ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 35 പാക് യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു

ഇന്ത്യാ വിരുദ്ധ ഉള്ളടക്കം; 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്രം നിരോധിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on
2 min read

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധവും വ്യാജവുമായ വാർത്തകൾ പ്രചരിപ്പിച്ച 35 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും കേന്ദ്ര സർക്കാർ നിരോധിച്ചു. വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഇൻറർനെറ്റിലൂടെ ഇന്ത്യാ വിരുദ്ധ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് രണ്ട് ട്വിറ്റർ അക്കൗണ്ടുകൾ, രണ്ട് ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ, ഒരു ഫെയ്സ്ബുക്ക് അക്കൗണ്ട് എന്നിവയും നിരോധിച്ചിട്ടുണ്ട്.

ബ്ലോക്ക് ചെയ്‌ത യൂട്യൂബ് അക്കൗണ്ടുകൾക്ക് മൊത്തം ഒരു കോടി 20 ലക്ഷത്തിലധികം വരിക്കാരുണ്ട്. ഈ വീഡിയോകൾ 130 കോടിയിലധികം വ്യൂ ആണ് ഇതുവരെ രേഖപ്പെടുത്തിയിരുന്നത്. 

2021ലെ ഇൻഫർമേഷൻ ടെക്‌നോളജി ചട്ടം 16 പ്രകാരം പുറപ്പെടുവിച്ച അഞ്ച് വ്യത്യസ്ത ഉത്തരവുകൾ അനുസരിച്ച്, പാകിസ്ഥാൻ അടിസ്ഥാനമാക്കിയുള്ള ഈ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്യുന്നുവെന്നാണ് സർക്കാരിന്റെ ഉത്തരവ് പറയുന്നത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ ഈ സാമൂഹിക മാധ്യമ അക്കൗണ്ടുകളും വെബ്‌സൈറ്റുകളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയും അടിയന്തര നടപടി സ്വീകരിക്കാൻ മന്ത്രാലയത്തിനെ അറിയിച്ചതായും റിപ്പോർട്ടിൽ പറയുന്നു. 

മന്ത്രാലയം ബ്ലോക്ക് ചെയ്ത 35 അക്കൗണ്ടുകളും പാകിസ്ഥാനിൽ നിന്ന് പ്രവർത്തിക്കുന്നവയാണ്. ഇവ വ്യാജ വിവര ശൃംഖലകളുടെ ഭാഗമാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. 14 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന അപ്നി ദുനിയ നെറ്റ്‌വർക്ക്, 13 യൂട്യൂബ് ചാനലുകൾ പ്രവർത്തിപ്പിക്കുന്ന തൽഹ ഫിലിംസ് നെറ്റ്‌വർക്ക് എന്നിവ ഇതിൽ ഉൾപ്പെടുന്നു. നാല് ചാനലുകളുടെ ഒരു ശൃംഖലയും മറ്റ് രണ്ട് ചാനലുകളുടെ ഒരു ശൃംഖലയും പരസ്പരം സമന്വയത്തിൽ പ്രവർത്തിക്കുന്നതായും കണ്ടെത്തി.

ഈ ശൃംഖലകളെല്ലാം ഇന്ത്യയെ കുറിച്ച് വ്യാജ വാർത്തകൾ പ്രചരിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെയാണ് പ്രവർത്തിക്കുന്നത്. ഒറ്റ ശൃംഖലയുടെ ഭാഗമായ ചാനലുകൾ പൊതുവായ ഹാഷ്‌ടാഗുകളും എഡിറ്റിങ് ശൈലികളും ആണ് ഉപയോഗിക്കുന്നത്. ഒരേ വ്യക്തികൾ കൈകാര്യം ചെയ്യുന്ന ഈ ചാനലുകൾ പരസ്പരം ഉള്ളടക്കം പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പാകിസ്ഥാൻ ടിവി വാർത്താ ചാനലുകളുടെ അവതാരകരാണ് ചില യൂട്യൂബ് ചാനലുകൾ നടത്തിയിരുന്നത്.

നിരോധിച്ച യുട്യൂബ് ചാനലുകൾ, വെബ്‌സൈറ്റുകൾ, മറ്റ് സാമൂഹിക മാധ്യമ അക്കൗണ്ടുകൾ എന്നിവ ഇന്ത്യയുമായി ബന്ധപ്പെട്ട വൈകാരിക വിഷയങ്ങളെക്കുറിച്ച് ഇന്ത്യാ വിരുദ്ധ വ്യാജ വാർത്തകൾ പ്രചരിപ്പിക്കാൻ പാകിസ്ഥാൻ ഉപയോഗിച്ചു. ഇന്ത്യൻ സൈന്യം, ജമ്മു കശ്മീർ, മറ്റ് രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വിദേശ ബന്ധം തുടങ്ങിയ വിഷയങ്ങൾ ഇതിൽ ഉൾപ്പെടുന്നു. 

അന്തരിച്ച മുൻ സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗവുമായി ബന്ധപ്പെട്ട് യൂട്യൂബ് ചാനലുകൾ വഴി വ്യാപകമായ വ്യാജവാർത്തകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ യുട്യൂബ് ചാനലുകൾ അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് എതിരായ ഉള്ളടക്കം പോസ്റ്റ് ചെയ്യാൻ തുടങ്ങിയിരുന്നു.

വിഘടന വാദത്തെ പ്രോത്സാഹിപ്പിക്കാനും, ഇന്ത്യയെ മതത്തിന്റെ പേരിൽ വിഭജിക്കാനും, ഇന്ത്യൻ സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുത സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള ഉള്ളടക്കം അടങ്ങുന്ന പരിപാടികൾ ഈ ചാനലുകൾ പ്രചരിപ്പിച്ചു. രാജ്യത്തെ പൊതു സമാധാനത്തെ പ്രതികൂലമായി ബാധിക്കുന്ന കുറ്റകൃത്യങ്ങളിലേക്ക് ജനങ്ങളെ പ്രേരിപ്പിക്കാൻ ഇത്തരം പരിപാടികൾക്ക് കഴിഞ്ഞേക്കാം എന്ന് ആശങ്കയുണ്ടായിരുന്നു.

ഇന്ത്യാ വിരുദ്ധ വ്യാജ വാർത്താ ശൃംഖലകൾക്കെതിരെ, 2021 ഡിസംബറിൽ 2021-ലെ ഐടി ചട്ടങ്ങളുടെ കീഴിലുള്ള അടിയന്തര അധികാരങ്ങൾ ആദ്യമായി ഉപയോഗിച്ച് കേന്ദ്രം 20 യൂട്യൂബ് ചാനലുകളും രണ്ട് വെബ്‌സൈറ്റുകളും ബ്ലോക്ക് ചെയ്തിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com