ അതില്‍ പരാജയപ്പെട്ടാല്‍, ഇടതുമുന്നണിയുടെ തകര്‍ച്ചയ്ക്ക് ശേഷം ബംഗാള്‍ കണ്ട ഏറ്റവും വലിയ രാഷ്ട്രീയ സാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ തുടക്കമായി ഈ പ്രതിസന്ധി ചരിത്രത്തില്‍ ഇടംനേടും.

Summary

From 215 to 20 in a month: The stunning collapse of Mamata's political empire

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com